രാജ്യത്ത് 500 രൂപയുടെ വ്യാജ നോട്ടുകള്‍ പെരുകുന്നു; കറന്‍സി അച്ചടിക്കുന്നതിനുള്ള ചെലവും വര്‍ധിച്ചു

രാജ്യത്ത് 500 രൂപയുടെ വ്യാജ നോട്ടുകള്‍ പെരുകുന്നു; കറന്‍സി അച്ചടിക്കുന്നതിനുള്ള ചെലവും വര്‍ധിച്ചു

മുംബൈ: നോട്ട് നിരോധനം കൊണ്ടു വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടത് കള്ളനോട്ടുകളും കള്ളപ്പണവും ഇല്ലാതാകുമെന്നായിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് കള്ള നോട്ടുകളുടെ എണ്ണം ഇരട്ടിയായി. 500 രൂപയുടെ വ്യാജ നോട്ടുകളാണ് പെരുകുന്നത്.

2021-22 സാമ്പത്തിക വര്‍ഷം 500 രൂപയുടെ വ്യാജന്മാരുടെ എണ്ണം 79,669 ആയി. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 55 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 2000 രൂപയുടെ വ്യാജ നോട്ടുകളിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ബാങ്കിംഗ് മേഖലയില്‍ കണ്ടെത്തിയ മൊത്തം വ്യാജ കറന്‍സി നോട്ടുകളില്‍ 6.9 ശതമാനം കേന്ദ്ര ബാങ്കിലും 93.1 ശതമാനം മറ്റ് ബാങ്കുകളിലുമാണ്. ബാങ്കിംഗ് മേഖലയില്‍ കണ്ടെത്തിയ എല്ലാ മൂല്യത്തിലുമുള്ള വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളുടെ എണ്ണം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 2,08,625 എണ്ണത്തില്‍ നിന്ന് 2,30,971 എണ്ണമായി വര്‍ധിച്ചു.

രാജ്യത്ത് കറന്‍സി അച്ചടിക്കുന്ന ചെലവും കൂടിയിട്ടുണ്ട്. 2021-22 ല്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള ചെലവ് 4,984.8 കോടി രൂപയാണ്. 2020-21 ലെ 4,012.09 കോടി രൂപയേക്കാള്‍ 24 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നോട്ട് അച്ചടിക്കുന്ന ചെലവില്‍ എക്കാലത്തെയും ഉയര്‍ന്ന തുക രേഖപ്പെടുത്തിയത്.

500 രൂപ നോട്ടുകളുടെ വിനിമയം തുടര്‍ച്ചയായി ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ മൊത്തം മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 73.3 ശതമാനമാണ് 500 രൂപ നോട്ടുകളുടെ വിനിമയ ശതമാനം. ഡിജിറ്റല്‍ വിനിമയത്തിലേക്ക് ആളുകള്‍ കൂടുതലായി മാറുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലകളില്‍ ഈ മാറ്റത്തിന് വേഗം കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.