ഡാനിഷ് സിദ്ദിഖിക്ക് വീണ്ടും പുലിറ്റ്സര്‍; ഇന്ത്യയിലെ കോവിഡ് മരണ ചിത്രങ്ങള്‍ക്കാണ് പുരസ്‌കാരം

ഡാനിഷ് സിദ്ദിഖിക്ക് വീണ്ടും പുലിറ്റ്സര്‍; ഇന്ത്യയിലെ കോവിഡ് മരണ ചിത്രങ്ങള്‍ക്കാണ് പുരസ്‌കാരം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിക്ക് മരണാനന്തര ബഹുമതിയായി വീണ്ടും പുലിറ്റ്സര്‍ പുരസ്‌കാരം. ഇന്ത്യയില്‍ കോവിഡ് മരണം വ്യാപകമായ സമയത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

രണ്ടാം കോവിഡ് തരംഗത്തില്‍ മരണമടഞ്ഞവരുടെ ചിതകള്‍ കൂട്ടത്തോടെ എരിയുന്ന ഡാനിഷിന്റെ ചിത്രം ലോക മന:സാക്ഷിയെ മുറിവേല്‍പ്പിക്കുന്നതായിരുന്നു. റോയിട്ടേഴ്‌സിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്നു ഡാനിഷ് സിദ്ദിഖി.



റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതജീവിതം ക്യാമറയില്‍ പകര്‍ത്തിയതിന് 2018 പുലിറ്റ്സര്‍ പുരസ്‌കാരം നേടിയിരുന്നു.
2021 ജൂലൈയിൽ അഫ്ഗാന്‍ സുരക്ഷാ സേനയും താലിബാന്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയില്‍ നിന്നാണ് ഡാനിഷ് സിദ്ദിഖി സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്.

തുടര്‍ന്ന് ജാമിയയിലെ എ ജെ കെ മാസ് കമ്യൂണിക്കേഷന്‍ റിസര്‍ച്ച്‌ സെന്ററില്‍നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം നേടി. ടെലിവിഷന്‍ വാര്‍ത്താ ലേഖകനായാണ് സിദ്ദിഖി തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ഫോട്ടോ ജേര്‍ണലിസത്തിലേക്ക് ചുവട് മാറി. 2010ലാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സില്‍ ചേര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.