കൊച്ചി: നടിയെ ആക്രമിച്ച കേസും പി.സി ജോര്‍ജിന്റെ അറസ്റ്റും തൃക്കാക്കരയില്‍ പുതിയ പ്രചരണായുധമാകുന്നു. കേസ് ഒതുക്കാനുള്ള നീക്കത്തില്‍ നടി സര്‍ക്കാരിനെതിരേ ഹൈക്കോടതിയെ സമീപിച്ചത് ചൂണ്ടിക്കാണിച്ച് പിണറായി സര്‍ക്കാര്‍ സ്ത്രീ വിരുദ്ധമെന്ന പ്രചരണമാണ് യു.ഡി.എഫ് നടത്തുന്നത്.
ഇന്ധന വില കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പിടിച്ചു കയറി നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ പ്രചാരണമുന തിരിച്ച ബിജെപിക്ക് അപ്രതീക്ഷിതമായി കിട്ടിയ പിടിവള്ളിയായി പി.സി ജോര്‍ജിന്റെ അറസ്റ്റ്. പി.സിക്ക് പിന്തുണയുമായി പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും പിന്നിട് നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി.
പി.സി ജോര്‍ജിന്റെ അറസ്റ്റും ആക്രമിക്കപ്പെട്ട നടിയുടെ നിലപാടും ഇടതു മുന്നണിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്നാല്‍ നടിയുടെ കേസില്‍ അതിജീവിതയെ തള്ളിപ്പറയാതെ തന്നെ സര്‍ക്കാര്‍ വശം ന്യായീകരിക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട സംഭവങ്ങളുണ്ടായത് തൃക്കാക്കര മണ്ഡലത്തിലാണ്. കേസ് ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആളാണ് അന്തരിച്ച മുന്‍ എം.എല്‍.എ പി.ടി തോമസ്. ഇപ്പോള്‍ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണമുയരുമ്പോള്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഉമാ തോമസ് തന്നെ അതിനെതിരേ രംഗത്തു വന്നിരിക്കുകയാണ്.
നടിയുടെ കേസും കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സ്ത്രീകല്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമവും ഉയര്‍ത്തി കാണിച്ച് സര്‍ക്കാരിന്റെ നയങ്ങള്‍ സ്ത്രീ വിരുദ്ധമെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താനാണ് യുഡിഎഫ് ശ്രമം. ഇതുവഴി സ്ത്രീകളുടെ വോട്ടുകള്‍ സ്വാധീനിക്കാനാകുമെന്നും യുഡിഎഫ് കേന്ദ്രങ്ങള്‍ കരുതുന്നു.
പി.സി ജോര്‍ജിന്റെ അറസ്റ്റ് ക്രൈസ്തവ വേട്ടയാണെന്ന പ്രചാരണമുയര്‍ത്തി തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ ഭൂരിപക്ഷം വരുന്ന ക്രൈസ്തവ വോട്ടുകളില്‍ വിള്ളലുണ്ടാക്കാനുള്ള കരുനീക്കങ്ങള്‍ ബിജെപി ആരംഭിച്ചു കഴിഞ്ഞു. പി.സിയുടെ അറസ്റ്റില്‍ സര്‍ക്കാരിന്റെയോ, ഇടത് മുന്നണിയുടെയോ ഔദ്യോഗിക പ്രതികരണങ്ങള്‍ ഇതുവരെ വന്നിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.