ഇസ്രായേല്‍: യാത്രക്കാരുടെ മൊബൈല്‍ ഫോണില്‍ വിമാനാപകടത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഇസ്രായേലില്‍ നിന്ന് ഇസ്താംബൂളിലേക്ക് തിരിച്ച തുര്‍ക്കിഷ് വിമാനത്തിന്റെ യാത്ര തടസപ്പെട്ടു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനായി റണ്‍വേയില്‍ നിന്ന് കുതിക്കാന്‍ ഒരുങ്ങവെയാണ് യാത്രക്കാരുടെ മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പ്രചരിച്ചത്. ക്രൂ അംഗങ്ങള്‍ ക്യാപ്റ്റനെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് യാത്ര അവസാനിപ്പിച്ച് വിമാനം റണ്‍വേയില്‍ നിന്ന് ടെര്‍മിനലിലേക്ക് തിരിച്ചിറക്കി.
ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ അനഡോലുജെറ്റ് ബോയിംഗ് 737 ബോയിങ് വിമാനത്തിലാണ് സംഭവവികാസങ്ങള്‍ അരങ്ങേറിയത്. വിമാനത്തില്‍ 160 യാത്രക്കാരും ഉണ്ടായിരുന്നു. സംഭവം അറിഞ്ഞതോടെ വിമാനത്താവള സുരക്ഷാ സേന എത്തി യാത്രക്കാരെ പുറത്തിറക്കി.
പരിഭ്രാന്തരായ യാത്രക്കാര്‍ തിടുക്കത്തില്‍ വിമാനത്തിന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ക്ക് പരിക്കേറ്റു. പുറത്തിറങ്ങിയ യാത്രക്കാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷം ലോബിയിലേക്ക് അയച്ചു. ലഗേജുകളും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി.
വിമാനത്തില്‍ നിരവധി ഇസ്രയേലി യുവാക്കള്‍ ഉണ്ടായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നാകാം ചിത്രങ്ങള്‍ പ്രചരിച്ചതെന്നാണ് സുരക്ഷാസേന സംശയിക്കുന്നത്. ആപ്പിളിന്റെ ഫയല്‍ കൈമാറ്റ ആപ്പായ എയര്‍ഡ്രോപ്പ് വഴി സഹയാത്രക്കാരുടെ ഐ ഫോണുകളിലേക്കാണ് ചിത്രങ്ങള്‍ എത്തിയത്.
2009ല്‍ നെതര്‍ലാന്‍ഡില്‍ തകര്‍ന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിന്റെയും 2013ല്‍ യുഎസില്‍ നടന്ന മറ്റൊരു വിമാനാപകടത്തിന്റെയും ചിത്രങ്ങളായിരുന്നു അത്. ഹീബ്രു ഭാഷയിലെ കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത ഇസ്രയേലി യുവാക്കളെ വിശദമായി ചോദ്യം ചെയ്തുവരികെയാണ്.
വിമാനപ്പറക്കലിന്റെ നടപടിക്രമങ്ങള്‍ രണ്ടാമതും അവര്‍ത്തിച്ച ശേഷം അഞ്ച് മണിക്കൂര്‍ വൈകിയാണ് വിമാനം യാത്ര ആരംഭിച്ചത്. രണ്ടാഴ്ച്ച മുന്‍പും ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ സുരക്ഷാഭീഷണി ഉണ്ടായിരുന്നു.
യുഎസില്‍ നിന്നുള്ള ഒരു കുടുംബം ചെക്ക്-ഇന്‍ സമയത്ത് ഭീരങ്കിയുടെ മാതൃക നിര്‍മിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. ഇസ്രയേലില്‍ നിന്നുള്ള സ്മാരകം എന്ന നിലയില്‍ വിട്ടിലേക്ക് കൊണ്ടുപോകുന്നതിന് ചെയ്തതായിരുന്നു അത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.