ടെക്‌സാസ് വെടിവയ്പ്പിന് മുന്‍പ് തോക്കിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച് അക്രമി; കൊല്ലപ്പെട്ടത് ഒരേ ക്ലാസിലെ കുട്ടികള്‍

ടെക്‌സാസ് വെടിവയ്പ്പിന് മുന്‍പ് തോക്കിന്റെ ചിത്രങ്ങള്‍  സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച് അക്രമി; കൊല്ലപ്പെട്ടത് ഒരേ ക്ലാസിലെ കുട്ടികള്‍

ടെക്‌സാസ്: അമേരിക്കയിലെ സ്‌കൂളില്‍ നടന്ന വെടിവെയ്പ്പില്‍ ദാരുണമായി കൊല്ലപ്പെട്ടത് ഒരേ ക്ലാസില്‍ പഠിക്കുന്ന 18 കുരുന്നുകള്‍. 'ഗെറ്റ് റെഡി ടു ഡൈ' എന്ന് ആക്രോശിച്ച് ക്ലാസിലേക്കു പാഞ്ഞുവന്ന പതിനെട്ടുകാരന്റെ ചോരക്കൊതിയില്‍ പൊലിഞ്ഞത് നിഷ്‌കളങ്കരായ കുഞ്ഞുങ്ങളും അവരുടെ പ്രിയപ്പെട്ട രണ്ട് അധ്യാപികമാരും. ആക്രമണം നേരിട്ടു കണ്ട കുഞ്ഞുങ്ങളും സ്‌കൂള്‍ ജീവനക്കാരും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തിന്റെ ആഘാതത്തില്‍നിന്നു മോചിതരായിട്ടില്ല.

അമേരിക്കയില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലകളില്‍ ലോകമാകെ നടുങ്ങിയിരിക്കുകയാണ്.

പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് കണക്ടിക്കട്ടിലെ സാന്‍ഡി ഹൂക്ക് സ്‌കൂളില്‍ നടന്ന വെടിവെയ്പ്പിനെതുടര്‍ന്നുണ്ടായ സമാനമായ സാഹചര്യങ്ങളിലൂടെയാണ് അമേരിക്ക ഇന്നു വീണ്ടു കടന്നുപോയത്. വെടിയേറ്റ് ചിതറിക്കിടക്കുന്ന കുഞ്ഞുങ്ങള്‍, മക്കളെ അന്വേഷിച്ചെത്തുന്ന മാതാപിതാക്കളുടെ ആശങ്ക, മരിച്ചത് സ്വന്തം മകനോ മകളോ ആണെന്നു തിരിച്ചറിയുമ്പോഴുള്ള അലമുറകള്‍... ഇങ്ങനെ നീളുകയാണ് ദുഖകരമായ കാഴ്ച്ചകള്‍.


ദുരന്തവാര്‍ത്തയറിഞ്ഞ് സ്‌കൂളിലെത്തിയ കുടുംബാംഗങ്ങള്‍ വിങ്ങിപ്പൊട്ടുന്നു

അടുത്ത ദിവസം മുതല്‍ സ്‌കൂളിന് വേനലവധി ആരംഭിക്കുന്ന സന്തോഷത്തിലേക്കാണ് സങ്കടക്കടല്‍ ഇരച്ചെത്തിയത്. ചിരിച്ചും കളിച്ചും പൂമ്പാറ്റകളെപ്പോലെ നടന്ന കുഞ്ഞുങ്ങള്‍ ഒരു നിമിഷം കൊണ്ട് ഇല്ലാതായത് ഇപ്പോഴും പല മാതാപിതാക്കള്‍ക്കും ഉള്‍ക്കൊള്ളനായിട്ടില്ല. ക്ലാസ് വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച് മണിക്കൂറുകള്‍ക്കകമാണ് പല കുട്ടികളും മരിച്ചത്.

ഉവാള്‍ഡിലെ റോബ് എലിമെന്ററി സ്‌കൂളിലെ ക്ലാസ് മുറിയിലേക്ക് അതിക്രമിച്ചു കയറിയ പതിനെട്ടുകാരന്‍ സാല്‍വദോര്‍ റാമോസ് അവിടെയുണ്ടായിരുന്ന കുട്ടികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും രക്ഷപ്പെടാനാവാത്ത വിധം തടസം സൃഷ്ടിച്ചാണ് തുടരെ വെടിയുതിര്‍ത്തതെന്ന് ടെക്സസ് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പബ്ലിക് സേഫ്റ്റി വക്താവ് ലെഫ്റ്റനന്റ് ക്രിസ് ഒലിവാരസ് പറഞ്ഞു.

