കോർക്ക്: അയർലണ്ടിലെ കോർക്ക് & റോസ്സ് രൂപതയിലും, സീറോമലബാർ സഭാ സമൂഹത്തിലുമായി 5 1/2 വർഷത്തോളം സേവനം ചെയ്ത ഫാ. സിബി അറക്കലിന് അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. കോർക്കിലെ കുടുംബങ്ങളും, ക്ലോഹീനിലെയും ക്ലോണാക്കിൽറ്റിയിലെയും ഇടവകാംഗങ്ങളും സംയുക്തമായി നടത്തിയ യാത്രയയപ്പ് സമ്മേളനത്തിൽ ബിഷപ്പ് ജോൺ ബക്‌ളിയും സന്നിഹിതനായിരുന്നു. കോർക്ക് ആൻഡ് റോസ്സ് രൂപതയിലെ ക്ലോഹീൻ ഇടവകയിൽ, അന്തരിച്ച ബഹു. കാനൻ ലിയാം. ഒ. ഡ്രിസ്ക്കലിനൊപ്പം തന്റെ ഔദ്യോഗിക ഡ്യൂട്ടി തുടങ്ങിയനാൾ മുതൽ ഇന്നുവരെ ഫാ. സിബി തന്റെ സേവനങ്ങളിൽ കാണിച്ച ആത്മാർത്ഥതയെ അദ്ദേഹം വളരെയധികം പ്രശംസിച്ചു. മറ്റുള്ളവരോടുള്ള പരിഗണയും, സഹാനുഭൂതിയും ഫാ. സിബിയുടെ പ്രാർത്ഥനാ ജീവിതത്തിന്റെ കവിഞ്ഞൊഴുകലാണെന്നും, എല്ലാവർക്കും അറിയാവുന്നതു പോലെ തന്നെ ഫാ. സിബി വളരെ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016 നവംബർ മാസത്തിലാണ് കാഞ്ഞിരപ്പള്ളി രൂപതയിൽ നിന്നും ഫാ. സിബി അറക്കൽ ക്ലോഹീൻ ഇടവകയുടെ കുറേറ്റ് ആയും, കോർക്ക് സീറോ മലബാർ സഭയുടെ ചാപ്ലൈൻ ആയും നിയമിക്കപ്പെട്ടത്. ഏഴ് മാസത്തോളം കോർക്ക് സീറോ മലബാർ സഭാസമൂഹത്തിന് ഒരു വൈദിക നേതൃത്വം ഇല്ലാതിരുന്ന വിഷമഘട്ടത്തിൽ പുതിയ ഉത്തരവാദിത്വം ഏറ്റെടുത്ത ഫാ. സിബിക്ക് വളരെ ഹൃദ്യമായ വരവേൽപ്പാണ് സഭാസമൂഹം നൽകിയത്. അന്ന് കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ മെത്രാനായിരുന്ന ജോൺ ബക്ളിയുടെയും, സീറോ മലബാർ സഭാ നേതൃത്വത്തിന്റെയും നിർദേശങ്ങളും ഉപദേശങ്ങളും അനുസരിച്ച് അദ്ദേഹം വളരെ നിർണായകമായ തീരുമാനങ്ങൾ കോർക്കിൽ നടപ്പാക്കി. തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾ അദ്ദേഹത്തോടൊപ്പം ഒറ്റകെട്ടായി നടപ്പാക്കിയ അനിവാര്യമായ ഈ മാറ്റങ്ങൾ സഭാസമൂഹത്തിന്റെ വളർച്ചക്കും മുന്നോട്ടുള്ള പ്രയാണത്തിനും ശക്തമായ അടിത്തറ പാകി.
