കൊച്ചി: മെട്രൊ ട്രെയിനിന്റെ ബോഗികളില്‍ ഭീക്ഷണി സന്ദേശം എഴുതി വച്ചവര്‍ എത്തിയത് വെള്ളം ഒഴുകാന്‍ സ്ഥാപിച്ചിരുന്ന കാന വഴിയെന്ന് സൂചന. ഇതുവഴി രണ്ടുപേര്‍ നുഴഞ്ഞു കയറുന്നതിന്റെ അവ്യക്ത ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വിദേശ തീവ്രവാദ സംഘങ്ങള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
പാന്റ്‌സും ഷര്‍ട്ടും ധരിച്ചെത്തിയ രണ്ടുപേരുടെയും അവ്യക്ത ദൃശ്യങ്ങളേ പൊലീസിന് ലഭിച്ചിട്ടുള്ളൂ. മുഖമോ വസ്ത്രങ്ങളുടെ നിറമോ വ്യക്തമല്ല. മേയ് 22ന് ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് യാര്‍ഡിന്റെ വളപ്പില്‍ നുഴഞ്ഞു കയറിയത്. ഒരാള്‍ക്ക് കഷ്ടിച്ച് ഇഴഞ്ഞു കയറാവുന്ന വലിപ്പമുണ്ട് കാനയ്ക്ക്. പിന്‍വശത്ത് എത്തിയ ഇവര്‍, അതിക്രമിച്ചു കടക്കാതിരിക്കാന്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് വേലിയും മറികടന്നു.
ഇവര്‍ നേരെ എത്തിയത് ട്രെയിനുകള്‍ പാര്‍ക്ക് ചെയ്തിരുന്ന ഷെഡിലാണ്. 45 ഏക്കറുള്ള വിശാലമായ യാര്‍ഡിന്റെ പ്രധാന കെട്ടിടത്തില്‍ നിന്ന് അര കിലോമീറ്റര്‍ പിന്നിലായാണ് ഈ പാര്‍ക്കിംഗ് ബേ. കാമറകളുടെ കണ്ണില്‍പ്പെടാതെ ഒരു മണിക്കൂറോളം ഷെഡ്ഡില്‍ ചെലവഴിച്ചാണ് 'ബ്‌ളാസ്റ്റ്, ഫസ്റ്റ് ഹിറ്റ് ഇന്‍ കൊച്ചി ' എന്ന് വയലറ്റും പച്ചയും നിറത്തിലുള്ള സ്പ്രേ പെയിന്റ് കൊണ്ട് മൂന്നു ബോഗികളില്‍ എഴുതിയത്.
ഒരു ബോഗിയില്‍ ബ്‌ളാസ്റ്റിന് പകരം 'പ്‌ളേ' എന്നാണ് എഴുതിയത്. രണ്ടു ട്രെയിനുകളുടെ ഇടയ്ക്ക് പാളത്തില്‍ നിന്നുകൊണ്ടാണ് എഴുതിയത്. കൃത്യം പൂര്‍ത്തിയാക്കി കാനവഴി പുറത്തേക്കും പോയി.സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് ഇവരെന്ന് കരുതുന്നു. സുരക്ഷ ക്യാമറകളും സെക്യൂരിറ്റി ജീവനക്കാരും ഉണ്ടായിട്ടും അജ്ഞാതര്‍ എത്തിയ കാര്യം അറിഞ്ഞില്ലെന്നത് അന്വേഷണ സംഘത്തെ അമ്പരപ്പിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.