കൊച്ചി: ഭരണ പ്രതിപക്ഷ മുന്നണികള്‍ മുമ്പെങ്ങും കണ്ടിട്ടല്ലാത്ത വിധം ശക്തമായ തെരഞ്ഞെടുപ്പു പ്രചാരണം കാഴ്ച വച്ചിട്ടും തൃക്കാക്കരയിലെ പോളിങ് ശതമാനം ഉയരാത്തതില്‍ തലപുകഞ്ഞ് നേതാക്കള്‍.
നാടിളക്കി പ്രചാരണം നടത്തിയിട്ടും മണ്ഡലം രൂപീകൃതമായതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങാണ് ഇത്തവണ രേഖപ്പെടുത്തിയത്. 68.75 ശതമാനം. ഇതില്‍ നേരിയ വ്യത്യാസം വരാമെങ്കിലും 70 ശതമാനത്തിന് മുകളിലെത്തില്ലെന്ന് ഉറപ്പായി.
തൃക്കാക്കരയില്‍ ഇതുവരെയുണ്ടായ ഏറ്റവും കുറഞ്ഞ പോളിങ് 2021 ലെ 70.36 ശതമാനമായിരുന്നു. 2011 ല്‍ തൃക്കാക്കരയില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 73.62 ശതമാനം, 2016 ല്‍ 74.65 ശതമാനം എന്നിങ്ങനെയായിരുന്നു പോളിങ്.
മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതൃനിരയും മണ്ഡലത്തില്‍ തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും പോളിങ് ശതമാനം ഉയര്‍ന്നില്ലെന്നു മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലുമായി. 1,96,805 വോട്ടര്‍മാരില്‍ 68,167 സ്ത്രീകളും (67.13 %) 67,152 പുരുഷന്മാരും (70.48%) ഏക ട്രാന്‍സ്‌ജെന്‍ഡറും വോട്ടു ചെയ്തു.
വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ രാവിലെ കണ്ട തിരക്ക് പോളിങ് റെക്കോര്‍ഡ് ശതമാനത്തിലെത്തുമെന്ന പ്രതീതി സൃഷ്ടിച്ചുവെങ്കിലും വൈകുന്നേരത്തോടെ കണക്ക് കൂട്ടലുകള്‍ തെറ്റി. തൃക്കാക്കര നഗരസഭയെ അപേക്ഷിച്ച് കൊച്ചി കോര്‍പ്പറേഷനിലാണ് മുന്നണികളുടെ പ്രതീക്ഷ തെറ്റിച്ചത്. കൊച്ചി കോര്‍പ്പറേഷന്റെ 22 വാര്‍ഡുകള്‍ തൃക്കാക്കര മണ്ഡലത്തിലാണ്.
യുഡിഎഫ് കേന്ദ്രങ്ങളായ കോര്‍പ്പറേഷനിലെ പല ബൂത്തുകളിലും 50 ശതമാനത്തില്‍ താഴെയാണ് പോളിങ്. എന്നാല്‍ സാധാരണ 40 പോലും എത്താത്ത ബൂത്തുകളില്‍ 50 ശതമാനം എത്തിയത് തന്നെ നേട്ടമാണെന്നും ഈ ബൂത്തുകളില്‍ ചെയ്ത വോട്ടുകള്‍ അധികവും തങ്ങള്‍ക്ക് നേട്ടമാകുമെന്നും യുഡിഎഫ് പറയുന്നു.
കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ മിക്ക ബൂത്തുകളിലും മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. 75 ശതമാനം വരെ പോളിങ് കടന്ന ബൂത്തുകളുണ്ട്. തൃക്കാക്കര സെന്‍ട്രല്‍, ഈസ്റ്റ്, വെസ്റ്റ് എന്നിവിടങ്ങളിലെ പോളിങില്‍ യുഡിഎഫും എല്‍ഡിഎഫും പ്രതീക്ഷ വെക്കുന്നു.
ഈസ്റ്റില്‍ കഴിഞ്ഞ തവണ കരുത്ത് കാട്ടിയ ട്വന്റി-20 വോട്ട് ഇത്തവണ ലഭിച്ചേക്കുമെന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്. പോളിംഗ് ശതമാനം കുറഞ്ഞ സാഹചര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലെ നേര്‍ക്ക് നേര്‍ പോരില്‍ ബിജെപി പിടിക്കുന്ന വോട്ട് വളരെ നിര്‍ണായകമാണ്. ഒരു പക്ഷേ തൃക്കാക്കരയുടെ ഫലം നിശ്ചയിക്കുന്നത് ചെറിയ മാര്‍ജിനാകും. അല്ലെങ്കില്‍ ആര്‍ക്കെങ്കിലും അനുകൂല തരംഗമുണ്ടെങ്കില്‍ വന്‍ ഭൂരിപക്ഷവും വന്നേക്കാം.
എന്തായാലും പോളിങ് ശതമാനം കുറഞ്ഞത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ അവകാശപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.