രാഹുല്‍ ഗാന്ധി ലണ്ടനിലേക്ക് തിരിച്ചു; 'രാജ്യത്തിന്റെ വര്‍ത്തമാനവും ഭാവിയും' എന്ന വിഷയത്തില്‍ പ്രവാസികളുമായി സംവദിക്കും

 രാഹുല്‍ ഗാന്ധി ലണ്ടനിലേക്ക് തിരിച്ചു; 'രാജ്യത്തിന്റെ വര്‍ത്തമാനവും ഭാവിയും' എന്ന വിഷയത്തില്‍ പ്രവാസികളുമായി സംവദിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലണ്ടനിലേക്ക് പുറപ്പെട്ടു. പ്രഭാഷണ പരമ്പരകളില്‍ പങ്കെടുക്കാനാണ് രാഹുല്‍ യാത്ര തിരിച്ചതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മീഡിയ വിഭാഗം മേധാവിയുമായ രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. കേംബ്രിഡ്ജ് സര്‍വകലാശാല സംഘടിപ്പിക്കുന്ന ഇന്ത്യ @ 75 എന്ന സംവാദത്തിലും രാഹുല്‍ പങ്കെടുക്കുമെന്ന് എഐസിസി വ്യക്തമാക്കി.

ലണ്ടനില്‍ ഐഡിയാസ് ഫോര്‍ ഇന്ത്യ എന്ന പേരില്‍ സംഘടിപ്പിക്കപ്പെടുന്ന കോണ്‍ഫറന്‍സിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. കൂടാതെ രാജ്യത്തിന്റെ വര്‍ത്തമാനവും ഭാവിയും എന്ന വിഷയത്തില്‍ പ്രവാസികളുമായി രാഹുല്‍ സംവദിക്കുമെന്നും കോണ്‍ഗ്രസ് മീഡിയ വിഭാഗം അറിയിച്ചു. മെയ് 23നാണ് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഇന്ത്യ @ 75 എന്ന സംവാദം നടക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ സല്‍മാന്‍ ഖുര്‍ഷിദ്, പ്രിയങ്ക് ഖാഡ്‌ഗേ എന്നിവരും പരിപാടിയില്‍ പങ്കെടുക്കാനായി ലണ്ടനില്‍ എത്തിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ പുനുദ്ധാരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ചിന്തന്‍ ശിബിരത്തിന് പിന്നാലെയാണ് രാഹുലിന്റെ ലണ്ടന്‍ യാത്ര. വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രതിസന്ധി നേരിടുന്നതിനിടെ രാഹുല്‍ വിദേശ പര്യടനം നടത്തുന്നത് പാര്‍ട്ടിയില്‍ തന്നെ ചെറിയ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.

ഹര്‍ദിക് പട്ടേലിന്റെ വിട്ടു പോക്കിന് പിന്നാലെ കോണ്‍ഗ്രസ് ഗുജറാത്തില്‍ കടുത്ത പ്രതിസന്ധിയിലാണ്. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ കോണ്‍ഗ്രസ് വിട്ടതോടെ പഞ്ചാബിലും പ്രതിസേന്ധി നേരിടുകയാണ് പാര്‍ട്ടി. അതേസമയം നേരത്തെ തീരുമാനിച്ചതാണ് രാഹുലിന്റെ പരിപാടികള്‍ എന്ന് കോണ്‍ഗ്രസ് നേതൃത്വം വിശദമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.