രാജീവ് വധം: പേരറിവാളന് മൂന്ന് പതിറ്റാണ്ടിന് ശേഷം ജയില്‍ മോചനം

രാജീവ് വധം: പേരറിവാളന് മൂന്ന് പതിറ്റാണ്ടിന് ശേഷം ജയില്‍ മോചനം

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. 31 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് മോചനം. ഭരണഘടനയുടെ 142-ാം അനുച്ഛേദം ഉപയോഗിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. പേരറിവാളനെ മോചിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിട്ടും ഇനിയും തടവില്‍ പാര്‍പ്പിക്കാനാവില്ലെന്ന കോടതി വ്യക്തമാക്കി.

പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്നാട് മന്ത്രിസഭയുടെ തീരുമാനത്തിന് ഗവര്‍ണര്‍ എന്‍.എന്‍ രവി അംഗീകാരം നല്‍കിയിരുന്നില്ല. ഇക്കാര്യം രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

മന്ത്രിസഭ എല്ലാ വശങ്ങളും പരിശോധിച്ചാണ് പേരറിവാളന്റെ മോചനത്തില്‍ തീരുമാനമെടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ക്ക് ഇക്കാര്യം അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

1998 ല്‍ ഭീകരവിരുദ്ധ കോടതി പേരറിവാളനെ വധശിക്ഷക്ക് വിധിച്ചിരുന്നു. അടുത്ത വര്‍ഷം, സുപ്രീം കോടതി ശിക്ഷ ശരിവച്ചെങ്കിലും 2014 ല്‍ ജീവപര്യന്തമായി ഇളവ് ചെയ്തു. ഈ വര്‍ഷം മാര്‍ച്ചില്‍ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.