നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് അതിജീവിത.
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും നീതി ഉറപ്പാക്കാനുള്ള ഇടപെടല്‍ കോടതിയുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും വ്യക്തമാക്കിയാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഈ മാസം 30നാണ് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്. കാവ്യാമാധവന്‍ അടക്കമുള്ളവരെ പ്രതി ചേര്‍ക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് അതിജീവിതയുടെ ഹര്‍ജി. ഹര്‍ജി വരും ദിവസങ്ങളില്‍ ഹൈക്കോടതി പരിഗണിക്കും.
ദിലീപിന്റെ അഭിഭാഷകരുടെ ചോദ്യം ചെയ്യല്‍ ഇല്ലാതെ ഈ കേസ് പൂര്‍ത്തിയാക്കാനാകില്ലെന്ന് പൊലീസ് കോടതിയില്‍ പലവട്ടം ആവശ്യപ്പെട്ടതാണ്. അഭിഭാഷകര്‍ കേസ് അട്ടിമറിക്കാന്‍ കൂട്ട് നിന്നതിന് തെളിവുണ്ടെന്നും മൊബൈല്‍ ഫോണുകള്‍ മുംബയിലേക്ക് കൊണ്ടുപോയത് നാല് അഭിഭാഷകരാണെന്നും അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അതില്‍ നിന്നും പിന്മാറി കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാനൊരുങ്ങുന്നത് മറ്റു ചില ഇടപെടലുകളുടെ ഭാഗമാണെന്ന സംശയവും വര്‍ധിപ്പിക്കുന്നു. അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്.
ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും ഭരണ കക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും ഹര്‍ജിയില്‍ അതിജീവിത ആരോപിച്ചിട്ടുണ്ട്. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റു വഴികളില്ലെന്നും അവര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.