തൃക്കാക്കരയിലെത്തി ബിജെപിക്കായി പ്രചാരണത്തിനിറങ്ങി പി.സി ജോര്‍ജ്; പിണറായി വര്‍ഗീയവാദികളുടെ തോളില്‍ കൈയിടുന്നുവെന്ന് വിമര്‍ശനം

തൃക്കാക്കരയിലെത്തി ബിജെപിക്കായി പ്രചാരണത്തിനിറങ്ങി പി.സി ജോര്‍ജ്; പിണറായി വര്‍ഗീയവാദികളുടെ തോളില്‍ കൈയിടുന്നുവെന്ന് വിമര്‍ശനം

കൊച്ചി: പി.സി ജോര്‍ജ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്താതിരിക്കാന്‍ പോലീസ് നടത്തിയ നീക്കം പൊളിഞ്ഞു. പോലീസിന് മുന്നില്‍ രാവിലെ പതിനൊന്നിന് ഹാജരാകണമെന്ന നിര്‍ദേശം അവഗണിച്ച് പി.സി ജോര്‍ജ് രാവിലെ തൃക്കാക്കരയിലെത്തി. ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്റെ പ്രചാരണ പരിപാടികളില്‍ നിറഞ്ഞ ജോര്‍ജ് പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

തന്നെ വര്‍ഗീയവാദിയാക്കി അറസ്റ്റ് ചെയ്തതിനും തുടര്‍ന്നുള്ള നടപടിക്കും പിന്നില്‍ പിണറായി വിജയന്റെ ക്രിമിനല്‍ ഗൂഡാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു. വെണ്ണല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച പി.സി മുഖ്യമന്ത്രിയെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.

തന്നെ കുടുക്കാന്‍ തീരുമാനിച്ചത് മുതല്‍ പിണറായിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി. വ്യക്തിപരമായി വളരെ അടുപ്പവും ബന്ധവുമുള്ള മനുഷ്യനാണ് പിണറായി. എന്നാല്‍ വി.എസിനോട് തനിക്കുള്ള ബഹുമാനം മാത്രമാണ് പിണറായിയുടെ ശത്രുതയ്ക്ക് കാരണമെന്നും പി.സി പറയുന്നു. പിണറായിയെ എതിര്‍ക്കാന്‍ മറ്റാരും കാണിക്കാത്ത ധൈര്യം താന്‍ കാണിക്കുന്നതും ശത്രുതയ്ക്ക് കാരണമാണെന്നും പി.സി കൂട്ടിച്ചേര്‍ത്തു.

കലാശക്കൊട്ട് നടക്കുന്ന ദിവസം തൃക്കാക്കരയില്‍ പോകുമെന്നും മുഖ്യമന്ത്രിക്ക് എതിരെ ഉള്‍പ്പെടെ പറയാനുള്ള കാര്യങ്ങള്‍ പറയുമെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ജോര്‍ജ് പറഞ്ഞിരുന്നു.

കോടതി നല്‍കിയ ഉപാധികള്‍ അനുസരിച്ച് ഞായറാഴ്ച തിരുവനന്തപുരത്ത് ഹാജരാകാതിരുന്നത് കോടതി നിര്‍ദേശത്തിന്റെ ലംഘനമായി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ജോര്‍ജിന്റെ ജാമ്യം കോടതി റദ്ദാക്കാനും വീണ്ടും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനും പോലീസ് ശ്രമിച്ചേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.