അനുദിന വിശുദ്ധര്‍ - മെയ് 21
ഇംഗ്ലണ്ടില്‍ നോര്‍ഫോക്കിലെ വാള്‍പോളില്‍ ഒരു ദരിദ്ര കുടുംബത്തിലാണ് വിശുദ്ധ ഗോഡ്രിക്ക് ജനിച്ചത്. യുവാവായിരിക്കെ ചെറിയ സാധനങ്ങള്‍ ഗ്രാമങ്ങളില്‍ കൊണ്ട് നടന്ന് കച്ചവടം ചെയ്താണ് ഉപജീവനം കഴിച്ചിരുന്നത്. നഗരങ്ങളിലെ വിപണന മേളകളിലെല്ലാം സ്ഥിരം സന്ദര്‍ശകനായിരുന്നു ഗോഡ്രിക്ക്.
കടല്‍ യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം അത്തരം നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. അതിലൊന്ന് വിശുദ്ധ ദ്വീപെന്ന് അദ്ദേഹം വിളിച്ചിരുന്ന ലിന്‍ഡിസ്ഫാര്‍ണേയിലേക്കായിരുന്നു. അവിടെ വെച്ച് ആത്മീയ ജീവിതം നയിക്കുന്ന സന്യാസിമാരുടെ ജീവിത രീതിയില്‍ ആകൃഷ്ടനായി. അതോടെ ലൗകീക ജീവിതം മതിയാക്കി. പിന്നീട് വിശുദ്ധ കുത്‌ബെര്‍ട്ടിന്റെ അന്തിമ വിശ്രമ കേന്ദ്രം സന്ദര്‍ശിച്ച് അദ്ദേഹത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളും മനസിലാക്കി.
വിശുദ്ധ കുത്‌ബെര്‍ട്ടിനെ അനുകരിച്ച് വിശുദ്ധ ജീവിതം നയിക്കുവാന്‍ വേണ്ട അനുഗ്രഹം തനിക്ക് നല്‍കണമെന്ന് വിശുദ്ധന്‍ കണ്ണുനീരോടെ ദൈവത്തോടു യാചിച്ചു. അതിനായി തനിക്കുള്ളതെല്ലാം ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. തുടര്‍ന്ന് വിശുദ്ധ നാടായ ജെറൂസലേമിലേക്കൊരു തീര്‍ത്ഥാടനം നടത്തികൊണ്ട് ഗോഡ്രിക്ക് തന്റെ ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചു.
വൈകാതെ നോര്‍ഫോക്കില്‍ തിരിച്ചെത്തിയ അദ്ദേഹം ഒരു ധനികന്റെ വീട്ടിലെ കാര്യസ്ഥനായി ജോലിയില്‍ പ്രവേശിച്ചു. അവിടത്തെ ജോലിക്കാര്‍ യാതൊരു നിയന്ത്രണമില്ലാത്തവരും പതിവായി ജോലിക്ക് വരാത്തവരുമായിരുന്നു. ഇവരെ കുറിച്ച് ഗോഡ്രിക്ക് പരാതിപ്പെട്ടെങ്കിലും വീട്ടുടമസ്ഥന്‍ അത് കാര്യമായി എടുത്തില്ല. അതിനാല്‍ താനും അവരുടെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടുപോകുമെന്ന ഭയത്തില്‍ അദ്ദേഹം അവിടം വിട്ടു.
റോമിലും ഫ്രാന്‍സിലെ ഗൈല്‍സിലും തീര്‍ത്ഥാടനം നടത്തിയ ശേഷം വിശുദ്ധന്‍ താന്‍ ആഗ്രഹിച്ച രീതിയിലുള്ള ആത്മീയ ജീവിതം നയിക്കുന്നതിനായി ഇംഗ്ലണ്ടിന്റെ വടക്കേ അറ്റത്തേക്ക് പോയി. ദുര്‍ഹാമിലെ ആശ്രമത്തില്‍ വളരെ കാലം ചിലവഴിക്കുകയും ധാരാളം സന്യാസിമാരുമായി ഇടപഴകുകയും ചെയ്തിട്ടുള്ള ഗോഡ് വിന്‍ എന്ന് പേരായ ഒരു ഭക്തന്‍ വിശുദ്ധന്റെ ഒപ്പം കൂടി. അവര്‍ കാര്‍ലിസ്ലെയ്ക്ക് വടക്കുള്ള വനത്തില്‍ പരസ്പരം സഹായിച്ചുകൊണ്ട് വളരെ കാര്‍ക്കശ്യത്തോട് കൂടിയുള്ള സന്യാസ ജീവിതമാരംഭിച്ചു.
