കര്‍ദ്ദിനാള്‍ സെന്നിന്റെ അറസ്റ്റ്: വിശ്വാസികളെ ഭയപ്പെടുത്താനുള്ള ചൈനീസ് നീക്കമെന്ന് ആക്ഷേപം; ഹോങ്കോങ്ങില്‍ സഭയ്ക്ക് ആശങ്കയുടെ നാളുകള്‍

കര്‍ദ്ദിനാള്‍ സെന്നിന്റെ അറസ്റ്റ്: വിശ്വാസികളെ ഭയപ്പെടുത്താനുള്ള ചൈനീസ്  നീക്കമെന്ന് ആക്ഷേപം; ഹോങ്കോങ്ങില്‍ സഭയ്ക്ക് ആശങ്കയുടെ നാളുകള്‍

ഹോങ്കോങ്: ഏഷ്യയിലെ ഏറ്റവും മുതിര്‍ന്ന കത്തോലിക്കാ മെത്രാന്മാരിലൊരാളും ഹോങ്കോങ് രൂപത മുന്‍ ബിഷപ്പുമായ കര്‍ദ്ദിനാള്‍ ജോസഫ് സെന്നിനെ ദേശീയ സുരക്ഷാ കുറ്റം ചുമത്തി ചൈനീസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ആത്മീയ നേതാക്കളും വിശ്വാസികളും.

കര്‍ദ്ദിനാള്‍ ജോസഫ് സെന്നിനെതിരേയുള്ള നടപടിയില്‍ അങ്ങേയറ്റം ആശങ്കയുണ്ടെന്ന് ഹോങ്കോങ്ങിലെ കത്തോലിക്ക രൂപത പ്രസ്താവനയിലൂടെ പറഞ്ഞു. 'ഞങ്ങള്‍ എല്ലായ്‌പ്പോഴും നിയമവാഴ്ചയുടെ അന്തസത്ത ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ഭാവിയിലും ഹോങ്കോങ്ങില്‍ മതസ്വാതന്ത്ര്യം അനുഭവിച്ച് ജീവിക്കാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.


കര്‍ദ്ദിനാള്‍ സെന്നിന്റെ കേസ് നീതിക്ക് അനുസൃതമായി കൈകാര്യം ചെയ്യാന്‍ ഹോങ്കോംഗ് പോലീസിനോടും ജുഡീഷ്യല്‍ അധികാരികളോടും അഭ്യര്‍ത്ഥിച്ചാണ് പ്രസ്താവന അവസാനിക്കുന്നത്.

23-ാം സങ്കീര്‍ത്തനത്തില്‍നിന്നുള്ള, 'യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല' എന്ന വാക്യവും പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സഭയ്ക്ക് വരാനിരിക്കുന്നത് ആശങ്കയുടെ നാളുകള്‍

ചൈനയില്‍നിന്നുള്ള കത്തോലിക്ക വിശ്വാസികളും കര്‍ദിനാള്‍ ജോസഫ് സെന്നിന്റെ അറസ്റ്റിനെ അപലപിച്ച് രംഗത്തെത്തി. ഇത് ആളുകളെ ഭയപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കമാണെന്നും ഹോങ്കോങ്ങില്‍ വരാനിരിക്കുന്ന മോശമായ അന്തരീക്ഷത്തിന്റെ സൂചനയാണെന്നും ചൈനയിലെ കത്തോലിക്ക വിശ്വാസിയായ പീറ്റര്‍ (യഥാര്‍ത്ഥ പേരല്ല) പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് ഹോങ്കോങ്ങിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടിവായി മുന്‍ സുരക്ഷാമേധാവിയായ ജോണ്‍ ലീയെ തെരഞ്ഞെടുത്തത്. ചൈനയുടെ വിശ്വസ്തനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ജൂലൈ ഒന്നിനാണ് ജോണ്‍ ലീയുടെ അഞ്ച് വര്‍ഷ കാലാവധി ഔദ്യോഗികമായി ആരംഭിക്കുന്നത്.

എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കി, ചൈനയുടെ വിശ്വസ്തര്‍ക്ക് അധികാരമുറപ്പിക്കുന്നതിനായി ഹോങ്കോങ്ങിലെ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ കഴിഞ്ഞവര്‍ഷം ഭേദഗതി വരുത്തിയിരുന്നു. ലീ അധികാരത്തില്‍ വരുന്നതോടെ ഹോങ്കോങ്ങിലെ നിയന്ത്രണം ചൈന കൂടുതല്‍ കടുപ്പിക്കുമെന്ന ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.

