മഞ്ഞളിലെ 'കുര്‍ക്കുമിന്‍' രോഗപ്രതിരോധ രംഗത്തെ കേമന്‍; ഇന്ത്യയ്ക്ക് അഭിമാന നേട്ടം

 മഞ്ഞളിലെ 'കുര്‍ക്കുമിന്‍' രോഗപ്രതിരോധ രംഗത്തെ കേമന്‍; ഇന്ത്യയ്ക്ക് അഭിമാന നേട്ടം

ഇന്റര്‍നെറ്റിലെ പോഷകാഹാരത്തിന്റെയും അനുബന്ധ ഗവേഷണത്തിന്റെയും ഏറ്റവും വലിയ ഡാറ്റാബേസ്' എന്ന് സ്വയം വിളിപ്പേരുളള സൈറ്റാണ് എക്സാമിന്‍ ഡോട്ട്കോം(examine.com). ഈ വര്‍ഷാരംഭത്തില്‍ ഇതില്‍ ഏറ്റവും അധികം ആളുകള്‍ തിരഞ്ഞത് കുര്‍ക്കുമിനെ പറ്റിയാണ്. ഈയൊരു റിപ്പോര്‍ട്ട് ഇന്ത്യയെ സംബന്ധിച്ച് അഭിമാന നേട്ടമാണ്. വെബ്‌സൈറ്റില്‍ ഏറ്റവുമധികം തിരഞ്ഞത് കുര്‍ക്കുമിന്‍ എന്ന പ്രത്യേക മഞ്ഞ-ഓറഞ്ച് രാസവസ്തുവാണെന്നായിരുന്നു റിപ്പോര്‍ട്ട്. കുര്‍ക്കുമിന്‍ എന്നത് മഞ്ഞളിന്റെ റൈസോമുകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഒന്നാണ്. ഇഞ്ചി കുടുംബത്തിലെ ഉയരം കൂടിയ ഒരു ചെടിയായ ഇത് ഏഷ്യയില്‍ നിന്നുള്ളതാണിതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നമ്മുടെ സ്വന്തം മഞ്ഞളില്‍ ഒളിഞ്ഞിരിക്കുന്ന കുര്‍ക്കുമിന്റെ ഗുണങ്ങളെക്കുറിച്ച് ലോകത്തിന് മുഴുവന്‍ അറിവ് പകരുന്ന റിപ്പോര്‍ട്ടാണ് ഗാര്‍ഡിയനില്‍ ഉള്ളത്. കുര്‍ക്കുമിന്റെ പ്രധാനപ്പെട്ട ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ ചുവടെ ചേര്‍ക്കുന്നു.

പഠനങ്ങളില്‍ പറയുന്നത് കുര്‍ക്കുമിന്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നവയാണെന്നാണ്. മഞ്ഞളില്‍ ആന്റി വൈറല്‍, ആന്റി ഫംഗസ്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍, ഇത് കഴിക്കുന്നത് കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു.

കുര്‍കുമിനെക്കുറിച്ചുള്ള അന്വേഷകരുടെ ഈ ജിജ്ഞാസ 'വെല്‍നസ്' ബിസിനസ് രംഗം ഏറെ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്. ടാബ്ലെറ്റ് ഡയറ്ററി സപ്ലിമെന്റുകളിലെ ഉപയോഗത്തിന് പുറമെ, കുര്‍ക്കുമിന്‍ കൂടുതല്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സിറ്റ്‌സ്, എക്‌സിമ എന്നിവയെ നേരിടാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ചുണ്ടുകള്‍ വരണ്ടുണങ്ങുന്നത് തടയുന്നു. കൂടാതെ വാര്‍ധക്യത്തിന്റെ ഗതി മന്ദീഭവിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള കുര്‍ക്കുമിന്‍ വിപണി അളവ് 2028-ഓടെ 191m (£156m) ഡോളര്‍ കൈവരിക്കുമെന്നാണ് പുതിയ ചില റിപ്പോര്‍ട്ടുകള്‍ പ്രവചിക്കുന്നത്.

ബീറ്റാ കരോട്ടിന്‍, അസ്‌കോര്‍ബിക് ആസിഡ്, കാല്‍സ്യം, ഫൈബര്‍, ഇരുമ്പ്, നിയാസിന്‍, പൊട്ടാസ്യം, സിങ്ക്, ഫ്‌ലേവനോയ്ഡുകള്‍, മറ്റ് പോഷകങ്ങള്‍ എന്നിവയുള്‍പ്പെടെ 300 ലധികം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ഔഷധ സസ്യമാണ് മഞ്ഞള്‍. എന്നാല്‍ മഞ്ഞളില്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഏറ്റവും സജീവമായ സംയുക്തം കുര്‍ക്കുമിന്‍ ആണ്.

രോഗ പ്രതിരോധ ശേഷി കൂട്ടാന്‍ മഞ്ഞള്‍ കഴിക്കാന്‍ പല രീതികള്‍ ഉണ്ട്. കുരുമുളകിന്റെ ഒപ്പം കഴിക്കുമ്പോള്‍ മഞ്ഞള്‍ ശരീരത്തില്‍ ആഗിരണം ചെയ്യുന്നത് 2000 മടങ്ങ് വര്‍ധിപ്പിക്കുന്നു. തിളപ്പിച്ച പാലില്‍ മഞ്ഞള്‍ ചേര്‍ത്ത പാനീയം രോഗപ്രതിരോധ ശേഷി ഉള്‍പ്പെടെയുള്ള ആരോഗ്യപരമായ പല ഗുണങ്ങളും ഉള്ള ഒരു അമൃതമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് ശ്വാസകോശ അണുബാധയുള്ളവര്‍ക്ക് ദിവസവും മഞ്ഞള്‍ പാല്‍ കുടിക്കുന്നത് ഏറെ ഗുണകരമാണ്. ഈ പാനീയത്തെ സ്വര്‍ണ പാല്‍ എന്നും വിളിക്കുന്നു. വിവിധ രോഗങ്ങളുടെയും അവസ്ഥകളുടെയും ചികിത്സയില്‍ മഞ്ഞള്‍ പ്രയോജനകരമായ ഫലം ഉളവാക്കുന്നു എന്നു കണക്കാക്കപ്പെടുന്നു.

മഞ്ഞളിന്റെ മറ്റ് ഗുണങ്ങള്‍

* സുഗമമായ ദഹനത്തിന് സഹായിക്കുന്നു
* ഇത് രക്തം ശുദ്ധീകരിക്കുകയും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു
* ആമാശയത്തിലെ അള്‍സര്‍ ചികിത്സിക്കാന്‍ സഹായിക്കുന്നു
* ചര്‍മ്മത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നു
* ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു
* രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു

മഞ്ഞളില്‍ കുര്‍ക്കുമിനോയ്ഡ്‌സ് (curcuminoids )എന്നറിയപ്പെടുന്ന ബയോ ആക്റ്റീവ് സംയുക്തം അടങ്ങിയിരിക്കുന്നു, കൂടാതെ കുര്‍ക്കുമിന്‍ ( curcumin )അത്തരം കുര്‍ക്കുമിനോയ്ഡ് (curcuminoid) സംയുക്തങ്ങളില്‍ ഒന്നാണ്. മഞ്ഞളില്‍ 2%-9% കുര്‍ക്കുമിനോയ്ഡ് സാന്ദ്രത അടങ്ങിയിരിക്കുന്നു. അതിനാല്‍, കുര്‍ക്കുമിന്‍ മഞ്ഞളിന്റെ പ്രധാന സംയുക്തമായി കണക്കാക്കപ്പെടുന്നു..