സ്വദേശിവല്‍ക്കരണ നിർദ്ദേശം പാലിക്കാത്ത കമ്പനികള്‍ക്ക് പിഴ കിട്ടുമെന്ന് ഓർമ്മപ്പെടുത്തി യുഎഇ

സ്വദേശിവല്‍ക്കരണ നിർദ്ദേശം പാലിക്കാത്ത കമ്പനികള്‍ക്ക് പിഴ കിട്ടുമെന്ന് ഓർമ്മപ്പെടുത്തി യുഎഇ

യുഎഇ: യുഎഇയിലെ തൊഴില്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണ നിരക്ക് ഉയർത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. 50 തൊഴിലാളികളോ അതില്‍ കൂടുതലോ ജോലി ചെയ്യുന്ന കമ്പനികളില്‍ വൈദഗ്ധ്യമുളള ജോലികളിലെ സ്വദേശിവല്‍ക്കരണ നിരക്ക് 2 ശതമാനമായി ഉയർത്താനാണ് തീരുമാനം. 

എല്ലാ സാമ്പത്തിക മേഖലകളിലും പൗരന്മാർക്ക് പ്രതിവർഷം 12,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. 

സ്വകാര്യമേഖലയില്‍ സ്വദേശികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുളള വിവിധ നിർദ്ദേശങ്ങള്‍ക്കും അംഗീകാരം നല്‍കി. സ്വദേശി പൗരന്മാരുടെ പരിശീലനത്തിന്‍റെയും ജോലിയുടെയും കാര്യത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുന്ന സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ക്ക് മാനവ വിഭവ ശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയത്തിന്‍റെ സേവന ഫീസില്‍ 80 ശതമാനം ഇളവുനല്‍കുന്നതടക്കമുളളതും പുതിയ നിർദ്ദേശങ്ങളില്‍ പ്രധാനമാണ്.

അതേസമയം മാനദണ്ഡം കൃത്യമായി പാലിക്കാത്ത കമ്പനികള്‍ 2023 ജനുവരി മുതല്‍ ഓരോ പൗരനുമെന്ന രീതിയില്‍ പ്രതിമാസം 6000 ദിർഹം പിഴ അടയ്ക്കേണ്ടിവരും. അതായത് എത്ര ജോലിക്കാരുണ്ടോ അതിന്‍റെ കൃത്യമായ ശതമാനം സ്വദേശികളെ നിയമിക്കണമെന്നുളള നിയമത്തില്‍ അനുസൃതമായി വേണം കമ്പനികള്‍ പ്രവർത്തിക്കാന്‍ എന്നുളളതാണ് നിർദ്ദേശം.

2021 സെപ്റ്റംബർ മുതല്‍ 2022 മാർച്ച് വരെ സ്വകാര്യമേഖലയില്‍ ചേർന്ന സ്വദേശികളുടെ എണ്ണം 5558 ആണെന്നും പുതിയ ജീവനക്കാരെ നിയമിച്ച കമ്പനികളുടെ എണ്ണം 1774 ആയി വർദ്ധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.