കോട്ടയം: കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി  നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു നല്‍കുന്ന മന്ത്രിസഭാനിര്‍ദ്ദേശത്തിലെ നിയമാനുസൃതമെന്ന പദപ്രയോഗത്തിന്റെ പിന്നിലുള്ള ഏറെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ നിബന്ധനകള്‍ പ്രായോഗികമല്ലെന്നും മലയോരജനതയെ  വിഢികളാക്കുന്ന മന്ത്രിസഭാതീരുമാനം തിരുത്തലുകള്‍ക്ക് വിധേയമാക്കണമെന്നും  ഇന്‍ഫാം ദേശിയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
വന്യജീവി സംരക്ഷണ നിയം 11 ( 1 ) (ബി) പ്രകാരം മനുഷ്യന്റെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യമൃഗങ്ങളെ  വേട്ടയാടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം ഉണ്ട്. ഈ അധികാരമാണ് മന്ത്രിസഭാതീരുമാനത്തോടെ തദ്ദേശ സ്വയംഭരണ അദ്ധ്യക്ഷന്മാര്‍ക്ക് നല്‍കിയത്. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ മാത്രമെ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്മാര്‍ക്ക് നിലവില്‍ അധികാരം നല്‍കിയിട്ടുള്ളു. വന്യജീവി സങ്കേതങ്ങള്‍ ചുറ്റുമുള്ള ഗ്രാമപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കട്ടുപന്നി ശല്യമുള്ളത്. വന്യജീവി സങ്കേതത്തിന്റെ 10 കി.മീറ്റര്‍ ചുറ്റളവിലുള്ള വ്യക്തികള്‍ക്ക് തോക്ക് ലൈസന്‍സ് ലഭ്യമാവണമെങ്കില്‍ വനം വകുപ്പിന്റെ  എന്‍ഒസി നിര്‍മ്പന്ധമാണ്. ഈ കാരണത്താല്‍ കാലവധി അവസാനിച്ച തോക്ക് ലൈസന്‍സ് പുതുക്കി എടുക്കാനോ, പുതിയ ലൈസന്‍സ് ലഭിക്കുവാനും വനം വകുപ്പ് തടസ്സം സൃഷ്ടിക്കുന്നു.
നാമമാത്രമായ ലൈസന്‍സുള്ള തോക്കുകാരെ കൊണ്ട് തീരാവുന്ന പ്രശ്‌നമല്ല കാട്ടുപന്നി ശല്യം. രൂക്ഷമായി ക്കൊണ്ടിരിക്കുന്ന കാട്ടുപന്നി ശല്ല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കാതെ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്ക് അധികാരം കൈമാറിയെന്ന് വരുത്തിത്തീര്‍ക്കല്‍ മാത്രമാണ് നിലവിലെ മന്ത്രിസഭാ തീരുമാനം. 'വിഷ പ്രയോഗം, സ്ഫോടകവസ്തു പ്രയോഗം, വൈദ്യുതിഷോക്ക് ഏല്‍പ്പിക്കല്‍, കുരുക്കിട്ട് പിടിക്കല്‍ എന്നീ മാര്‍ഗങ്ങളിലൂടെ കാട്ടുപന്നികളെ നശിപ്പിക്കാന്‍ പാടുള്ളതല്ല. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി കത്തിക്കുകയോ, മറവ് ചെയ്യുകയോ ചെയ്യേണ്ടതും ആയത് ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തേണ്ടതുമാണെന്ന മന്ത്രിസഭാ തീരുമാനത്തിന്റെ നിബന്ധനകള്‍ വന്യജീവിസംരക്ഷണ നിയമത്തിലൊരിടത്തുമില്ല. ജഡം ശാസ്ത്രീയമായി മറവുചെയ്യുകയല്ല മറിച്ച് വനം വകുപ്പ് ഏറ്റെടുത്ത് പൊതുവിപണിയില്‍ ഇറച്ചി ലേലംചെയ്ത് ലഭിക്കുന്ന പണം സര്‍ക്കാര്‍ ഖജനാവിലേയ്ക്കടയ്ക്കുകയാണ് വേണ്ടത്.
കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ ഏതു വിധേനയും നശിപ്പിക്കുവാന്‍ ഇരുന്നുറിലധികം കര്‍ഷകര്‍ക്ക് ബഹു: കേരളാ ഹൈക്കോടതി നേരത്തെ ഉത്തരവിറക്കി അനുമതി നല്‍കിയിട്ടുള്ളതാണ്. സര്‍ക്കാര്‍  സമാന ഉത്തരവ് ഇറക്കിയാല്‍ മാത്രമെ കാട്ടുപന്നി ശല്ല്യത്തിന് ശാശ്വതപരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. നിലവിലെ മന്ത്രിസഭാ തീരുമാനം ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയുള്ള രാഷ്ട്രീയ അടവ് മാത്രമാണ്. സര്‍ക്കാര്‍ സമീപനം ആത്മാര്‍ത്ഥതയുള്ളതെങ്കില്‍ തീരുമാനത്തില്‍ തിരുത്തലുകള്‍ വരുത്തണമെന്നും മലയോരജനതയുടെ ജീവസംരക്ഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.