ഹാലിളകി ഗര്‍ഭച്ഛിദ്രാനുകൂലികള്‍: അമേരിക്കയില്‍ പള്ളികള്‍ക്ക് നേരെ വീണ്ടും വ്യാപക അക്രമം; സുപ്രീം കോടതി ജസ്റ്റിസുമാര്‍ക്ക് സുരക്ഷ ശക്തമാക്കി

ഹാലിളകി ഗര്‍ഭച്ഛിദ്രാനുകൂലികള്‍: അമേരിക്കയില്‍ പള്ളികള്‍ക്ക് നേരെ വീണ്ടും വ്യാപക അക്രമം; സുപ്രീം കോടതി ജസ്റ്റിസുമാര്‍ക്ക് സുരക്ഷ ശക്തമാക്കി

വാഷിങ്ടണ്‍: ഗര്‍ഭച്ഛിദ്ര നിയമം അസാധുവാക്കിയേക്കുമെന്നുള്ള സൂചനയെ തുടര്‍ന്ന് ഗര്‍ഭച്ഛിദ്രാനുകൂലികള്‍ അമേരിക്കയിലാകെ വ്യാപക ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് സുരക്ഷ ശക്തമാക്കി സര്‍ക്കാര്‍. ഗര്‍ഭച്ഛിദ്രാനുകൂലികള്‍ ക്രൈസ്ത ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നതിന് പിന്നാലെ ജുഡീഷ്യറിക്കും ഭീഷണി ഉണ്ടാകുമെന്ന് കണ്ടതോടെയാണ് വിഷയത്തില്‍ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചത്.

വിര്‍ജീനിയയിലെ അലക്‌സാന്‍ട്രിയയിലുള്ള ജസ്റ്റിസ് സാമുവല്‍ അലിറ്റോയുടെ വീട്ടില്‍ തിങ്കളാഴ്ച രാത്രി പ്രതിഷേധക്കാരെത്തി അതിക്രമിച്ചു കടക്കാന്‍ ശ്രമം നടത്തി. ജഡ്ജിക്ക് നേരെയും കോടതിക്കെതിരെയും ആക്രോശം നടത്തുകയും കോടതി നടപടികളെ വിമര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് ജസ്റ്റിസ് ബ്രെറ്റ് കവനോവിന്റെ വീട്ടില്‍ നിന്ന് മേരിലാന്‍ഡിലെ ഷെവി ചേസിലുള്ള ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സിന്റെ വീട്ടിലേക്ക് നൂറോളം പേരടങ്ങുന്ന ഗര്‍ഭച്ഛിദ്രാനുകൂലികള്‍ മാര്‍ച്ച് നടത്തി. സമാനമായ രീതിയില്‍ ജഡ്ജിമാര്‍ക്ക് നേരെ ആക്രോശം അഴിച്ചുവിട്ടു.

ഇതേ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ ജഡ്ജിമാരുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. യുഎസ് മാര്‍ഷല്‍സ് സര്‍വീസിനാണ് അധിക സുരക്ഷാ ചുമതല. ജഡ്ജിമാരുടെ സംരക്ഷണത്തിനായി സാധാരണയായി ചുമതലപ്പെടുത്തിയിരിക്കുന്ന ഏജന്‍സികളെ സഹായിക്കുകയാണ് ഇവരുടെ ദൗത്യം.

ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കഴിഞ്ഞ ദിവസങ്ങളിലും വ്യാപക ആക്രമണങ്ങള്‍ ഉണ്ടായി. കൊളറാഡോ ഡെന്‍വറിന് വടക്കുള്ള ഫോര്‍ട്ട് കോളിന്‍സിലെ സെന്റ് ജോണ്‍ 23-ാമന്‍ ഇടവകയില്‍ 'മൈ ബോഡി മൈ ചോയ്‌സ്' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമേന്തി എത്തിയ പ്രതിഷേധക്കാര്‍ പള്ളിയുടെ പുറം ചില്ലുകള്‍ തകര്‍ത്തു. ചുമരുകളില്‍ 'അരാജകത്വം' സൂചിപ്പിക്കുന്ന 'എ' ചിഹ്നം വരച്ച് വികൃതമാക്കി. ഇതിനു തൊട്ടടുത്തുള്ള സേക്രഡ് ഹാര്‍ട്ട് ഓഫ് മേരി ഇടവക പള്ളിയിലും പ്രതിഷേധക്കാരെത്തി ഗര്‍ഭച്ഛിദ്രത്തിന് അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതി പള്ളിച്ചുമരുകള്‍ വികൃതമാക്കി.



