തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെ.വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അറിയിച്ചു. എഐസിസിയുടെ അംഗീകാരത്തോടെയാണ് നടപടിയെന്നും സുധാകരന്‍ പറഞ്ഞു. തൃക്കാക്കരയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടപടി.
കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് സര്‍ക്കാരിനെയും കെ.വി തോമസ് പുകഴ്ത്തി സംസാരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വികസന നായകനാണ്. പ്രതിസന്ധികളെ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ പിണറായിക്ക് സാധിക്കും. ഇന്ത്യയെ നയിക്കാന്‍ കഴിവുള്ള വ്യക്തിയാണ് പിണറായിയെന്നും കെ.വി തോമസ് കണ്‍വെന്‍ഷനില്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ ഭരണ കാലത്തുള്ളതിനേക്കാള്‍ മികച്ച വികസനമാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസിന്റെ മൃദുഹിന്ദു സമീപനം രാജ്യത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഇത്തവണ എല്‍ഡിഎഫ് നേടുമെന്ന് തോമസ് പ്രവചിച്ചു.
എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെ.വി തോമസ് വേദിയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് അദ്ദേഹത്തെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന് പാര്‍ട്ടിയുടെ സുപ്രധാന പദവികളില്‍ നിന്ന് കെ.വി തോമസിനെ നീക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.