കൊല്ലം: വിസ്മയ കേസില്‍ നാളെ വിധിവരാനിരിക്കെ ഭര്‍ത്താവ് കിരണ്‍ കുമാറില്‍ നിന്ന് നേരിട്ട ക്രൂര പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തുന്ന വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്.
സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് നിലമേല്‍ സ്വദേശിനി വിസ്മയ ജീവനൊടുക്കിയത്. അച്ഛന്‍ ത്രിവിക്രമന്‍ നായരുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്. ഭര്‍ത്താവ് കിരണ്‍ മര്‍ദിച്ചതായി കരഞ്ഞുകൊണ്ട് വിസ്മയ പറയുന്നു.
'ഇവിടെ നിര്‍ത്തിയിട്ട് പോവുകയാണെങ്കില്‍ എന്നെ കാണത്തില്ല, എനിക്ക് പറ്റത്തില്ല അച്ഛാ, സഹിക്കാന്‍ കഴിയുന്നില്ല.' ഇതാണ് വിസ്മയ പറയുന്നത്. വിവാഹം കഴിഞ്ഞ് ഒമ്പതാം ദിവസമാണ് വിസ്മയയും പിതാവുമായുള്ള ഈ സംഭാഷണം നടക്കുന്നത്.
കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍ സുജിത്താണ് നാളെ കേസില്‍ വിധി പ്രസ്താവിക്കുക. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളത്തിന്റെ മനഃസാക്ഷിയെ ഉലച്ച കേസില്‍ കോടതി വിധി പറയുന്നത്.
ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 2021 ജൂണ്‍ 21ന് ഭര്‍ത്തൃ ഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും പീഡിപ്പിച്ചതായാണ് കേസ്.
ഏഴ് വകുപ്പുകളാണ് പ്രതിയായ കിരണ്‍ കുമാറിനെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്. വിസ്മയ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് വിചാരണ പൂര്‍ത്തിയായി വിധി പറയുന്നത്. 42 സാക്ഷികളും, 120 രേഖകളും, 12 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റല്‍ തെളിവുകളും കേസില്‍ നിര്‍ണായകമാണ്. ജനുവരി പത്തിനാണ് കേസില്‍ വിചാരണ ആരംഭിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് കിരണിന്റെ ശാസ്താംനടയിലെ വീട്ടില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പിതാവ് ത്രിവിക്രമന്‍ നായര്‍, സഹോദരന്‍ വിജിത്ത് എന്നിവരാണ് കേസിലെ മുഖ്യ സാക്ഷികള്‍. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മോഹന്‍രാജാണ് ഹാജരായത്
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.