തിരുത്തല്‍ നടപടികള്‍ സ്വാഗതാര്‍ഹം; എയ്ഡഡ് മേഖലയെ അടച്ചാക്ഷേപിക്കുന്നത് പ്രതിഷേധാര്‍ഹം: ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്

തിരുത്തല്‍ നടപടികള്‍ സ്വാഗതാര്‍ഹം; എയ്ഡഡ് മേഖലയെ അടച്ചാക്ഷേപിക്കുന്നത് പ്രതിഷേധാര്‍ഹം: ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്

കൊച്ചി: കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നുള്ള സിപിഎം കേന്ദ്ര സമിതിയംഗം എ.കെ ബാലന്റെ പ്രസ്താവന തികച്ചും നിരുത്തരവാദപരവും അപക്വവുമാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്.

കോരളത്തിന്റെ പൊതു, ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ എയ്ഡഡ് സ്ഥാപനങ്ങളുടെ പങ്ക് വിലമതിക്കുന്നതിനു പകരം അവമതിക്കുന്നത് ഉത്തരവാദിത്വപ്പെട്ട ചുമതലകള്‍ വഹിക്കുന്നവര്‍ക്ക് ഭൂഷണമല്ല. എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ സര്‍ക്കാരിന്റെ ഔദാര്യമായി ലഭിച്ചതല്ല.

ഇപ്പോഴുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബോധപൂര്‍വ്വമായ ഗൂഢ ലക്ഷ്യത്തോടെ ഈ പ്രസ്താവന നടത്തിയതായി മാത്രമേ കാണുവാന്‍ കഴിയൂ. എയ്ഡഡ് മേഖലയിലെ നിയമനങ്ങളില്‍ സുതാര്യത ഇല്ലാത്ത സ്ഥാപനങ്ങളെ നിയമപരമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഭരണകൂടം ഈ വിധത്തില്‍ പ്രസ്താവന നടത്തുന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കമെന്ന് മാര്‍ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു.

സാമൂഹ്യ നീതിയും സുതാര്യതയും യോഗ്യതയും മാനദണ്ഡമാക്കിയുള്ള എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ക്രമക്കേടുകള്‍ കണ്ടെത്തി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതിനെ കെസിബിസി സ്വാഗതം ചെയ്യുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സുതാര്യത നഷ്ടപ്പെടുത്തി പിന്‍വാതില്‍ നിയമനത്തിലൂടെയും സ്വാധീനമുള്ളവരും സ്ഥാനം ഉറപ്പിക്കുന്നു എന്ന പരാതി നിലനില്‍ക്കുമ്പോള്‍ എയ്ഡഡ് മേഖലയെ അടച്ചാക്ഷേപിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

ഇതുമായി ബന്ധപ്പെട്ട് അനേകം തിരിച്ചടികള്‍ കോടതി മുഖേന ലഭിച്ചിട്ടും ഈ വിധത്തില്‍ ചിന്തിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ മുഴുവന്‍ ദോഷകരമായി ബാധിക്കും. നിയമപരമായും ഭരണഘടനാ പരമായും ലഭിച്ച അവകാശങ്ങളെ വെറുമൊരു ഔദാര്യമായി കണക്കാക്കി പ്രതികരിക്കുന്ന സമീപനം രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ണമായും നിര്‍ത്തണമെന്നും ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.