പ്രധാനമന്ത്രി ഇന്ന് ലുംബിനിയ സന്ദര്‍ശിക്കും; അഞ്ച് കരാറുകളില്‍ ഒപ്പുവെക്കും

 പ്രധാനമന്ത്രി ഇന്ന് ലുംബിനിയ സന്ദര്‍ശിക്കും; അഞ്ച് കരാറുകളില്‍ ഒപ്പുവെക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് നേപ്പാളിലെ ലുംബിനി സന്ദര്‍ശിക്കും. ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയില്‍ നടക്കുന്ന ബുദ്ധപൂര്‍ണിമ ദിനാഘോഷങ്ങളില്‍ മോഡി പങ്കെടുക്കും. നേപ്പാള്‍ പ്രധാനമന്ത്രി ഷെര്‍ ബെഹാദൂര്‍ ദ്യൂബയുമായി നടത്തുന്ന നയതന്ത്ര ചര്‍ച്ചകള്‍ക്കു ശേഷം ഇരു രാജ്യങ്ങളും അഞ്ച് കരാറുകളില്‍ ഒപ്പു വെക്കും. വിദ്യാഭ്യാസം, ജലവൈദ്യുതി തുടങ്ങിയ മേഖലകളില്‍ സഹകരണത്തിനുള്ള കരാറുകളിലാണ് ഒപ്പുവെക്കുന്നത്.

മോഡിയുടെ അഞ്ചാം നേപ്പാള്‍ സന്ദര്‍ശനമാണിതെങ്കിലും ആദ്യമായാണ് ലുംബിനി സന്ദര്‍ശിക്കുന്നത്. മായാദേവി ക്ഷേത്ര സന്ദര്‍ശനത്തോടെയാണ് പര്യടനം തുടങ്ങുന്നത്. സെന്റര്‍ ഫോര്‍ ബുദ്ധിസ്റ്റ് കള്‍ച്ചര്‍ ആന്‍ഡ് ഹെരിറ്റേജിന്റെ ശിലാസ്ഥാപന പരിപാടികളില്‍ പങ്കെടുക്കും. ഇന്ത്യന്‍ എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ നേപ്പാളിലെ ലുംബിനി ബുദ്ധിസ്റ്റ് യൂണിവേഴ്സിറ്റിയുമായും ത്രിഭുവന്‍ യുണിവേഴ്സിറ്റിയുമായും ഓരോ കരാറുകളും കാഠ്മണ്ഡു യൂണിവേഴ്സിറ്റിയുമായി മൂന്ന് കരാറുകളും ഒപ്പുവെക്കും.

ലുംബിനി ബുദ്ധിസ്റ്റ് സര്‍വകലാശാല ഐ.സി.സി.ആറുമായും ത്രിഭുവന്‍ സര്‍വകലാശാല സെന്റര്‍ ഫോര്‍ ഏഷ്യന്‍ സ്റ്റഡീസുമായും ഗവേഷണ സഹകരണത്തിനുള്ള ധാരണാ പത്രങ്ങള്‍ ഒപ്പുവെക്കുന്നുണ്ട്. ദശകങ്ങള്‍ക്കു മുമ്പ് പദ്ധതി തയ്യാറാക്കുകയും ചൈന രണ്ടു വട്ടം ഉപേക്ഷിക്കുകയും ചെയ്ത വെസ്റ്റ് സേഠി ജല വൈദ്യുത പദ്ധതി ഏറ്റെടുക്കണമെന്ന് നേപ്പാള്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ചേക്കും.

1200 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതി 2009ലും 2012ലും രണ്ട് ചൈനീസ് കമ്പനികള്‍ ഏറ്റെടുത്തെങ്കിലും നടപ്പായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.