ടെക്‌സാസ്
: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി. ടെക്‌സാസിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ 19 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികളും രണ്ട് അധ്യാപികരുമാണു കൊല്ലപ്പെട്ടത്. കൊലയാളി പതിനെട്ടുകാരന്‍ സാല്‍വദോര്‍ റാമോസിനെ പൊലീസ് വെടിവെച്ചു കൊന്നു. 10 ദിവസം മുന്‍പു ന്യൂയോര്‍ക്കിലെ ബഫലോ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ നടുക്കം മാറും മുന്‍പാണ് അടുത്ത കൂട്ടക്കൊല.
സാന്‍ അന്റോണിയോയില്‍ നിന്ന് 70 മൈല്‍ അകലെയുള്ള ഉവാള്‍ഡയിലെ റോബ് പ്രൈമറി സ്‌കൂളിലാണ് സംഭവം. പരിക്കേറ്റ കുട്ടികളെ ഉവാള്‍ഡ മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്കു മാറ്റി.
ചൊവ്വാഴ്ച പ്രാദേശിക സമയം 11.32-നാണ് സംഭവം. അക്രമി കയ്യില്‍ രണ്ട് തോക്കുമായി സ്‌കൂളില്‍ ഓടിക്കയറി വെടിവെക്കുകയായിരുന്നു. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മുത്തശ്ശിയെ വെടിവെച്ചുകൊന്ന ശേഷമാണ് കൊലപാതകി സ്‌കൂളിലെത്തിയത്.
സ്‌കൂളിനു സമീപം വാഹനം ഇടിച്ചുനിര്‍ത്തിയ ശേഷം അക്രമി സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌കൂളില്‍ കടന്നയുടന്‍ 'ഗെറ്റ് റെഡി ടു ടൈ' എന്നു പറഞ്ഞ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കണ്ണില്‍പെട്ടവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ടെക്‌സസ് സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബുള്ളറ്റ് പ്രൂഫ് വസ്ത്രം പോലെയുള്ള ജാക്കറ്റ് ധരിച്ച അക്രമി പൊലീസുകര്‍ക്കു നേരേയും വെടിവയ്ക്കുകയും ഒന്നിലധികം ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒടുവില്‍ സംഭവസ്ഥലത്തു വച്ചു തന്നെ പ്രതിയെ കൊലപ്പെടുത്തുകയായിരുന്നു. സാല്‍വഡോര്‍ റാമോസ് എന്നയാളാണ് അക്രമിയെന്ന് ടെക്‌സാസ് ഗവര്‍ണര്‍ ഗ്രഗ് അബോട്ട് പറഞ്ഞു. ഇന്ന് അധ്യയന വര്‍ഷം അവസാനിക്കുന്ന ദിവസമാണ്. നാളെ മുതല്‍ വേനലവധി ആരംഭിക്കാനിരിക്കെയാണ് സ്‌കൂളില്‍ കൂട്ടക്കുരുതി നടന്നത്.
ആക്രമണത്തിനു പിന്നിലുള്ള ലക്ഷ്യം വ്യക്തമല്ല. ഇയാളുടെ കുടുംബ-ആരോഗ്യ പശ്ചാത്തലം പൊലീസ് പരിശോധിച്ച് വരികയാണ്. ഇന്റര്‍നെറ്റിലുള്ള അക്രമിയുടെ ഇടപെടലുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ആക്രമണത്തിന് പിന്നാലെ അമേരിക്കയില്‍ ദേശീയ പതാക താഴ്ത്തിക്കെട്ടി. സൂര്യാസ്തമയം വരെ ദേശീയ പതാക താഴ്ത്തിക്കെട്ടണമെന്നും ശനിയാഴ്ച വരെ തുടരണമെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശം. യു.എസ് ഭരണകൂടം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.