കീവ്: ഉക്രെയ്‌ന്റെ കിഴക്കന്‍ നഗരങ്ങളിലേക്ക് അതിക്രമിച്ച് കടക്കാനുള്ള റഷ്യന്‍ നീക്കം പരാജയപ്പെടുത്തി ഉക്രെയ്ന്‍ സൈന്യം. സെവെറോഡോനെറ്റ്‌സ്‌ക് മേഖലകളിലേക്ക് പ്രവേശിക്കുന്നതിനായി ബിലോഹോറിവ്കയിലെ സിവേര്‍സ്‌കി ഡൊനെറ്റ്സ് നദിക്ക് കുറുകെ റഷ്യ താല്‍കാലികമായി നിര്‍മിച്ച പാലം ഉക്രെയ്ന്‍ സൈന്യം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തു. ഇതോടെ നദി മുറിച്ചു കടക്കാനാകാതെ തീരത്ത് കുടുങ്ങിക്കിടന്ന റഷ്യയുടെ യുദ്ധവാഹനങ്ങളും ആയുധങ്ങളും മിന്നലാക്രമണത്തില്‍ തകര്‍ത്തതായി ഉക്രെയ്ന്‍ അവകാശപ്പെട്ടു.
നിരവധി റഷ്യന്‍ സൈനിക വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടതിന്റെ ഫോട്ടോകളും വീഡിയോയുമാണ് ഉക്രെയ്ന്‍ വ്യോമസേന പുറത്തുവിട്ടിട്ടുള്ളത്. തങ്ങളുടെ സൈന്യം 'റഷ്യന്‍ അധിനിവേശക്കാരെ മുക്കി' എന്നതാണ് വ്യോമസേന പുറത്തുവിട്ട ചിത്രങ്ങള്‍ക്ക് നല്‍കിയ അടിക്കുറിപ്പുകള്‍. ആക്രണത്തില്‍ കുറഞ്ഞത് ഒരു ബറ്റാലിയന്‍ സൈനീക സാമഗ്രഹികളെങ്കിലും നാശിച്ചിട്ടുണ്ടാകാമെന്ന് ബ്രിട്ടണും പ്രതികരിച്ചു.
റെസിഡന്‍ഷ്യല്‍ ഏരിയ കേന്ദ്രീകരിച്ചാണ് റഷ്യ ഇപ്പോള്‍ ആക്രമണം നടത്തുന്നത്. ഡോണ്‍ബാസിലെ ഹിര്‍സ്‌കെ, പോപാസ്നിയന്‍സ്‌ക ഗ്രാമങ്ങളില്‍ ഡസന്‍ കണക്കിന് വീടുകളും കെട്ടിടങ്ങളും നശിപ്പിച്ചു. 55,000 ജനസംഖ്യയുള്ള റൂബിഷ്‌നെ നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം റഷ്യന്‍ സൈന്യം ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം, അധിനിവേശത്തിന്റെ ആദ്യ യുദ്ധക്കുറ്റ വിചാരണ ഉക്രെയ്ന്‍ ആരംഭിച്ചു. 62 വയസുള്ള ഒരു സാധാരണക്കാരനെ വെടിവച്ചു കൊന്ന റഷ്യന്‍ സൈനീകന്റെ വിചാരണയാണ് ആരംഭിച്ചത്. യുദ്ധത്തിനിടയില്‍ ഇയാളെ ഉക്രെയ്ന്‍ സേന പിടികൂടിയിരുന്നു. അധിനിവേശം ആരംഭിച്ച് നാല് ദിവസം കഴിഞ്ഞ് വടക്കുകിഴക്കന്‍ സുമി മേഖലയിലെ ഒരു ഗ്രാമത്തില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഉക്രെയ്ന്‍ പൗരനെ വെടിവെച്ചു കൊന്നു എന്നതാണ് സൈനീകനെതിരായ കുറ്റം. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം ശിക്ഷ ലഭിക്കും.
സിവിലിയന്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ ബോംബിട്ട് നശിപ്പിക്കല്‍, ബലാത്സംഗം, കൊള്ളയടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് 41 റഷ്യന്‍ സൈനികര്‍ക്കെതിരെ യുദ്ധക്കുറ്റങ്ങള്‍ ചുമത്തുമെന്ന് ഉക്രെയ്‌നിയന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഐറിന വെനിഡിക്ടോവ പറഞ്ഞു. സംശയിക്കുന്നവരില്‍ എത്ര പേര്‍ ഉക്രെയ്ന്‍ സൈന്യം പിടികൂടിയിട്ടുണ്ടെന്ന് അറിയില്ല. അവരുടെ അസാന്നിധ്യത്തില്‍ വിചാരണ നടക്കുമോയെന്നും വ്യക്തമല്ലെന്ന് അവര്‍ പറഞ്ഞു.
റഷ്യ അധിനിവേശം വ്യാപിപ്പിച്ച സാഹചര്യത്തില്‍ ഫിന്‍ലാന്‍ഡും സ്വീഡനും നാറ്റോയില്‍ ചേരാനുള്ള നീക്കത്തെ തുര്‍ക്കി എതിര്‍ത്തു. ഈ ആശയത്തോട് അനുകൂല അഭിപ്രായമില്ല എന്നാണ് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍ പ്രതികരിച്ചത്. സ്വീഡന് കുര്‍ദിഷ് തീവ്രവാദികളോടുള്ള മൃതുസമീപനമാണ് കാരണം. എന്നാല്‍ നാറ്റോയില്‍ ചേരുന്നതിനെ തടയുമെന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയിട്ടുമില്ല.
കൂടുതല്‍ രാജ്യങ്ങള്‍ നാറ്റോയുടെ ഭാഗമാകുന്നതോടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ അധിനിവേശത്തിന് തടയിടാനാകുമെന്ന് കരുതലിലാണ് സഖ്യരാജ്യങ്ങള്‍. ഉക്രെയ്‌ന് പിന്നാലെ യൂറോപിന്റെ കിഴക്കന്‍ മേഖലകളിലേക്ക് കൂടി പുടിന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. ഫിന്‍ലാന്‍ഡും സ്വീഡനും നാറ്റോയില്‍ ചേരാന്‍ അഭ്യര്‍ത്ഥന നടത്തിയതും ഇത് മുന്നില്‍ കണ്ടാണ്. റഷ്യയുടെ അടുത്ത ലക്ഷ്യം തങ്ങളാകുമെന്ന ഭയം ഈ മേഖലയിലുള്ള ചെറു രാജ്യങ്ങള്‍ക്കുണ്ട്.
അധിനിവേശത്തെ പ്രതിരോധിക്കാനാവശ്യമായ ആയുധങ്ങള്‍ വാങ്ങാന്‍ യൂറോപ്യന്‍ യൂണിയന്‍ 520 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം ഉക്രെയ്ന്‍ വാഗ്ദാനം ചെയ്തു. റഷ്യ ചര്‍ച്ചയ്‌ക്കോ പിന്‍മാറ്റത്തിനു തയാറാകാത്തതിനാല്‍ യുദ്ധം അടുത്തെങ്ങും അവസാനിക്കില്ലെന്ന് ഉക്രെയ്ന്‍ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവും പ്രഖ്യാപിച്ചു കഴിഞ്ഞു. യുദ്ധം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് യൂറോപ്യന്‍ യൂണിയനോട് റഷ്യ ധനസഹായം ആഭ്യര്‍ത്ഥിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.