രണ്ട് വര്‍ഷത്തിന് ശേഷം ചെറിയൊരു അസുഖം ബാധിച്ച ഗോഡ് വിന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. തന്റെ സഹചാരിയെ നഷ്ടപ്പെട്ടതോടെ ഗോഡ്രിക്ക് വീണ്ടും ജെറൂസലേമിലേക്കൊരു തീര്‍ത്ഥാടനം നടത്തി. തിരിച്ചു വന്നതിനു ശേഷം കുറച്ച് കാലം ഇപ്പോള്‍ വിറ്റ്ബി എന്നറിയപ്പെടുന്ന സ്‌ട്രേനെഷാല്‍ച്ചില്‍ ഏകാന്ത ജീവിതം നയിച്ചു. ഒരു വര്‍ഷവും കുറച്ച് മാസങ്ങളും അവിടെ ചിലവഴിച്ചതിന് ശേഷം ഫിന്‍ക്ലി എന്ന മരുഭൂമിയിലേക്ക് പോയി. വിശുദ്ധരായ സ്‌നാപക യോഹന്നാനും കുത്‌ബെര്‍ട്ടുമായിരുന്നു ഗോഡ്രിക്കിന്റെ മാതൃകകള്‍.
മറ്റുള്ളവരുടെ പ്രശംസയും കീര്‍ത്തിയും നേടി തരുന്ന കാര്യങ്ങള്‍ വിശുദ്ധന്‍ പരമാവധി ഒളിച്ചു വെച്ചു. മറ്റുള്ളവര്‍ തന്നെ കാണുന്നതോ സംസാരിക്കുന്നതോ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. തനിക്ക് സഹായങ്ങള്‍ ചെയ്യുന്നവരെ ശകാരിക്കുമായിരുന്നു. എന്നാല്‍ എത്രമാത്രം വിശുദ്ധന്‍ തന്നെതന്നെ എളിയവനാക്കിയോ, അത്രമാത്രം ദൈവം അദ്ദേഹത്തെ അത്ഭുതകരമായ സമ്മാനങ്ങളാല്‍ ഉന്നതനാക്കി.
മരണത്തിന് മുന്‍പ് നിരവധി വര്‍ഷങ്ങളോളം അദ്ദേഹം രോഗബാധിതനായി ശയ്യാവലംബിയായിരുന്നു. ശരീരം മരിച്ച പോലെയായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ നാവ് ത്രീതൈ്വക ദൈവത്തെ എപ്പോഴും ഉച്ചരിച്ചുകൊണ്ടിരുന്നതായി ഇക്കാലയളവില്‍ വിശുദ്ധനെ സന്ദര്‍ശിച്ച ന്യൂബ്രിഡ്ജിലെ വില്ല്യം പറഞ്ഞിട്ടുണ്ട്. 1170 മെയ് 21ന് അദ്ദേഹം മരണമടഞ്ഞു.
ഭൗതീക ശരീരം വിശുദ്ധ സ്‌നാപക യോഹന്നാന്റെ ദേവാലയത്തില്‍ അടക്കം ചെയ്തു. ഗോഡ്രിക്ക് വിശുദ്ധനാണെന്നുള്ളതിന് നിരവധി അത്ഭുതങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ദുര്‍ഹാമിലെ മെത്രാനായിരുന്ന ഹുഗ് പിഡ്‌സിയുടെ സഹോദരനായിരുന്ന റിച്ചാര്‍ഡ് വിശുദ്ധ ഗോഡ്രിക്കിന്റെ സ്മരണാര്‍ത്ഥം ഒരു ചെറിയ ദേവാലയം പണികഴിപ്പിച്ചിട്ടുണ്ട്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ബര്‍ഗന്‍ഡിയിലെ അജെറാനൂസ്
2. ഡോണെഗല്ലിലെ ബാര്‍ഫോയിന്‍
3. ഡെന്‍ബിഗ്‌ഷെയറിലെ ഗോള്ളെന്‍
4. സേസരയായിലെ പൊളിഎയുക്തൂസ്, വിക്ടോറിയൂസ്, ഡോണാറ്റൂസ്.
5. റോമന്‍ പടയാളികളായ നിക്കോസ്ത്രാറ്റൂസും അന്തിയോക്കസും കൂട്ടരും.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26