കഴിഞ്ഞ ഒക്ടോബറില്‍ ബ്രിസ്ബന്‍ സിനഗോഗിന് മുകളില്‍ നാസി പതാക ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ (ഫയല്‍ ചിത്രം)
ബ്രിസ്ബന്‍: സ്വസ്തിക ഉള്‍പ്പടെയുള്ള നാസി ചിഹ്നങ്ങളുടെ പൊതു പ്രദര്‍ശനം നിരോധിക്കാന്‍ നിയമ നിര്‍മാണത്തിനൊരുങ്ങി ക്വീന്‍സ് ലാന്‍ഡ് സര്‍ക്കാര്‍. പ്രാദേശികമായി നിയോ-നാസി (നവ നാസിസം) പ്രവര്‍ത്തനങ്ങള്‍ അടുത്തിടെ വര്‍ധിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. നിയമനിര്‍മ്മാണത്തിനുള്ള ബില്‍ പ്രീമിയര്‍ അന്നാസ്റ്റാസിയ പലാസുക്ക് ക്വീന്‍സ് ലാന്‍ഡ് പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കും.
വര്‍ഗീയ പ്രചാരണങ്ങള്‍ക്കും അക്രമങ്ങള്‍ക്കും തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വിദ്വേഷവും ഭയവും വളര്‍ത്തുന്ന ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കുന്നത്. നിയമം പ്രാബല്യത്തിലാകുന്നതോടെ നാസി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കും.
വിദ്യാഭ്യാസപരമോ ചരിത്രപരമോ ആയ ആവശ്യങ്ങള്‍ക്ക് ഒഴികെ സ്വസ്തിക പോലുള്ള നാസി ചിഹ്നങ്ങളുടെ നിരോധനം ആണ് നടപ്പാക്കുന്നത്.
അതേസമയം, സ്വസ്തിക മതചിഹ്നങ്ങളായി ഉപയോഗിക്കുന്ന ഹിന്ദുക്കള്‍ക്കും ബുദ്ധമത വിശ്വാസികള്‍ക്കും ജൈനര്‍ക്കും ഇളവ് ഉണ്ടായിരിക്കും.
കഴിഞ്ഞ വര്‍ഷം അവസാനം ബ്രിസ്ബനിലെ ഒരു സിനഗോഗിന് സമീപം ഒരാള്‍ ഉയര്‍ത്താന്‍ ശ്രമിച്ച നാസി പതാക പോലീസ് പിടിച്ചെടുത്തിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഒരു ട്രെയിനിന്റെ ഭിത്തിയില്‍ സ്വസ്തിക ചിഹ്നം വരച്ചിട്ടതായും കണ്ടെത്തി. ഈ പശ്ചാത്തലത്തിലാണ് നിയമനിര്‍മാണത്തിനൊരുങ്ങുന്നതെന്ന് സംസ്ഥാന പ്രീമിയര്‍ അന്നാസ്റ്റാസിയ പറഞ്ഞു.
ദശലക്ഷക്കണക്കിന് ജനങ്ങളെ അതിക്രൂരമായി ഇല്ലാതാക്കിയതിനെ പ്രതിനിധീകരിക്കുന്ന തിന്മയുടെ ചിഹ്നമാണ് നാസി സ്വസ്തിക എന്നാണ് വിലയിരുത്തപ്പെടുന്നത്.
'നാസിസം തിന്മയാണ്. നല്ല മനുഷ്യര്‍ ഒന്നും ചെയ്യാതിരുന്നാല്‍ തിന്മ വിജയിക്കും. ഈ തിന്മയെ വളരാന്‍ അനുവദിക്കില്ലെന്നും നാസി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ ശിക്ഷിക്കപ്പെടാന്‍ അര്‍ഹരാണെന്നും അവര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരേയുള്ള നിയമങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്ന പാര്‍ലമെന്ററി റിപ്പോര്‍ട്ടിലെ 17 ശിപാര്‍ശകളും സര്‍ക്കാര്‍ അംഗീകരിച്ചു.
നാസി, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ അപകടകരമായ പ്രത്യയശാസ്ത്രങ്ങളുമായി ബന്ധപ്പെട്ട വിദ്വേഷ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള ശിപാര്‍ശകളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.
ഒരു സമൂഹത്തെ ഭീതിയിലാഴ്ത്താന്‍ ഈ ചിഹ്നങ്ങള്‍ ബോധപൂര്‍വം ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ ഷാനന്‍ ഫെന്റിമാന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26