ന്യൂഡല്‍ഹി: വിലക്കയറ്റത്തിന്റെയും നാണ്യപ്പെരുപ്പത്തിന്റെയും മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. വ്യവസായിക അസംസ്കൃത വസ്തുക്കളുടെ വില ഉയരുന്നത്. ചരക്കുകടത്ത് ചെലവുകൂടിയത്. ഉല്‍പന്ന വിതരണ ശൃംഖലയിലെ തടസങ്ങൾ. ഇവയെല്ലാം നാണ്യപ്പെരുപ്പത്തിന് പ്രധാന കാരണങ്ങളാണെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് വിശദീകരിച്ചു.
സാമ്പത്തിക വളര്‍ച്ചക്ക് ഘടനാപരമായ പരിഷ്കരണങ്ങള്‍ വേണം. അതേസമയം നാണ്യപ്പെരുപ്പം കുറക്കല്‍, മൂലധന നിക്ഷേപം എന്നിവ പ്രധാനമാണ്. ഉപഭോക്തൃ വില സൂചിക നാണ്യപ്പെരുപ്പ സൂചനയാണ് നല്‍കുന്നത്. അസംസ്കൃത എണ്ണ, ലോഹങ്ങള്‍, വളം തുടങ്ങിയവയുടെ വിലയില്‍ ഉണ്ടായ വര്‍ധന രാജ്യത്തിന്റെ വ്യാപാരക്കമ്മി കൂട്ടിയിട്ടുണ്ട്.
കോവിഡ്, ഉക്രെയ്ന്‍ സംഘര്‍ഷ സാഹചര്യങ്ങളില്‍നിന്നുള്ള വീണ്ടെടുപ്പിന്റെ വേഗത കുറയുകയാണ്. ആഗോള സാഹചര്യങ്ങള്‍ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നു. ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചതടക്കം സര്‍ക്കാര്‍ സ്വീകരിച്ച ഏതാനും നടപടികള്‍ പരിക്ക് ഒരളവില്‍ കുറച്ചു. നിലവിലെ നാണ്യപ്പെരുപ്പ സ്ഥിതിയില്‍ കാതലായ മാറ്റം വരാന്‍ ഉക്രെയ്ന്‍ സംഘര്‍ഷം നീങ്ങുകയും ഗുരുതരമായ മറ്റൊരു കോവിഡ് തരംഗം ആവര്‍ത്തിക്കാതിരിക്കുകയും വേണം.
സംസ്ഥാനങ്ങള്‍ കടക്കെണി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് കരട് രൂപരേഖയുണ്ടാക്കണമെന്ന നിര്‍ദേശം വാര്‍ഷിക റിപ്പോര്‍ട്ടില്‍ മുന്നോട്ടുവെച്ചു. വിപണിയില്‍നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.02 ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങള്‍ കടമെടുത്തത്. വളര്‍ച്ചയെ സഹായിക്കുമ്പോള്‍ തന്നെ വായ്പ നല്‍കുമ്പോള്‍ സ്ഥാപനങ്ങളുടെ തിരിച്ചടവു സ്വഭാവം ബാങ്കുകള്‍ കൃത്യമായി നിരീക്ഷിക്കണം.
കോവിഡ് കാല പ്രയാസങ്ങള്‍ മുന്‍നിര്‍ത്തി വിവിധ സഹായങ്ങള്‍ സംരംഭങ്ങള്‍ക്കായി ചെയ്തിട്ടുണ്ട്. തിരിച്ചടവില്‍ വീഴ്ചയില്ലെന്ന് ഉറപ്പാക്കണം. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ കറന്‍സി പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന്റെ ഗുണദോഷ വശങ്ങള്‍ പരിശോധിച്ചു വരുന്നതായും റിസര്‍വ് ബാങ്ക് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.