ക്ലോഹീൻ ഇടവകയിൽ നിന്ന്, വെസ്റ്റ് കോർക്കിലെ ക്ലോണാക്കിൽറ്റിയിൽ മോൺ. എയ്ഡൻ. ഒ. ഡ്രിസ്‌കലിന്റെ സഹായിയായി 2020 ഫെബ്രുവരി മുതൽ സേവനം ചെയ്തു. കൂടാതെ, ഇപ്പോഴത്തെ മെത്രാനായ ഫിന്റൻ ഗാവിന്റെ അഭ്യർത്ഥന പ്രകാരം, 2021 ഓഗസ്റ്റ് മാസത്തിൽ പുതിയ ചാപ്ലൈന് തന്റെ ഉത്തരവാദിത്വങ്ങൾ കൈമാറുന്നത് വരെ കോർക്ക് സീറോമലബാർ ചാപ്ലൈനായും അദ്ദേഹം തുടർന്നു. 2018 ഒക്ടോബർ മുതൽ 2022 ഏപ്രിൽ വരെ വാട്ടർഫോർഡ് സീറോ മലബാർ സഭയുടെയും ചാപ്ലൈൻ ആയിരുന്ന അദ്ദേഹം, സീറോ മലബാർ കോർക്ക് റീജിയണൽ കോർഡിനേറ്റർ കൂടിയായിരുന്നു.
2021 സെപ്റ്റംബർ മാസത്തിൽ കോർക്കിലെ മേഴ്‌സി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ക്ലിനിക്കൽ ചാപ്ലൈൻ ആയി നിയമിതനായതിനൊപ്പം കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 'ക്ലിനിക്കൽ പാസ്റ്ററൽ എജ്യൂക്കേഷൻ' പൂർത്തിയാക്കുകയും ചെയ്തു. നോർത്ത് കത്തീഡ്രൽ പാരീഷിലും, പരിസരങ്ങളിലുള്ള അഞ്ച് ഇടവകകളിലും ഈ കാലയളവിൽ സഹായിച്ചു. പിന്നീട് 2022 മാർച്ച് മുതൽ എനിസ്കീൻ ഇടവകയിൽ ഫാ. ടോം ഹയ്‌സിന്റെ സഹായി ആയിരുന്നു. ഫാ. സിബി അമേരിക്കയിലാണ് ഇനി തന്റെ അജപാലന ദൗത്യം തുടരുന്നത്.
ഫാ. സിബി ചാപ്ലൈനായിരുന്ന കോർക്ക്, വാട്ടർഫോർഡ് സീറോ മലബാർ സഭാസമൂഹത്തിൽ നിന്ന് മാത്രമല്ല, ലിമറിക്ക്, ഡബ്ലിൻ എന്നിവിടങ്ങളിൽ നിന്നും അദ്ദേഹത്തിന് സ്‌നേഹനിർഭരമായ യാത്രയയപ്പ് നൽകി. മേഴ്‌സി ഹോസ്പിറ്റൽ ചാപ്ലൈൻസി ഡിപ്പാർട്മെന്റ്, ക്ലോഹീൻ പാരിഷ്, ക്ലോണാക്കിൽറ്റി പാരിഷ്, വിൽട്ടൻ എസ്. എം. എ. പാരിഷ് എന്നിവിടങ്ങളിലും, സേവനം ചെയ്ത മറ്റെല്ലാ ഇടങ്ങളിലും നിന്ന് അദ്ദേഹത്തിന് സമുചിതമായ യാത്രയയപ്പ് ലഭിച്ചു.
2022 ഏപ്രിൽ 30ന് കോർക്കിൽ നടന്ന വിടവാങ്ങൽ സമ്മേളനം വളരെ വിപുലമായിരുന്നു. കഴിഞ്ഞ അഞ്ചര വർഷക്കാലത്തെ തന്റെ പ്രാർത്ഥനാനിർഭരമായ ജീവിതവും, എളിമയും, സേവന മനോഭാവവും കൊണ്ട് നേടിയ സ്നേഹിതരുടെ വലിയൊരു സമൂഹം അവിടെ സന്നിഹിതരായിരുന്നു. അന്നേദിവസം, കോർക്ക് സീറോ മലബാർ സഭാ സമൂഹത്തിന്റെ കുർബാന സെന്റർ ആയ വിൽട്ടൻ എസ്. എം. എ. ഇടവകയിൽ, വികാരിയായ ആയ ഫാ. മൈക്കിൾ. ഒ. ലാറിക്കൊപ്പം വിശുദ്ധ കുർബാന അർപ്പിച്ച അദ്ദേഹത്തിന് ഐറിഷ് ഇടവകാ അംഗങ്ങളും പ്രാർത്ഥനാശംസകൾ നേർന്നു. ഫാ. സിബി കോർക്കിൽ ആദ്യത്തെ സീറോ മലബാർ കുർബാന അർപ്പിച്ചതും തന്റെ സാന്നിധ്യത്തിലായിരുന്നു എന്ന് ഫാ. മൈക്കിൾ ഓർമ്മിപ്പിച്ചു. സീറോ മലബാർ സഭാസമൂഹത്തിനുവേണ്ടിയുള്ള തന്റെ ശുശ്രൂഷകളിൽ തനിക്ക് എല്ലാ വിധത്തിലും പിന്തുണ നൽകിയ ഫാ. മൈക്കിളിനും, ഇടവകാ നേതൃത്വത്തിനും, മറ്റെല്ലാ അംഗങ്ങൾക്കും ഫാ. സിബി നന്ദി പറഞ്ഞു സംസാരിച്ചു.
