ഹോങ്കോങില്‍ ചൈനീസ് ഭരണകൂടം കര്‍ദ്ദിനാളിനെ അറസ്റ്റ് ചെയ്തു: ലോകമെങ്ങും പ്രതിഷേധം; അറസ്റ്റ് ദേശീയ സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ച്

ഹോങ്കോങില്‍ ചൈനീസ് ഭരണകൂടം കര്‍ദ്ദിനാളിനെ അറസ്റ്റ് ചെയ്തു: ലോകമെങ്ങും പ്രതിഷേധം; അറസ്റ്റ് ദേശീയ സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ച്

കര്‍ദ്ദിനാളിന്റെ അറസ്റ്റില്‍ വത്തിക്കാനും ആശങ്ക അറിയിച്ചു. അറസ്റ്റ് ഞെട്ടിക്കുന്നതാണെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി.

ഹോങ്കോങ്: ഏഷ്യയിലെ ഏറ്റവും മുതിര്‍ന്ന കത്തോലിക്കാ പുരോഹിതന്മാരില്‍ ഒരാളും ഹോങ്കോങ് രൂപത മുന്‍ ബിഷപ്പുമായ കര്‍ദ്ദിനാള്‍ ജോസഫ് സെന്നിനെ ഹോങ്കോങ് ദേശീയ സുരക്ഷാ സേന അറസ്റ്റു ചെയ്തു. പിരിച്ചുവിട്ട സംഘടനയുമായി ബന്ധം ആരോപിച്ച് തടങ്കലിലായ മൂന്നു പേര്‍ക്കൊപ്പമാണ് കര്‍ദ്ദിനാളിനെയും അറസ്റ്റ് ചെയ്തത്. ഗായകനും നടനുമായ ഡെനിസ് ഹോ, മുന്‍ നിയമസഭാംഗമായ മാര്‍ഗരറ്റ് എന്‍ജി, ഡോ.ഹുയി പോ ക്യൂങ് എന്നിവരാണ് കര്‍ദ്ദിനാളിനൊപ്പം അറസ്റ്റിലായ മറ്റുള്ളവര്‍.

അറസ്റ്റില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ വന്‍ വിമര്‍ശനമാണ് ചൈനയ്‌ക്കെതിരെ ഉയരുന്നത്. അറസ്റ്റിനെ അമേരിക്കയും ഇംഗ്ലണ്ടും ശക്തമായി അപലപിച്ചു. പ്രസിഡന്റ് ഷി ജിന്‍പിങ് സത്യം പറയുന്നവരെ ഭയപ്പെടുകയും അവരെ ദേശീയ ഭീഷണിയായി മുദ്രകുത്തുകയും ചെയ്യുകയാണെന്ന് യുഎസ് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി അംഗമായ നെബ്രാസ്‌കയിലെ സെനറ്റര്‍ ബെന്‍ സാസെ പറഞ്ഞു. എതിര്‍പ്പ് ഇല്ലാതാക്കാനുള്ള ചൈനീസ് ഏകാധിപത്യ സര്‍ക്കാരിന്റെ കിരാത നടപടിയാണിതെന്ന് യുകെ മന്ത്രി കാതറിന്‍ വെസ്റ്റ് ട്വീറ്ററിലൂടെ പ്രതികരിച്ചു.

കര്‍ദ്ദിനാളിന്റെ അറസ്റ്റില്‍ വത്തിക്കാനും ആശങ്ക അറിയിച്ചു. അറസ്റ്റ് ഞെട്ടിക്കുന്നതാണെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി കത്തോലിക്ക സഭയ്ക്കുമേല്‍ ചൈന നടത്തിവരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും ക്രൂരമായ നടപടിയാണിതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വക്താവും പ്രതികരിച്ചു.

ദേശീയ സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ചാണ് ചൈനീസ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. വിദേശ ശക്തികളുമായി ഒത്തുകളിച്ചെന്നാണ് ഇവര്‍ക്കുമേല്‍ ആരോപിക്കുന്ന കുറ്റം. ചൈനയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ വിദേശരാജ്യങ്ങളോടും സംഘടനകളോടും സംഘം അഭ്യര്‍ത്ഥിച്ചെന്നും ചൈനയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കും വിധം പ്രവര്‍ത്തിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.

