വാഗമണ്‍ ഓഫ് റോഡ് ഡ്രൈവ്; ജോജു ജോര്‍ജ് ഉള്‍പ്പെടെ 17 പേര്‍ക്ക് പൊലീസിന്റെ നോട്ടീസ്

വാഗമണ്‍ ഓഫ് റോഡ് ഡ്രൈവ്; ജോജു ജോര്‍ജ് ഉള്‍പ്പെടെ 17 പേര്‍ക്ക് പൊലീസിന്റെ നോട്ടീസ്

വാഗമണ്‍: വാഗമണ്ണിലെ ഓഫ്റോഡ് ഡ്രൈവ് കേസില്‍ നടന്‍ ജോജു ജോര്‍ജ് ഉള്‍പ്പെടെ 17 പേര്‍ക്ക് വാഗമണ്‍ പൊലീസ് നോട്ടീസ് അയച്ചു. ഓഫ്റോഡ് ഡ്രൈവില്‍ ഉപയോഗിച്ച വാഹനങ്ങളും അതിന്റെ രേഖകളുമായി 15 ദിവസത്തിനുള്ളില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിട്ടുള്ള നോട്ടീസിന് പുറമെയാണ് പൊലീസ് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് പൊലീസ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. കെ.എസ്.യു നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. മോട്ടോര്‍ വാഹന വകുപ്പിനും വാഗമണ്‍ പൊലീസിലുമാണ് കെ.എസ്.യു ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നത്. ഇതേതുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ജോജുവിനോട് ലൈസന്‍സുമായി ഹാജരാകാന്‍ ആവശ്യപ്പെട്ട് മുന്‍പ് നോട്ടീസ് അയച്ചിരുന്നു.

മെയ് പത്തിനാണ് എം.വി.ഡി നടന് നോട്ടീസ് അയച്ചത്. പരാതി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ മത്സരത്തില്‍ പങ്കെടുത്തവരോട് നേരിട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നാല് പേരാണ് അന്ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയത്. മത്സരത്തിന് പിന്നാലെ പലരുടെയും വാഹനങ്ങള്‍ കേടുപാടുകള്‍ പരിഹരിക്കുന്നതിനായി വര്‍ക്ക് ഷോപ്പുകളിലും മറ്റുമായിരുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികളുടെ ഭാഗമായാണ് കഴിഞ്ഞ തിങ്കളാഴ്ച ജോജു ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊലീസ് നോട്ടീസ് അയച്ചത്.

വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ്റോഡ് ഡ്രൈവില്‍ നടന്‍ ജോജു ജോര്‍ജ് വാഹനം ഓടിക്കുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് അദ്ദേഹത്തിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് മോട്ടോര്‍ വാഹന വകുപ്പിലും പൊലീസിലും പരാതി നല്‍കിയത്. സംഭവത്തില്‍ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ജോജു, സ്ഥലം ഉടമ, സംഘാടകര്‍ എന്നിവര്‍ക്കെതിരേ കേസെടുക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തത്.

അതേസമയം മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസിനുമേല്‍ കഴിഞ്ഞ ചൊവ്വാഴ്ച ജോജു ജോര്‍ജ് ഇടുത്തി ആര്‍.ടി.ഒയ്ക്ക് മുന്നില്‍ ഹാജരായിരുന്നു. രഹസ്യമായാണ് അദ്ദേഹം ആര്‍.ടി.ഒയ്ക്ക് മുന്നില്‍ ഹാജരായത്. ജോജുവിന്റെ മൊഴി ആര്‍.ടി.ഒ രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ഇടുക്കി ജില്ലയില്‍ ഓഫ് റോഡ് മത്സരത്തിനിടെ തുടര്‍ച്ചായി അപകടങ്ങളുണ്ടാവുന്നതിനാല്‍ ഇത്തരം വിനോദങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ ജില്ലയില്‍ ഓഫ് റോഡ് റേസ് നടത്താന്‍ പാടുള്ളൂ. ഇത് ലംഘിച്ചതിനാണ് നടനും സംഘാടകര്‍ക്കുമേതിരേ എം.വി.ഡി. കേസെടുത്തത്.

വാഗമണ്‍ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനില്‍ മെയ് എട്ടിനാണ് ഓഫ്റോഡ് ഡ്രൈവ് നടത്തിയത്. കൃഷിക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയില്‍ കൈവശം നല്‍കിയ ഭൂമിയില്‍ നിയമ വിരുദ്ധമായിട്ടാണ് ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചതെന്നതാണ് ഇപ്പോഴത്തെ നിയമ പ്രശ്‌നങ്ങള്‍ക്ക് കാരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.