തുടർന്നു നടന്ന യോഗത്തിൽ ബഹു. ബിഷപ്പ് ജോൺ ബക്‌ളിയും, ഫാ. മൈക്കിളും, കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ചാപ്ലൈൻ ആയ ഫാ. പിയേഴ്‌സും വേദിയിൽ ഫാ. സിബിക്ക് ആശംസകൾ നേർന്ന് പ്രസംഗിച്ചു. സോണി വിതയത്തിൽ സ്വാഗതവും, സണ്ണി ജോസഫ് നന്ദിയും പറഞ്ഞു. കോർക്കിലെ സമൂഹത്തെ പ്രതിനിധീകരിച്ച് ബിജു മാത്യു, യുവജങ്ങൾക്കുവേണ്ടി കെസിയ ലിജു, ക്ലോഹീൻ ഇടവകയിൽ നിന്നും ഡെന്നിസ് മക് സ്വീനി എന്നിവർ നന്ദിയും, സ്നേഹവും, ആശംസകളും അറിയിച്ചു.
കാറ്റും കോളും നിറഞ്ഞ- ഒരു കപ്പിത്താൻ പോലുമില്ലാതിരുന്ന നൗകയിലെ കപ്പിത്താനായാണ് ഫാ. സിബി കോർക്കിൽ എത്തിയതെന്നും, തന്റെ സ്വതസിദ്ധമായ നേതൃത്വപാടവവും ഒരു ചെറു പുഞ്ചിരിയും കൊണ്ട് വ്യക്തമായ ദിശാബോധം നൽകി നമ്മെ മുന്നിൽ നിന്ന് നയിച്ചുവെന്നും, അതിനായി ദൈവത്താൽ നിയോഗിക്കപ്പെട്ടതാണ് ഫാ. സിബി എന്നും സോണി തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. കോവിഡ് കാലത്തു പോലും ഒരു മടിയും കൂടാതെ വളരെ ദൂരം യാത്ര ചെയ്ത്, തനിക്കു ദൈവം ഭരമേൽപിച്ച വിശ്വാസ സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു വൈദികനായിരുന്നു അദ്ദേഹം എന്നുള്ള തന്റെ അനുഭവങ്ങൾ സോണി പങ്കുവെച്ചു. ഫാ. സിബി കാണിച്ചു തന്ന വിശ്വാസതീഷ്ണത നമ്മുടെ കുട്ടികൾക്കും, മറ്റുള്ളവർക്കും പകർന്നു കൊടുക്കാൻ നാം ശ്രമിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ക്ലോഹീൻ ഇടവകയിൽ, കാനോൻ ലിയാമിന് ഏറ്റവും അടുത്ത സഹായി ആയി നിന്ന് എളിമയോടും, സ്നേഹത്തോടും ആത്മാർത്ഥതയോടും കൂടെ തന്റെ ശുശ്രൂഷകൾ നിർവഹിച്ച ഫാ. സിബി ഇവിടെ നിന്നും വിട പറയുന്നത് തങ്ങൾക്ക് വളരെ സങ്കടകരമാണെന്ന് ഡെന്നിസ് മക് സ്വീനി പറഞ്ഞു.
