സ്‌പേസ് സ്യൂട്ടിന് നിലവാരമില്ല; ബഹിരാകാശ നടത്തം നിര്‍ത്തിവച്ചു

സ്‌പേസ് സ്യൂട്ടിന് നിലവാരമില്ല; ബഹിരാകാശ നടത്തം നിര്‍ത്തിവച്ചു

ഫ്‌ളോറിഡ: ബഹിരാകാശ യാത്രയ്ക്ക് ഉപയോഗിച്ച സ്‌പേസ് സ്യൂട്ടിന് നിലവാരമില്ലെന്ന് കണ്ടെത്തിയതോടെ വരാനിരിക്കുന്ന ബഹിരാകാശ നടത്തം താല്‍കാലികമായി നിര്‍ത്തിവച്ച് നാസ. സ്‌പേസ് സ്യൂട്ടിന്റെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിച്ച ശേഷം മാത്രം ഇനി സ്പേസ് വോക്ക് തുടർന്നാൽ  മതിയെന്നാണ് നാസയുടെ തീരുമാനം.

കഴിഞ്ഞ മാസം അന്തര്‍ദേശീയ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ച ജര്‍മ്മന്‍ ബഹിരാകാശ സഞ്ചാരി മത്തിയാസ് മൗററുടെ ഹെല്‍മറ്റിനുള്ളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് ഇപ്പോഴുണ്ടായ തീരുമാനത്തിനു കാരണം. മുന്‍പും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നും സ്പേസ് വോക്ക്  നാസ വെട്ടിച്ചുരുക്കിയിരുന്നു.

2013ല്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ബഹിരാകാശ സഞ്ചാരി ലൂക്കാ പര്‍മിറ്റാനോയുടെ ഹെല്‍മറ്റിനുള്ളിലാണ് ഇത്തരത്തില്‍ വെള്ളം കെട്ടി നിന്നിരുന്നത്. കണ്ണും മൂക്കും ചെവിയും പൊതിഞ്ഞ നിലയില്‍ വെള്ളം നിറഞ്ഞതോടെ മരണത്തിന്റെ വക്കിലെത്തിയ പര്‍മിറ്റാനോ അത്ഭുതകരമായാണ് അന്ന് രക്ഷപെട്ടത്.

പിന്നീട് മുന്‍കരുതല്‍ എന്ന നിലയില്‍ ഈര്‍പ്പം ആഗീര്‍ണം ചെയ്യുന്ന സ്‌പോഞ്ച് ഹെല്‍മറ്റിനുള്ളില്‍ സ്ഥാപിച്ചു. എന്നിട്ടും വെള്ളം വീണ്ടും കണ്ടത് ഗൗരവമായാണ് നാസ കാണുന്നത്. അടുത്ത ജൂലൈയില്‍ ഇദ്ദേഹം മടങ്ങി എത്തിയ ശേഷം സ്യൂട്ട് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. വെള്ളം കെട്ടി നില്‍ക്കുന്നതിന്റെ കാരണം കണ്ടെത്തി ശ്വാശത പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുമെന്നും നാസ വ്യക്തമാക്കി.

ഇപ്പോള്‍ സംഘം ബഹിരാകാശ നിലയാത്തിലാണുള്ളത്. നിലയത്തിലുള്ളില്‍ സ്യൂട്ട് ധരിക്കേണ്ടതില്ല. എന്നാല്‍ സ്പേസ് വോക്ക് നടത്തുമ്പോഴും മടക്കയാത്രയിലും സ്‌പേസ് സ്യൂട്ട് ധരിക്കണം. 16 മുതല്‍ 20 മണിക്കൂര്‍ വരെയാണ് മടക്കയാത്രയ്ക്ക് വേണ്ടിവരുന്നത്. ഇത്രയും സമയം ഹെല്‍മറ്റിനുള്ളില്‍ വെള്ളംകെട്ടി നില്‍ക്കുന്ന സ്ഥിതി വലിയ അപകടത്തിന് വഴിവെച്ചേക്കാം. അതൊഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും നാസ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.