ദുബായ്: ഖത്തറില്‍ ഫിഫ ലോകകപ്പ് ആരംഭിക്കുന്നതോടെ യുഎഇയില്‍ നിന്ന് കൂടുതല്‍ വിമാനസർവ്വീസുകള്‍ നടത്താന്‍ ഫ്ളൈ ദുബായ്. ഖത്തറിന്‍റെ ദേശീയ വിമാനകമ്പനിയായ ഖത്തർ എയർവേസുമായി ഫ്ളൈദുബായ്, കുവൈറ്റ് എയർവേസ്, സൗദിയ എന്നീ കമ്പനികള്‍ കരാറില്‍ ഒപ്പുവച്ചു.
ഫിഫ ലോകകപ്പ് കാണാന്‍ 24 മണിക്കൂറും ദോഹയിലേക്ക് സർവ്വീസുകള്‍ നടത്തുന്നതിനാണ് കരാർ. ദുബായില്‍ നിന്ന് ഫ്ളൈദുബായുടേതായി പ്രതിദിനം 60 വിമാനങ്ങള്‍ സർവ്വീസ് നടത്തും. ലോകകപ്പ് കാണാന്‍ സൗകര്യമൊരുക്കുയെന്നുളള ലക്ഷ്യത്തോടെ മറ്റ് ജിസിസി രാജ്യങ്ങളിലെ വിമാനകമ്പനികളുമായും കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.
കുവൈറ്റ് എയർവേസിന്‍റെ 20 വിമാനങ്ങളും, ഒമാന്‍ എയറിന്‍റെ 48 വിമാനങ്ങളും സൗദിയയുടെ 40 വിമാനങ്ങളും ദോഹയിലേക്ക് സർവ്വീസ് നടത്തും. ദുബായ്, ജിദ്ദ, കുവൈറ്റ് സിറ്റി, മസ്കറ്റ്, റിയാദ് എന്നിവിടങ്ങളില്‍ നിന്നുളള സർവ്വീസിനൊപ്പം ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ഷട്ടില്‍ ടിക്കറ്റുകള്‍ കൂടി ലഭ്യമാക്കുമെന്നാണ് ഖത്തർ എയർവേസ് വ്യക്തമാക്കുന്നത്. ലോകമെമ്പാടുമുളള ഫുട്ബോള്‍ ആരാധകർക്ക് ഫിഫ ലോകകപ്പ് നവ്യാനുഭവമാക്കുകയെന്നുളളതാണ് ലക്ഷ്യമെന്നും ഖത്തർ എയർവേസ് പറയുന്നു.
ഫുട്ബോള്‍ ആരാധകർക്ക് രാവിലെ ഖത്തറിലെത്തി വൈകീട്ട് തീരിച്ചുപോകാനാകുന്ന തരത്തില്‍ സൗകര്യമൊരുക്കും. ബാഗേജ് ചെക്ക് ഇന്‍ എളുപ്പമാക്കും. മാച്ച് ഡേ ഷട്ടില്‍ സർവ്വീസുകള്‍ ബുക്ക് ചെയ്യുന്നവർക്ക് വിമാനത്താവളത്തില്‍ നിന്നും സ്റ്റേഡിയത്തിലേക്കുളള യാത്ര സൗകര്യവും ഒരുക്കും.
നവംബർ 21 മുതല്‍ ഡിസംബർ 18 വരെയാണ് ഫിഫ ഫുഡ്ബോള്‍ ലോകകപ്പ് നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.