ന്യൂയോര്‍ക്ക് ലോവര്‍ മാന്‍ഹട്ടനിലെ സെന്റ് പാട്രിക്‌സ് ഓള്‍ഡ് കത്തീഡ്രല്‍ ബസിലിക്കയിലേക്ക് ഗര്‍ഭച്ഛിദ്രാനുകൂലികള്‍ പ്രകടമായെത്തി പള്ളിക്ക് സമീപമുള്ള അബോര്‍ഷന്‍ ക്ലിനിക്കിലേക്ക് എല്ലാമാസം നടത്താറുള്ള പ്രതിഷേധ മാര്‍ച്ച് തടസപ്പെടുത്തി. തുടര്‍ന്നുണ്ടായ അക്രമസംഭവത്തില്‍ ഒരു ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിക്ക് മര്‍ദ്ദനമേറ്റു. പള്ളി ബോംബിട്ട് തകര്‍ക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായി വികാരി ഫാ. ബ്രയാന്‍ ഗ്രെബ് പറഞ്ഞു.

ടെക്‌സാസ് കാറ്റിയിലെ സെന്റ് ബര്‍ത്തലോമിയോ കത്തോലിക്കാ പള്ളിയിലും ഹൂസ്റ്റണിലെ ഹോളി റോസറി കാത്തോലിക്ക പള്ളിയിലും അക്രമികളെത്തി കവര്‍ച്ച നടത്തുകയും പള്ളിച്ചുവരുകളില്‍ മുദ്രാവാക്യങ്ങളെഴുതി വികൃതമാക്കുകയും ചെയ്തു. മനസാസിലെ പ്രോ-ലൈഫ് സെന്ററായ ഫസ്റ്റ് കെയര്‍ വിമന്‍സ് ഹെല്‍ത്ത് എന്ന സ്ഥാപനം പ്രതിഷേധക്കാര്‍ ആക്രമിച്ചു.

കെയ്സറിലെ ഒറിഗണ്‍ റൈറ്റ് ടു ലൈഫിന്റെ ഓഫീസുകള്‍ക്ക് നേരെയും ഗര്‍ഭച്ഛിദ്രാനുകൂലികളുടെ ആക്രമണം ഉണ്ടായി. പ്രതിഷേധക്കാര്‍ ഓഫീസിന് തീയിട്ടു. ഓഫീസ് ഉപകരണങ്ങളും ഫയലുകളും കത്തി നശിച്ചു. ഓഫീസിലേക്ക് എറിഞ്ഞ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് കെട്ടിടത്തിലേക്കും തീ പടര്‍ന്നു. ഈ സമയം ഓഫീസ് അടഞ്ഞു കിടക്കുകയായിരുന്നതിനാല്‍ ആളപായം ഒഴിവാക്കി. അഗ്‌നിശമനസേനയും പോലീസ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചെന്ന് പോലീസ് പറഞ്ഞു.



പ്രതിഷേധം നടത്താന്‍ പൗരന് അവകാശമുണ്ടെന്നും എന്നാല്‍ അക്രമമോ ഭീഷണിയോ നശീകരണമോ ഉണ്ടാകരുതെന്നും വൈറ്റ് ഹൗസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സര്‍ക്കാരിന്റെ മുന്നറിയിപ്പ് ലംഘിച്ചാണ് ഇപ്പോള്‍ വ്യാപക ആക്രമണങ്ങള്‍ ഗര്‍ഭച്ഛിദ്രാനുകൂലികള്‍ അഴിച്ചുവിടുന്നത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ മാര്‍ഷല്‍സ് സര്‍വീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

