കൊച്ചി: തൃക്കാക്കരയിലെ വിധിയെഴുത്ത് പൂര്‍ത്തിയായി. ഇനിയുള്ള മൂന്നു ദിവസം സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണികള്‍ക്കും നെഞ്ചിടിപ്പിന്റെ നാളുകള്‍. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.
ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കു പ്രകാരം 68.63 ശതമാനമാണ് പോളിങ്. 39 ബൂത്തുകളിലെ വിവരങ്ങള്‍ ലഭിക്കാനുണ്ട്. അവ കൂടി ലഭ്യമായാല്‍ പോളിങ് ശതമാനം എഴുപതിലെത്തുമെന്നാണ് കണക്കു കൂട്ടല്‍.
ബൂത്തുകളില്‍ രാവിലെ കനത്ത വോട്ടിങ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയോടെ മന്ദഗതിയിലായി. പിന്നീട് വൈകുന്നേരത്തോടെയാണ് അല്‍പം മെച്ചപ്പെട്ട പോളിങ് നടന്നത്. രാവിലത്തെ നില വച്ച് പോളിങ് 75 ശതമാനം കടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല.
എറെ വാദ പ്രതിവാദങ്ങള്‍ അരങ്ങേറിയ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും ചിലയിടങ്ങളില്‍ കള്ളവോട്ട് ശ്രമം നടന്നത് തര്‍ക്കങ്ങള്‍ക്ക് വഴി തെളിച്ചു. ഇത് നേതാക്കള്‍ ഏറ്റുപിടിച്ചത് വിവാദങ്ങള്‍ക്കും ഇടയാക്കി.
പൊന്നുരുന്നിയില്‍ കള്ളവോട്ട് ചെയ്യാനെത്തിയ പിറവം പാമ്പാക്കുട സ്വദേശിയായ ഡിവൈഎഫ്‌ഐ നേതാവ് ആല്‍വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാക്കനാട് കൊല്ലംകുടിയിലും ഇടപ്പള്ളി ഗവണ്‍മെന്റ് ഹൈസ്‌കൂളിലും കള്ളവോട്ട് നടന്നതായി യുഡിഎഫ് ആരോപിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.39 ശതമാനമായിരുന്നു തൃക്കാക്കരയിലെ പോളിങ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 76.05 ശതമാനത്തിലെത്തിയിരുന്നു. 2016 ല്‍ 74.71 ശതമാനം, 2011 ല്‍ 73.76 ശതമാനം എന്നിങ്ങനെയായിരുന്നു പോളിങ്. 2009 ലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 70 ശതമാനമായിരുന്നു അന്നത്തെ പോളിങ് ശതമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.