കൊച്ചി: സംസ്ഥാനത്ത് ഇത്തവണ മണ്‍സൂണ്‍ കാലത്ത് മിന്നല്‍ പ്രളയമുണ്ടാകുമെന്ന് കഴിഞ്ഞ രണ്ടു ദിവസമായി മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ട്. കുസാറ്റിന്റെ പഠന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് വിവിധ മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ മിന്നല്‍ പ്രളയം ഉണ്ടാകുമെന്ന കാര്യം കുസാറ്റ് റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.
പശ്ചിമതീരം മേഘ വിസ്‌ഫോടനങ്ങള്‍ക്ക് അനുകൂലമാകുന്ന രീതിയില്‍ മാറുകയാണെന്ന സൂചനയെ മിന്നല്‍ പ്രളയമുണ്ടാകുമെന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയായിരുന്നു. കുസാറ്റ് റിപ്പോര്‍ട്ടിന്റെ ഒരു ഭാഗത്തും ഈ വര്‍ഷം മിന്നല്‍ പ്രളയമെന്നോ അടുത്ത വര്‍ഷം മിന്നല്‍ പ്രളയ സാധ്യതയെന്നോ പറയുന്നില്ല.
ഈ കാലവര്‍ഷ കാലത്ത് പ്രളയത്തിന്റെ സാധ്യതയുണ്ടോയെന്ന് ഇപ്പോള്‍ പറയുവാന്‍ സാധിക്കുകയില്ലെന്നും സാങ്കേതികമായി പോലും അതിനുളള സംവിധാനങ്ങള്‍ ലഭ്യമല്ലെന്നും വിദഗ്ധര്‍ പറയുന്നു. കുസാറ്റ് റിപ്പോര്‍ട്ടിനെ തെറ്റായി മനസിലാക്കിയതാകാം മിന്നല്‍ പ്രളയം ഉണ്ടാകുമെന്ന് വാര്‍ത്ത നല്‍കാന്‍ ഇടയാക്കിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സംസ്ഥാനത്തെ കാലവര്‍ഷ പെയ്ത്ത് അടിമുടി മാറിയെന്നാണ് കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ പഠന റിപ്പോര്‍ട്ട്. രണ്ട് മണിക്കൂറിനുള്ളില്‍ 20 സെന്റി മീറ്റര്‍ വരെ മഴ പെയ്യാം. ഇതിന് വഴി വയ്ക്കുക കേരള തീരത്ത് രൂപപ്പെടുന്ന കൂമ്പാര മേഘങ്ങളാണ്. 1980-99, 2000-2019 എന്നീ കാലയളവ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് മാറ്റം തിരിച്ചറിഞ്ഞത്. കുസാറ്റ് കാലവസ്ഥ കേന്ദ്രം ഡയറക്ടര്‍ ഡോ. അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.