കൊല്ലം: വിസ്മയ കേസില്‍ പത്തു വര്‍ഷം കധിന തടവിന് വിധിക്കപ്പെട്ട കിരണ്‍കുമാറിന്റെ ഇനിയുള്ള വാസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. ഇപ്പോള്‍ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റിയ പ്രതിയെ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം വൈകുന്നേരത്തോടെ പൂജപ്പുരയിലേക്ക് കൊണ്ടു പോകും.
ഇതിനിടെ ഇന്ന് വിചാരണ കോടതിയില്‍ പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകനുമായി നടന്നത് ശക്തമായ വാദപ്രതിവാദം. കേസില്‍ പ്രതി കിരണ്‍കുമാറിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ അത് പാടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
രാവിലെ 11 മണിയോടെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. ഇത് ഒരു വ്യക്തിക്കെതിരേയുള്ള കേസല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരേയുള്ള കേസാണ്.
സ്ത്രീധനം വാങ്ങിയ പ്രതി ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ കൂടിയാണ്. സ്ത്രീധനത്തിന് വേണ്ടി മാത്രമാണ് പ്രതി ഭാര്യയെ ഉപദ്രവിച്ചത്. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും അതിനാല്‍ ശിക്ഷാവിധി മാതൃകാപരമാകണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ശിക്ഷ വിധിക്കുന്നതിന് പ്രതിയായ കിരണ്‍കുമാറിനെ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. കോടതിക്ക് മുന്നില്‍ ശിരസ് കുനിച്ചു നിന്നിരുന്ന കിരണ്‍, ഇതോടെ മറുപടി നല്‍കി- 'അച്ഛനും അമ്മയ്ക്കും സുഖമില്ല.
അച്ഛന് ഓര്‍മക്കുറവുണ്ട്, അതിനാല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. അമ്മയ്ക്ക് രക്തസമ്മര്‍ദവും വാതരോഗവും പ്രമേഹവുമുണ്ട്'. കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നും കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും തന്റെ പ്രായം പരിഗണിക്കണമെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരന്‍ ഒരു വിലപിടിപ്പുള്ള ഉത്പന്നമാണെന്ന് സ്വയം ധരിക്കാന്‍ പാടില്ല. കിരണ്‍കുമാര്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്, വിദ്യാസമ്പന്നനാണ്. എന്നിട്ടും പ്രതിക്ക് പശ്ചാത്താപമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഭാര്യയുടെ മുഖത്ത് ബൂട്ടിട്ട്് ചവിട്ടിയതിലൂടെ എന്ത് സന്ദേശമാണ് പ്രതി സമൂഹത്തിന് നല്‍കുന്നത്.
ഈ കേസിലെ വിധി രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നതാണെന്നും അതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. പ്രതി നിരന്തര പീഡനത്തിലൂടെ ഭാര്യയുടെ ആത്മാവിനെ കൊന്നു. അതിനാല്‍ ജീവപര്യന്തം വരെ തടവ് നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കേസില്‍ ജീവപര്യന്തം ശിക്ഷ വിധിക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പരിഷ്‌കൃത സമൂഹത്തില്‍ ലോകത്തെവിടെയും ആത്മഹത്യാപ്രേരണാക്കുറ്റത്തിന് ജീവപര്യന്തം നല്‍കിയിട്ടില്ലെന്നും നേരത്തെ സ്ത്രീധനത്തെച്ചൊല്ലിയുള്ള കൊലപാതക കേസില്‍ സുപ്രീം കോടതി ഒരു പോലീസുകാരനെ പത്ത് വര്‍ഷം തടവിന് ശിക്ഷിച്ച കാര്യവും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
കൊലപാതകത്തിന് സമാനമല്ല ആത്മഹത്യ, നരഹത്യയും ആത്മഹത്യയും വ്യത്യസ്തമാണ്. പ്രതി നേരിട്ട് സ്ത്രീധനം ആവശ്യപ്പെട്ടതായി കേസില്‍ പറയുന്നില്ല. ഇത്തരം കേസില്‍ ഉള്‍പ്പെടുന്ന യൂണിഫോമിട്ട ആദ്യ വ്യക്തിയല്ല പ്രതി.
പ്രതി ജയിലിലൊന്നും മോശമായി പെരുമാറിയിട്ടില്ല, മറിച്ചാണെങ്കില്‍ ജാമ്യം ലഭിക്കില്ലായിരുന്നു. പ്രതിക്ക് പശ്ചാത്താപമില്ലെന്ന് പ്രോസിക്യൂഷന് എങ്ങനെ പറയാനാകും. പശ്ചാത്താപമില്ലെന്ന് പ്രോസിക്യൂഷന്‍ അളന്നു നോക്കിയോ എന്നും പ്രതിഭാഗം ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.