വിവരമറിഞ്ഞ് പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്‌കൂളിന് ചുറ്റും വലയം തീര്‍ക്കുകയും ക്ലാസ് മുറികളുടെ ജനാലകള്‍ തകര്‍ത്ത് കുട്ടികളെയും ജീവനക്കാരെയും രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

മരിച്ചവരെ എല്ലാം തിരിച്ചറിയുകയും അവരുടെ കുടുംബങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ലെഫ്റ്റനന്റ് ക്രിസ് പറഞ്ഞു. വെടിവയ്പ്പില്‍ നിരവധി കുട്ടികള്‍ക്കു പരിക്കേറ്റിട്ടുമുണ്ട്.

ക്ലാസ് മുറിയില്‍ 25 മുതല്‍ 30 വരെ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. രണ്ട് അധ്യാപികമാരും അവിടെയുണ്ടായിരുന്നു.

അക്രമി ആദ്യം മുത്തശ്ശിയെ വെടിവെച്ച ശേഷമാണ് സ്‌കൂളിലെത്തിയത്. ഇവര്‍ ജീവനോടെയുണ്ടെന്നാണ് പോലീസ് നല്‍കുന്ന റിപ്പോര്‍ട്ടുകള്‍. മുത്തച്ഛനെയും അടുത്ത കുടുംബാംഗങ്ങളെയും കണ്ടെത്താന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെന്നും ക്രിസ് ഒലിവാരസ് പറഞ്ഞു.

സ്‌കൂളിനു സമീപം വാഹനം ഇടിച്ചുനിര്‍ത്തിയ ശേഷം പുറത്തിറങ്ങിയ അക്രമിയുടെ കൈയില്‍
റൈഫിളും എണ്ണമറ്റ വെടിയുണ്ടകളുമുണ്ടായിരുന്നു. വെടിയുണ്ടകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള മേല്‍വസ്ത്രവും ധരിച്ചിരുന്നു. തോക്കിന്റെ ചിത്രങ്ങള്‍ റമോസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

റാമോസ് ഉവാള്‍ഡയിലെ ഒരു ഹൈസ്‌കൂളുകളിലാണു പഠിച്ചത്. മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നത്. തൊഴില്‍രഹിതനാണ്. സുഹൃത്തുക്കളോ കാമുകിയോ ഇല്ല. ക്രിമിനല്‍ ചരിത്രവുമില്ലെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

സംഭവത്തിനു മുന്‍പ് റാമോസ് ഇന്‍സ്റ്റഗ്രാമില്‍ ഒരു പെണ്‍കുട്ടിക്ക് സന്ദേശം അയച്ചിരുന്നു. ഞാന്‍ ഒരുങ്ങിപ്പുറപ്പെടുകയാണെന്ന് പെണ്‍കുട്ടിക്കയച്ച സന്ദേശത്തില്‍ അയാള്‍ പറഞ്ഞു.

'എനിക്ക് ഒരു രഹസ്യം ലഭിച്ചു, എനിക്കത് നിങ്ങളോട് പറയണം. ഞാന്‍ പോകാനൊരുങ്ങുകയാണ്'. എന്തു ചെയ്യാനാണെന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിന് 11 മണിക്കു മുമ്പ് പറയാമെന്ന് റാമോസ് പറഞ്ഞു. റോമസ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത തോക്ക് പിടിച്ച് നില്‍ക്കുന്ന ഫോട്ടോയിലും പെണ്‍കുട്ടിയെ ടാഗ് ചെയ്തിരുന്നു. 18 വയസ് തികഞ്ഞപ്പോള്‍ തോക്കുകള്‍ നിയമപരമായി തന്നെയാണ് ഇയാള്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ വായനയ്ക്ക്:

അമേരിക്കയില്‍ വീണ്ടും കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി; പതിനെട്ടുകാരന്‍ നടത്തിയ വെടിവയ്പ്പില്‍ 18 വിദ്യാര്‍ഥികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു

കൊലക്കളമായി സ്‌കൂള്‍; പൊലിഞ്ഞത് 26 ജീവനുകള്‍: യു.എസിനെ നടുക്കിയ സാന്‍ഡി ഹൂക്ക് കൂട്ടക്കൊലയ്ക്ക് ഒന്‍പതു വര്‍ഷം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.