യുവ ജനങ്ങൾക്ക് ആത്മീയപിതാവും പ്രിയപ്പെട്ട സുഹൃത്തും ആയിക്കൊണ്ട്, അവർ സഭാസമൂഹത്തിലെ എല്ലാ മേഖലകളിലും പങ്കാളികളാകുന്നുവെന്ന് ഫാ. സിബി ഉറപ്പുവരുത്തിയിരുന്നെന്ന് കെസിയ തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു. തന്റെ കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ യാത്ര അത്ര സമാധാനപരമല്ലായിരുന്നെങ്കിലും അദ്ദേഹം എപ്പോഴും ശാന്തനായും സന്തോഷവാനായും കാണപ്പെട്ടു എന്ന് ബിജു മാത്യു അനുസ്മരിച്ചു. താൻ ആശ്വസിക്കുന്നത്, ഫാ. സിബിയുടെ സേവനങ്ങൾ തുടർന്ന് അനുഭവിക്കാൻ ഉള്ള യോഗം നമുക്കില്ല, അത് മറ്റൊരു രൂപതക്കോ, ഇടവകക്കോ ആണെന്നുള്ള സണ്ണി ജോസഫിന്റെ ഇടറിയ വാക്കുകൾ എല്ലാവരും വിഷമത്തോടെയാണ് കേട്ടത്.
എല്ലാവരും തന്നോട് കാണിക്കുന്ന വ്യക്തിപരമായ സ്നേഹവും അടുപ്പവും തനിക്കു മുൻപേ അറിവുള്ളതാണെങ്കിലും ഇപ്പോൾ അത് കൂടുതൽ തിരിച്ചറിയാൻ സാധിക്കുന്നു എന്ന് പറഞ്ഞാണ് ഫാ സിബി തന്റെ മറുപടി പ്രസംഗം ആരംഭിച്ചത്. അയർലണ്ടിൽ തനിക്കുണ്ടായ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. തന്റെ എല്ലാ പ്രവർത്തികളിലും തനിക്കു കരുത്തായത് എല്ലാവരുടെയും പ്രാർത്ഥനയും, കൂടെ ഉണ്ടായിരുന്നവരുടെ ആത്മാർഥമായ സഹകരണവുമാണെന്ന് അദ്ദേഹം ഊന്നി പറഞ്ഞു. ഓരോ തീരുമാനങ്ങൾക്കും ആലോചനകൾക്കും മുൻപ്, വി. കുർബാനയിലൂടെയും മറ്റ് പ്രാർത്ഥനകളിലൂടെയും ദൈവഹിതം തിരിച്ചറിഞ്ഞാണ് താൻ മുൻപോട്ട് പോയത്. അതിനാൽ തന്നെ സമൂഹത്തിന് വേണ്ടി താൻ എടുത്ത എല്ലാ തീരുമാനങ്ങളും ആ സാഹചര്യത്തിൽ ഏറ്റവും ശരിയും ഉചിതവുമായിരുന്നു. ഇതിന്റെ നല്ല ഫലങ്ങൾ കാലങ്ങൾക്ക് ശേഷമായിരിക്കും നമുക്ക് ലഭിക്കുക, എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവർക്കും ആത്മാർത്ഥമായ നന്ദി അറിയിച്ച്, പ്രാർത്ഥനയോടെയും ആശീർവാദത്തോടെയും അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചു.
കോർക്കിലെ യാത്രയയപ്പ് യോഗത്തിന് മാറ്റു കൂട്ടിയത്
തെരേസ ആൻ റോസിന്റെ ആങ്കറിങ്ങും, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാവിരുന്നുമാണ്. ആന്റണി പൗലോസിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ഗാനമേളയും, രുചികരമായി ഒരുക്കിയ വിഭവങ്ങളും സമൂഹത്തിന് ഉണർവും ഉന്മേഷവും നൽകി. ഫാ. സിബിയോടൊപ്പം, ഗാനങ്ങളും നൃത്തച്ചുവടുകളുമായി തങ്ങളുടെ സ്നേഹവും ആദരവും പ്രകടമാക്കിയ അവർ, അയർലണ്ടിലെ അദ്ദേഹത്തിന്റെ അവസാന ദിനങ്ങൾ അവിസ്മരണീയമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.