അമേരിക്കയൊട്ടാകെ ഗര്‍ഭച്ഛിദ്ര നിരോധന നിയമം കൊണ്ടുവന്നേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ കഴിഞ്ഞ ഞായറാഴ്ച്ച മുതലാണ് പള്ളികളിലും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഇവര്‍ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. പള്ളികളില്‍ സംഘടിതമായ ആക്രമണം നടത്തണമെന്ന് അമേരിക്കയിലെ ഗര്‍ഭച്ഛിദ്ര അനുകൂല സംഘടനയായ റൂത്ത് സെന്‍ഡ് അസ് ട്വിറ്റ് ചെയ്തതിനു പിന്നാലെയാണ് ഇത്തരം സംഭവങ്ങള്‍ വ്യാപകമായത്.



ഗര്‍ഭച്ഛിദ്ര അനുകൂലികളുടെ ദേവാലയങ്ങള്‍ക്കെതിരെയുള്ള അക്രമ ഭീഷണികള്‍ക്ക് മറുപടിയായി ഫാത്തിമ മാതാവിന്റെ തിരുനാള്‍ ദിനമായ മെയ് 13ന് ഉപവാസ പ്രാര്‍ത്ഥന നടത്താന്‍ രാജ്യമെമ്പാടുമുള്ള കത്തോലിക്കരോട് യുഎസ് ബിഷപ്പ് കോണ്‍ഫറന്‍സ് അഭ്യര്‍ഥിച്ചു. ഗര്‍ഭച്ഛിദ്രത്തിന് വേണ്ടി വാദിക്കുന്നവരുടെ ഹൃദയവും മനസും പരിവര്‍ത്തനം ചെയ്യുന്നതിനായി ജപമാലയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണമെന്ന് ബാള്‍ട്ടിമോറിലെ ആര്‍ച്ച് ബിഷപ്പ് വില്യം ലോറി, പ്രോ-ലൈഫ് ആക്ടിവിറ്റീസ് ബിഷപ്പ് കമ്മിറ്റി ചെയര്‍മാനും ലോസ് ഏഞ്ചല്‍സിലെ ആര്‍ച്ച് ബിഷപ്പുമായി ജോസ് ഗോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.

യുഎസില്‍ ഗര്‍ഭഛിദ്രത്തിനു നിയമസാധുത നല്‍കിയ 1973 ലെ റോ വേഡ് കേസിലെ വിധി അസാധുവാക്കിയേക്കുമെന്നുള്ള സുപ്രീം കോടതിയില്‍ നിന്നുണ്ടായ സൂചനകളാണ് ഗര്‍ഭച്ഛിദ്രാനുകൂലികളെ ഈ നിലയില്‍ ക്ഷുഭിതരാക്കിയത്. നിലവിലുള്ള ഗര്‍ഭഛിദ്ര നിയമത്തെ മറികടന്നു അബോര്‍ഷന്‍ നിരോധിക്കാനുള്ള ഉത്തരവിന് ജഡ്ജിമാര്‍ക്കിടയില്‍ ഭൂരിപക്ഷാഭിപ്രായം ഉണ്ടായെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.



അഞ്ച് ജഡ്ജിമാര്‍ ഗര്‍ഭഛിദ്രം അനുവദിച്ചുള്ള നിയമത്തിനെതിരെ നിലപാടെടുത്തപ്പോള്‍ മൂന്ന് പേര്‍ നിയമത്തെ അനുകൂലിച്ചു. ജൂണില്‍ അന്തിമ വിധി വരാനിരിക്കെയാണ് ഗര്‍ഭച്ഛിദ്രാനുകൂലികള്‍ രാജ്യത്താകെ വ്യാപകമായ ആക്രണം അഴിച്ചുവിടുന്നത്.


മുന്‍ വാര്‍ത്തകള്‍ വായിക്കാന്‍:-

https://cnewslive.com/news/28209

https://cnewslive.com/news/27918/in-the-us-there-may-be-a-law-banning-abortion-al



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.