പി സി ജോര്‍ജിനെ കണ്ടെത്താനാവാതെ പൊലീസ്; അരിച്ചുപെറുക്കി അന്വേഷണം, ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടും

പി സി ജോര്‍ജിനെ കണ്ടെത്താനാവാതെ പൊലീസ്; അരിച്ചുപെറുക്കി അന്വേഷണം, ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടും

കോട്ടയം: വിദ്വേഷ പ്രസംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി സി ജോര്‍ജിനെ അറസ്റ്റു ചെയ്യാന്‍ തെരച്ചില്‍ ശക്തമാക്കി പൊലീസ്. ഈരാറ്റുപേട്ടയിലെ വീട്ടിലടക്കം ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എറണാകുളം വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം തുടങ്ങിയത്.

അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചിരുന്നു. വീട്ടുകാരെ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ ഒരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. പി സി ജോര്‍ജ് പോകാനിടയുള്ള മറ്റു സ്ഥലങ്ങളില്‍ ഇന്ന് കൂടുതല്‍ പരിശോധന നടത്തും.

അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പി സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചേക്കും. തനിക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ തനിക്കെതിരെ നീങ്ങുന്നതെന്നുമാണ് പി സി ജോര്‍ജ് ആരോപിക്കുന്നത്.

തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ വെണ്ണലയിലും സമാന രീതിയിലുളള പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചെന്ന പരാതിയെത്തുടര്‍ന്ന് ഈ മാസം 10 നാണ് പാലാരിവട്ടം പൊലീസ് പി സി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.