'തായ്‌വാനില്‍ കടന്നുകയറാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കും': ചൈനയ്ക്ക് ബൈഡന്റെ മുന്നറിയിപ്പ്

'തായ്‌വാനില്‍ കടന്നുകയറാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കും': ചൈനയ്ക്ക് ബൈഡന്റെ മുന്നറിയിപ്പ്

ടോക്കിയോ: ചൈന തായ്‌വാന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചാല്‍ യു.എസ് സേന പ്രതിരോധിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ചൈന തീ കൊണ്ടാണ് തലചൊറിയുന്നതെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കി. ക്വാഡ് ഉച്ചകോടിക്കായി ടോക്കേിയോയിലെത്തിയ ബൈഡന്‍ ജപ്പാന്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്.

പ്രദേശത്ത് ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് യു.എസിന്റെ മുന്നറിയിപ്പ്. അമേരിക്കയും ജപ്പാന്‍ അടക്കമുള്ള സഖ്യകക്ഷികളും ശക്തമായ താക്കീതാണ് ചൈനയുടെ ഏകപക്ഷീയമായ സൈനിക നടപടിയില്‍ പ്രകടിപ്പിച്ചത്. ഉക്രെയ്‌നുമേലുള്ള റഷ്യയുടെ അധിനിവേശത്തെയും അപലപിച്ചു.

ചൈന-റഷ്യ സംയുക്ത നാവിക പ്രവര്‍ത്തനം വീക്ഷിക്കാനും യു.എസ്-ജപ്പാന്‍ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചു. തായ്‌വാനു മേല്‍ ചൈനയുടെ അധിനിവേശമുണ്ടായാല്‍ അമേരിക്ക ഇടപെടുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'ഉവ്വ്' എന്നായിരുന്നു ബൈഡന്റെ മറുപടി. ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുക എന്നത് ശരിയായ നടപടിയല്ല. ഉക്രെയ്‌നില്‍ റഷ്യ നടത്തിയതിനു സമാനമായ അധിനിവേശമായിരിക്കും അത്. തന്ത്രപരമായ സേനാമുന്നേറ്റമാണ് ചൈന നടത്തുന്നത്. ഉക്രെയ്‌നില്‍ അധിനിവേശം നടത്തിയതിന് റഷ്യ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിഴ ഒടുക്കേണ്ടി വരും. തായ്‌വാന്‍ കീഴടക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്കുള്ള സൂചനയാണിത് - ബൈഡന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 239 ദിവസങ്ങളിലായി 961 തവണയാണ് ചൈന തായ്‌വാനില്‍ കടന്നുകയറ്റത്തിന് ശ്രമിച്ചത്. സ്വയംഭരണം നടത്തുന്ന തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.