ക്ഷാമം ലഘൂകരിക്കാന്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ നിന്ന് പണം കടമെടുക്കാനൊരുങ്ങി ശ്രീലങ്ക; ലക്ഷ്യം വിദേശ ധനസഹായം

ക്ഷാമം ലഘൂകരിക്കാന്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ നിന്ന് പണം കടമെടുക്കാനൊരുങ്ങി ശ്രീലങ്ക; ലക്ഷ്യം വിദേശ ധനസഹായം

കൊളംബോ: സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് സകല മേഖലകളിലും രാജ്യം അഭിമുഖീകരിക്കുന്ന ക്ഷാമം ലഘൂകരിക്കാന്‍ അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നുള്ള വായ്പ്പാ നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രീലങ്ക. ഐഎംഎഫില്‍ നിന്നു പണം ലഭിച്ചാല്‍ മറ്റു ഏജന്‍സികളും വായ്പ്പ നല്‍കാന്‍ തയ്യാറാകും. ചൈനയും ജപ്പാനും ഉള്‍പ്പടെയുള്ള സാമ്പത്തിക ശ്രോതസില്‍ നിന്നുള്ള ധനസഹായമാണ് ശ്രീലങ്ക ലക്ഷ്യം വയ്ക്കുന്നത്. ഐഎംഎഫില്‍ നിന്നുള്ള ധനസമാഹരണം ഈ രാജ്യങ്ങളെ വിശ്വസത്തിലെടുക്കാനുള്ള മാര്‍ഗമായും ശ്രീലങ്ക കാണുന്നു.

രാജ്യത്തിന് ആവശ്യമുള്ള പണത്തിന്റെ ചെറിയൊരു ശതമാനം മാത്രമേ ഐഎംഎഫില്‍ നിന്ന് വായ്പ്പ ലഭിക്കുകയുള്ളു. ധനക്കമ്മിയില്‍ നിന്ന് കരകയറമെങ്കില്‍ വലിയ അളവിലുള്ള സാമ്പത്തിക സഹായം വേണം. ഇതിനായി ശ്രീലങ്ക കണ്ണുവച്ചിരിക്കുന്നത് ചൈനയെയും ജപ്പാനെയുമാണ്. ചൈനയുടെ പലിശനിരക്ക് കൂടുതലാണ്. എങ്കിലും നിലവിലെ അവസ്ഥകള്‍ക്ക് പരിഹാരം ഉണ്ടാകുമെങ്കില്‍ എത്ര പലിശ നല്‍കാനും ശ്രീലങ്ക തയാറാണ്.

ജൂണ്‍ പകുതിയോടെ ഐഎംഎഫില്‍ നിന്നുള്ള വായ്പ്പ ലഭ്യമാകുമെന്നാണ് ശ്രീലങ്കയുടെ പ്രതീക്ഷ. തുടര്‍ന്ന് ചൈനയില്‍ നിന്നും എടുത്തിട്ടുള്ള വായ്പ്പ പുനക്രമീകരിക്കും. കൂടുതല്‍ വായ്പ്പയ്ക്കായി ചൈനയോടും ജപ്പാനോടും ആവശ്യപ്പെടും. 'ഞങ്ങള്‍ക്ക് കൂടുതല്‍ പണം ആവശ്യമുണ്ട്. ഐഎംഎഫ് മുഴുവനും നല്‍കില്ല. എന്നാല്‍ ഐഎംഎഫില്‍ നിന്ന് തുടങ്ങിയാല്‍, മറ്റുള്ളവര്‍ക്ക് ഞങ്ങളെ സഹായിക്കാന്‍ എളുപ്പമായിരിക്കും.' ശ്രീലങ്കന്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു.



രാജ്യം കടക്കെണിയിലല്ലെന്ന് വിക്രമസിംഗെ ആവര്‍ത്തിക്കുമ്പോഴും ബജറ്റ് ചെലവ് പരമാവധി വെട്ടിക്കുറിച്ചിരിക്കുകയാണ്. മിച്ചധനം 2025 ല്‍ മാത്രമേ ശ്രീലങ്ക പ്രതീക്ഷിക്കുന്നുള്ളു. അതും ഒരു ശതമാനം മാത്രം. ഐഎംഎഫില്‍ നിന്ന് വായ്പ ലഭിക്കണമെങ്കില്‍ മിച്ചധനം രണ്ട് ശതമാനമെങ്കിലും വേണം. ഈ സാങ്കേതികത്വം മറികടക്കുക എന്നതാണ് പ്രധാന വെല്ലുവിളി.

വരുമാനം വര്‍ധിപ്പിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ചൈനയോടും ജപ്പാനോടും ഈ വര്‍ഷം നാല് ബില്യണ്‍ ഡോളര്‍ വിക്രമസിംഗെ ആവശ്യപ്പെട്ടു. സാധ്യമായ എല്ലാ മാര്‍ഗങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തിയാല്‍ തന്നെയും രാജ്യത്തിന്റെ സാമ്പദ് വ്യവസ്ഥ നാല് ശതമാനമായി ചുരുങ്ങുമെന്ന് ധനമന്ത്രാലയത്തിന്റെ ചുമതലകൂടി ഏറ്റെടുത്ത പ്രധാനമന്ത്രി വിക്രമസിംഗെ മുന്നറിയിപ്പ് നല്‍കി.

ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനുള്ള സത്വര നടപടികള്‍ക്കാണ് അടിയന്തിര പരിഗണന. ഭക്ഷ്യക്ഷാമത്തോടൊപ്പം പെട്രോള്‍ ഉള്‍പ്പടെയുള്ള അവശ്യ സാധനങ്ങളുടെ ക്ഷാമം വേഗത്തില്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പണപ്പെരുപ്പം 40 ശതമാനം ഉയര്‍ന്നതിനെ തുടര്‍ന്നുണ്ടായ ജനരോക്ഷം ശമിപ്പിക്കാനുള്ള ആദ്യപടിയാണ് ക്ഷാമം ലഘൂകരിക്കുന്നത്.


പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ബില്‍ തയ്യാറാക്കി വിക്രമസിംഗെ മന്ത്രിസഭയുടെ അംഗീകാരത്തിനായി നല്‍കി. തുടര്‍ന്ന് നിയമസഭയില്‍ ബില്‍ ചര്‍ച്ചയ്ക്കു വയ്ക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ എതിര്‍പ്പ് ഉണ്ടാകില്ലെന്ന പ്രതീക്ഷയാണ് പ്രധാനമന്ത്രിക്കുള്ളത്. നിലവിലെ സാഹചര്യത്തില്‍ വിശാലമായ പിന്തുണ പാര്‍ട്ടികളില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷ വിക്രമസിംഗെയ്ക്കുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.