90 വയസുകാരനായ ആത്മീയ നേതാവിന്റെ അറസ്റ്റും ഭരണമാറ്റവും തമ്മില്‍ കൂട്ടിക്കെട്ടാമെന്ന് പീറ്റര്‍ പറഞ്ഞു. ജോണ്‍ ലീ നല്‍കുന്ന ഒരു സൂചനയാണിത്. 'താന്‍ ചൈനയോട് വിശ്വസ്തനാണെന്നു കാണിക്കാനുള്ള ഒരു നീക്കം. സര്‍ക്കാരിനെതിരായ ശക്തികളോട് താന്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് ജനങ്ങളെ അറിയിക്കാനുള്ള മാര്‍ഗമായിരുന്നു അറസ്‌റ്റെന്ന് പീറ്റര്‍ കുറ്റപ്പെടുത്തി.

ജോണ്‍ ലീ, മുന്‍പ് ഹോങ്കോങ്ങിന്റെ സുരക്ഷാ മേധാവിയായി സേവനമനുഷ്ഠിച്ചപ്പോള്‍ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു.

ഭാവിയില്‍ ഹോങ്കോങ്ങിന്റെ മതസ്വതന്ത്ര്യം നിയന്ത്രിക്കപ്പെടാനും കത്തോലിക്കാ സഭ നിരന്തരമായി നിരീക്ഷിക്കപ്പെടാനുമുള്ള സാധ്യതകളിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നതെന്ന് പീറ്റര്‍ പറഞ്ഞു. കൂടുതല്‍ ചൈനീസ് കത്തോലിക്ക വിശ്വാസികള്‍ അറസ്റ്റില്‍ ഭയവും ദുഃഖവും പ്രകടിപ്പിച്ചിട്ടുണ്ട്. 'സത്യത്തിന്റെ ശബ്ദമായാണ് കര്‍ദ്ദിനാള്‍ സെന്‍ അറിയപ്പെടുന്നത്' എന്ന ഏകസ്വരത്തില്‍ അവര്‍ അഭിപ്രായപ്പെടുന്നു.

സര്‍ക്കാര്‍ നിരോധിച്ച ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫണ്ട് എന്ന സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ട് വിദേശശക്തികളുമായി ഒത്തുകളിച്ചു എന്ന ആരോപണത്തിലാണ് കര്‍ദ്ദിനാളിന്റെ അറസ്റ്റ്. ഗായകനും നടനുമായ ഡെനിസ് ഹോ, മുന്‍ നിയമസഭാംഗമായ മാര്‍ഗരറ്റ് എന്‍ജി, ഡോ. ഹുയി പോ ക്യൂങ് എന്നിവരാണ് കര്‍ദ്ദിനാളിനൊപ്പം അറസ്റ്റിലായ മറ്റുള്ളവര്‍. നാലു പേരും ട്രസ്റ്റിന്റെ ഭാരവാഹികളായി പ്രവര്‍ത്തിച്ചിരുന്നവരാണ്. മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും നിലകൊള്ളന്നവര്‍ക്കു വേണ്ടി നിയമ, ആരോഗ്യ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന സംഘടനയാണിത്. സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്ന് സംഘടനയെ പിരിച്ചുവിട്ടിരുന്നു.

ബുധനാഴ്ച്ച അറസ്റ്റിലായി മണിക്കൂറുകള്‍ക്കു ശേഷം ഹോങ്കോങ് ദ്വീപിലെ ചായ് വാന്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് നാലു പേരും ജാമ്യത്തില്‍ പുറത്തിറങ്ങി. 2002 മുതല്‍ 2009 വരെ ഹോങ്കോങ് രൂപതയുടെ മെത്രാനായിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ ജനാധിപത്യത്തിനു വേണ്ടി ശക്തമായി വാദിക്കുന്ന ആത്മീയ നേതാവാണ്. സംഭവം ആശങ്കയുളവാക്കുന്നതായി വത്തിക്കാനും പ്രതികരിച്ചിരുന്നു.

2020-ലാണ് ചൈനീസ് സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം നടപ്പില്‍ വരുത്തിയത്. നാളിതുവരെ ജനങ്ങള്‍ അനുഭവിച്ചുവന്നിരുന്ന പൗരാവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണ് നിയമം. 'രാജ്യദ്രോഹം', 'വിദേശ കൂട്ടുകെട്ട്' എന്നിവ ആരോപിച്ച് ജനാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്ന പൗരന്മാര്‍ക്കെതിരേ സര്‍ക്കാരിന് ക്രിമിനല്‍ കുറ്റം ചുമത്താം.

കൂടുതല്‍ വായനയ്ക്ക്:

ഹോങ്കോങില്‍ ചൈനീസ് ഭരണകൂടം കര്‍ദ്ദിനാളിനെ അറസ്റ്റ് ചെയ്തു: ലോകമെങ്ങും പ്രതിഷേധം; അറസ്റ്റ് ദേശീയ സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ച്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.