വലിയ അറിവൊന്നും ആവിശ്യമില്ല; കുറഞ്ഞ മുതല്‍മുടക്കില്‍ വളരെ എളുപ്പത്തില്‍ പുതിന കൃഷി ചെയ്യാം

വലിയ അറിവൊന്നും ആവിശ്യമില്ല; കുറഞ്ഞ മുതല്‍മുടക്കില്‍ വളരെ എളുപ്പത്തില്‍ പുതിന കൃഷി ചെയ്യാം

നിസാര മുതല്‍മുടക്കില്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ് പുതിന കൃഷി. വലിയ അറിവൊന്നും ഇതിന് ആവശ്യമേ ഇല്ല. ഇടയ്ക്കിടെ അല്പം വളവും വെള്ളവും കൊടുത്താല്‍ മാത്രം മതി.

സ്ഥലം ഇല്ലെന്ന സ്ഥിരം പരാതിയും പുതിന കൃഷിക്ക് മുന്നില്‍ മാറിനില്‍ക്കും. ചട്ടിക്കും ഗ്രോബാഗിനും പുറമേ ഉണങ്ങിയ അടയ്ക്കാ മരത്തില്‍പ്പോലും കൃഷി ചെയ്യാനുമാവും. എവിടെയായാലും നല്ല വിളവ് ഉറപ്പ്. കീടനാശിനികള്‍ ഉപയോഗിക്കാത്തതിനാല്‍ നമ്മുടെ നാട്ടില്‍ കൃഷിചെയ്യുന്ന പുതിന ഇലകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

പ്രധാനമായും ഭക്ഷണസാധനങ്ങളില്‍ മണവും രുചിയും ലഭിക്കുന്നതിനാണ് പുതിന ഇല ഉപയോഗിക്കുന്നത്. ബിരിയാണി പോലുളളവതില്‍ പുതിന ഇല മസ്റ്റാണ്. മിഠായി, ടൂത്ത്‌പേസ്റ്റുകള്‍, മൗത്ത് വാഷ്, മൗത്ത് ഫ്രഷ്നര്‍, ച്യുയിംഗം തുടങ്ങിയവയിലൊക്കെ ചേര്‍ക്കുന്നതിനാല്‍ പുതിനയ്ക്ക് വിപണിയില്‍ ആവശ്യക്കാര്‍ എപ്പോഴുമുണ്ടാവും.
കൃഷി ചെയ്യേണ്ട വിധം

പച്ചക്കറി കടയില്‍ നിന്നും മറ്റും വാങ്ങുന്ന പുതിന തണ്ട് ഉപയോഗിച്ചുതന്നെ കൃഷി ചെയ്യാം. മറ്റുകൃഷികള്‍ക്ക് നടീല്‍ വസ്തുക്കള്‍ സംഘടിപ്പിക്കാന്‍ നല്ലൊരു തുക ചെലവാകുമ്പോഴാണ് നിസാര തുക മുടക്കി പുതിന കൃഷിയിറക്കാനാവുന്നത്. നടാനായി ആരോഗ്യമുള്ള തണ്ടുകള്‍ തന്നെ തിരഞ്ഞെടുക്കണം. വാടിയതോ, മുറിച്ചെടുത്തിട്ട് അധിക ദിവസമായതോ നടാന്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്. അധികം വെയിലില്ലാത്ത സ്ഥലമാണ് കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്.

നടാനായി മാറ്റിയ തണ്ടുകളില്‍ നിന്ന് വലിയ ഇലകള്‍ നുള്ളികളയണം. ചാണകപ്പൊടി ഉള്‍പ്പടെയുള്ള ജൈവ വളങ്ങള്‍ ചേര്‍ത്ത് കിളച്ചൊരുക്കിയ മണ്ണിലാണ് പുതിന നടേണ്ടത്. മണ്ണില്‍ ചെറിയ ചാലുകീറി അതില്‍ നിശ്ചിത അകലത്തില്‍ തണ്ടുകള്‍ വച്ചശേഷം മുകളില്‍ അല്പം മണ്ണിട്ടുകൊടുത്താല്‍ മതി. ആവശ്യത്തിന് നനയ്ക്കാനും മറക്കരുത്. ദിവസങ്ങള്‍ക്കകം പുതിന കാടുപോലെ വളര്‍ന്ന് പന്തലിക്കും

ഇടയ്ക്കിടെ വളം നല്‍കാനും മറക്കരുത്. ചാണക വെള്ളത്തിന്റെ തെളിയും ഗോമൂത്രം നേര്‍പ്പിച്ചതും പുതിനയ്ക്ക് ഏറെ മികച്ചതാണ്. ഇവ രണ്ടാഴ്ചയിലൊരിക്കലാണ് നല്‍കേണ്ടത്. ഇടയ്ക്കിടെ തുമ്പുകള്‍ വെട്ടുന്നത് പുതിന വളരുന്നതിനും കൂടുതല്‍ തണ്ടുകള്‍ ഉണ്ടാവുന്നതിനും ഇടയാക്കും.

പുഴു ശല്യം, തണ്ടുചീയല്‍ എന്നിവ ഉണ്ടായാല്‍ ജൈവ കീടനാശിനി പ്രയോഗത്തിലൂടെ അതില്‍ നിന്ന് മോചനം നേടാനാവും. തീരെ സ്ഥലം ഇല്ലാത്തവര്‍ക്ക് ഉണങ്ങിയ അടയ്ക്കാമരത്തിലും പുതിന കൃഷിചെയ്യാം. അടയ്ക്കാമരം നെടുവേ പിളര്‍ന്നശേഷം ഉള്ളിലുള്ള ചോറ് മാറ്റുക. തുടര്‍ന്ന് ആ ഭാഗത്ത് മണ്ണ് നിറയ്ക്കുക. മണ്ണ് വശങ്ങളിലൂടെ താഴേക്ക് വീഴാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ഒന്നുരണ്ടു ദിവസം നനച്ചശേഷം ഇതില്‍ പുതിനത്തണ്ട് നടാവുന്നതാണ്. വീട്ടില്‍ സൗകര്യമായ ഒരു സ്ഥലത്ത് ഇത് തൂക്കിയിടുകയും ചെയ്യാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.