70 വര്‍ഷം മുമ്പ് ഷാങ്ഹായിയില്‍ നിന്ന് ഹോങ്കോങിലേക്ക് പലായനം ചെയ്ത കര്‍ദ്ദിനാള്‍ സെന്‍ ചൈനീസ് ഏകാധിപത്യ സര്‍ക്കാരിന്റെ ശക്തമായ വിമര്‍ശകനായിരുന്നു. ചൈനയില്‍ മതപീഡനം അനുഭവിക്കുന്ന കത്തോലിക്കര്‍ക്കു വേണ്ടിയും രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുന്നതിനു വേണ്ടിയും അദ്ദേഹം ശബ്ദമുയര്‍ത്തി. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കുവേണ്ടിയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടിയും അദ്ദേഹം പ്രവര്‍ത്തിച്ചു. പ്രസിഡന്റ് ഷി ജിന്‍പിങിന്റെ കീഴില്‍ ചൈനയില്‍ വര്‍ധിച്ചുവരുന്ന സ്വേച്ഛാധിപത്യത്തിനെതിരെയും വിമര്‍ശനം ഉന്നയിച്ചു.


ജാമ്യം ലഭിച്ച ശേഷം കര്‍ദ്ദിനാള്‍ ജോസഫ് സെന്‍, മാര്‍ഗരറ്റ് എന്‍ജി, ഡെനിസ് ഹോ, ഡോ.ഹുയി പോ ക്യൂങ് എന്നിവര്‍ മാധ്യമങ്ങളെ കാണുന്നു

സര്‍ക്കാര്‍ നിരോധിച്ച ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫണ്ട് എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു എന്ന ആരോപണത്തിലാണ് അറസ്റ്റ്. കര്‍ദ്ദിനാള്‍ ഉള്‍പ്പടെ നാലു പേരും ട്രസ്റ്റിന്റെ ഭാരവാഹികളായി പ്രവര്‍ത്തിച്ചിരുന്നവരാണ്. ജനാധിപത്യ അനുകൂല പ്രതിഷേധക്കാര്‍ക്ക് നിയമ, ആരോഗ്യ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന സംഘടനയാണിത്. സര്‍ക്കാര്‍ സംഘടനയെ നിരോധിച്ചതിനെ തുടര്‍ന്ന് സംഘടന പിരിച്ചുവിട്ടിരുന്നു.

സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരെ പ്രതികാര മനോഭാവത്തോടെ കരിനിയമങ്ങളുടെ പിന്‍ബലത്തില്‍ അറസ്റ്റ് ചെയ്യുന്നത് ചൈനയില്‍ പതിവാണ്. കഴിഞ്ഞ വര്‍ഷവും ഡെനീസ് ഹോയെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ഗരറ്റ് എന്‍ജിയും ഇതേ നിയമപ്രകാരം അറസ്റ്റിലായിട്ടുണ്ട്. ചായ് വാന്‍ പോലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി ഇവരെ വിട്ടയച്ചത്. നാല് പേരുടെയും പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു.


സാമൂഹ്യ പ്രവര്‍ത്തനത്തിനിടെ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍

1932 ജനുവരി 13 ന് ജനിച്ച ജോസഫ് സെന്‍ ചൈനീസ് അഭ്യന്തര കലാപത്തെ തുടര്‍ന്നാണ് ഷാങ്ഹായിയില്‍ നിന്ന് ഹോങ്കോങിലേക്ക് കുടിയേറിയത്. 1961ല്‍ കര്‍ദ്ദിനാള്‍ മൗറിലിയോ ഫോസാറ്റിയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് റോമിലെ സലേഷ്യന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി.

നാട്ടിലെത്തിയ ജോസഫ് സെന്‍ ഹോങ്കോങിലെ ഹോളി സ്പിരിറ്റ് സെമിനാരി കോളജിലും മക്കാവോ സലേഷ്യന്‍ സ്‌കൂളിലും പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ചു. 1978 ല്‍ സലേഷ്യന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി. 1996 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ഹോങ്കോങ്ങിന്റെ സഹായ മെത്രാനായി നിയമിച്ചു. 2006 ലാണ് ഹോങ്കോങ് രൂപതയുടെ ആറാമത്തെ ബിഷപ്പായി അഭിഷിക്തനാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.