'രാഷ്ട്രീയം അറിയില്ലെങ്കില്‍ വീട്ടില്‍ പോയി പാചകം ചെയ്യൂ'; വനിതാ എം പിയെ പരസ്യമായി അധിക്ഷേപിച്ച് ബിജെപി നേതാവ്

'രാഷ്ട്രീയം അറിയില്ലെങ്കില്‍ വീട്ടില്‍ പോയി പാചകം ചെയ്യൂ'; വനിതാ എം പിയെ പരസ്യമായി അധിക്ഷേപിച്ച് ബിജെപി നേതാവ്

മുംബൈ: വനിതാ എംപിക്ക് നേരെ ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീലിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. എന്‍സിപി എംപിയായ സുപ്രിയ സുലെയോടാണ് ചന്ദ്രകാന്ത് മോശമായി പ്രതികരിച്ചത്. രാഷ്ട്രീയം മനസിലായില്ലെങ്കില്‍ വീട്ടില്‍ പോയി പാചകം ചെയ്തിരിക്കൂ എന്നായിരുന്നു വിവാദ പ്രസ്താവന.

കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി യോഗത്തില്‍ ഒബിസി സംവരണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു സുപ്രിയ. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിന് ഒബിസി സംവരണത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് എങ്ങനെ ഇളവ് ലഭിച്ചുവെന്നാണ് അവര്‍ ചോദിച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ വന്ന് ഒരാളെ കണ്ടു, പിന്നെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. രണ്ടു ദിവസത്തിനുള്ളില്‍ ഒബിസി സംവരണത്തിന് അനുമതിയും ലഭിച്ചു. സുപ്രിയയുടെ ഈ പ്രസ്താവനയാണ് ചന്ദ്രകാന്ത് പാട്ടിലീനെ പ്രകോപിപ്പിച്ചത്.

നിങ്ങള്‍ എന്തിനാണ് രാഷ്ട്രീയത്തില്‍ നില്‍ക്കുന്നത്. വീട്ടില്‍ പോയി പാചകം ചെയ്യൂ. നിങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകയായിട്ടും എങ്ങനെയാണ് മുഖ്യമന്ത്രിയെ കാണേണ്ടതെന്ന് അറിയില്ല. നിങ്ങള്‍ ഡല്‍ഹിക്ക് പോവുകയോ നരകത്തില്‍ പോവുകയോ എവിടെ വേണമെങ്കിലും പോവുക. പക്ഷേ സംവരണം നല്‍കൂ എന്നാണ് പാട്ടീല്‍ മറ്റൊരു യോഗത്തില്‍ സുപ്രിയയെ ലക്ഷ്യം വച്ച് പ്രതികരിച്ചത്.

അതേസമയം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സുപ്രിയയുടെ ഭര്‍ത്താവ് സദാനന്ദ് സുലെ ഈ വിഷയത്തില്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ബിജെപി എപ്പോഴും സ്ത്രീ വിരുദ്ധരും കഴിയുമ്പോഴെല്ലാം സ്ത്രീകളെ അപമാനിക്കുന്നവരുമാണ്. ഇന്ത്യയിലെ നിരവധി സ്ത്രീകളെ പോലെ എന്റെ ഭാര്യ ഒരു വീട്ടമ്മയും അമ്മയും വിജയിച്ച ഒരു രാഷ്ട്രീയക്കാരിയായതിലും ഞാന്‍ അഭിമാനിക്കുന്നു. ബിജെപി നേതാവിന്റെ പ്രസ്താവന സ്ത്രീകള്‍ക്ക് അപമാനമാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.