കൊച്ചി: പി.ടി തോമസിനെ വിജയിപ്പിച്ചതിലൂടെ തൃക്കാക്കരക്കാര്‍ക്ക് അബദ്ധം പറ്റിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ക്രൂരവും നിന്ദ്യവുമായ പ്രസ്താവയാണെന്നും നിയമസഭയില്‍ പി. ടി പ്രതിരോധത്തിലാക്കിയതിന്റെ പകയാണ് പിണറായി വിജയന്‍ ഇപ്പോഴും കാണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.
ഇടത് മുന്നണി കണ്‍വെന്‍ഷനില്‍ പി.ടിയ്‌ക്കെതിരെ ഉയര്‍ന്നത് നിന്ദ്യമായ പ്രസ്താവനയാണ്. ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്നും സതീശന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പി.ടി തോമസിനറെ ഭാര്യയുമായ ഉമാ തോമസും രംഗത്തെത്തി. തൃക്കാക്കരയുടെ അഭിമാനമാണ് പി.ടിയെന്നും അതിനാലാണ് പി.ടി. തോമസിനെ രാജകുമാരനെപ്പോലെ ജനങ്ങള്‍ യാത്രയാക്കിയതെന്നും ഉമ തോമസ് പ്രതികരിച്ചു.
തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവര്‍ണാവസരം എന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാര്‍ഹവും ദുഖകരവും ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളുമാണ്. പി ടി യെ പോലൊരാളുടെ നഷ്ടത്തെ സുവര്‍ണാവസരമായി കാണാന്‍ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും? മരണത്തെ അദ്ദേഹം ആഘോഷമാക്കി മാറ്റുകയാണോയെന്നും ഉമ ചോദിച്ചു.
തൃക്കാക്കരയില്‍ നടക്കുന്നത് സഹതാപത്തിന്റെ പോരാട്ടമല്ല. രാഷ്ട്രീയ പോരാട്ടമാണ്. പി ടി യുടെ രാഷ്ട്രീയ നിലപാടുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്‌നേഹം തൃക്കാക്കരക്കാര്‍ പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്നും ഉമ അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.