ഏഴാം വയസില്‍ ആലപ്പുഴയില്‍ നിന്ന് കാണാതായ രാഹുല്‍ തിരോധാനത്തില്‍ വഴിത്തിരിവ്? മുംബൈയില്‍ നിന്നെത്തിയ കത്തില്‍ ചുറ്റിപ്പറ്റി അന്വേഷണം

ഏഴാം വയസില്‍ ആലപ്പുഴയില്‍ നിന്ന് കാണാതായ രാഹുല്‍ തിരോധാനത്തില്‍ വഴിത്തിരിവ്? മുംബൈയില്‍ നിന്നെത്തിയ കത്തില്‍ ചുറ്റിപ്പറ്റി അന്വേഷണം

ആലപ്പുഴ: പതിനേഴ് വര്‍ഷം മുമ്പ് ആലപ്പുഴ ആശ്രമം വാര്‍ഡില്‍ വീടിനടുത്തുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുമ്പോള്‍ കാണാതായ രാഹുല്‍ രാജുവെന്ന ഏഴു വയസുകാരന്റെ തിരോധാനത്തില്‍ പുതിയ വഴിത്തിരിവ്. രാഹുലിനോട് സാമ്യമുള്ള കുട്ടിയെ കണ്ടതായി വീട്ടുകാര്‍ക്ക് മുംബൈയില്‍ നിന്ന് വന്ന കത്താണ് വലിയ കോളിളം സൃഷ്ടിച്ച കേസിന് പുതിയ മാനം നല്‍കുന്നത്.

മലയാളിയായ വസുന്ധര ദേവിയെന്ന സ്ത്രീയാണ് കത്തയച്ചത്. മുംബൈ ശിവജി പാര്‍ക്കില്‍ വച്ച് താന്‍ കണ്ട കുട്ടിക്ക് രാഹുലുമായി സാമ്യം ഉണ്ടെന്നാണ് കത്തിലെ അവകാശവാദം. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പോലീസ് വീണ്ടും അന്വേഷണം തുടങ്ങിയിട്ടുണ്ട്. രണ്ടാഴ്ച്ച മുമ്പാണ് രാഹുലിന്റെ അച്ഛന്‍ രാജു ആത്മഹത്യ ചെയ്തത്.

കത്തില്‍ വസുന്ധര ദേവി പറയുന്ന കുട്ടി മലയാളികള്‍ക്ക് സുപരിചിതനാണ്. നെടുമ്പാശേരിയില്‍ ഒറ്റയ്ക്ക് സൈക്കിളില്‍ കച്ചവടം നടത്തി പഠനത്തിനുള്ള പണം കണ്ടെത്തിയ വിനയ് എന്ന കൗമാരക്കാരനാണത്. ഒരു ദിനപത്രത്തില്‍ വാര്‍ത്ത വന്നതോടെ വിനയിന് സിനിമയില്‍ ഉള്‍പ്പെടെ അവസരവും ലഭിച്ചിരുന്നു. കത്തിനൊപ്പം നല്‍കിയ വസുന്ധര നല്‍കിയ ഫോട്ടോ വിനയിന്റേതാണ്.

വസുന്ധര ദേവി മാസങ്ങള്‍ക്ക് മുന്‍പാണ് ശിവാജി പാര്‍ക്കില്‍ വിനയിനെ കണ്ടത്. ഏഴാം വയസില്‍ പത്തനംതിട്ടയിലെ അനാഥാലയത്തില്‍ എത്തിയതാണ് താനെന്നും പിതാവിനെ തേടിയാണ് മുംബൈയില്‍ എത്തിയതെന്നുമാണ് വിനയ് പറഞ്ഞതെന്ന് വസുന്ധര ദേവി കത്തില്‍ പറയുന്നു.

വിനയിന് രാഹുലുമായി സാമ്യമുണ്ടെന്നാണ് അമ്മ മിനിയും പറയുന്നത്. എന്നാല്‍ വിനയും രാഹുലും ഒരാളാണെന്ന് സ്ഥാപിക്കാന്‍ ഇതു പാര്യാപ്തമല്ല. കാരണം, വിനയിന്റെ പ്രായം 20 വയസില്‍ താഴെയാണ്. രാഹുലിന് ഇപ്പോള്‍ 24 വയസുണ്ടാകും. എങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം വരുത്താനാണ് പോലീസിന്റെ തീരുമാനം.

2005 മേയ് 18 നാണ് ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്പതികളുടെ മകനായ രാഹുല്‍ എന്ന മൂന്നാം ക്ലാസുകാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. വീടിനു സമീപത്ത പറമ്പില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു രാഹുല്‍.

ആലപ്പുഴ പോലീസും ക്രൈം ഡിറ്റാച്ച്മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും പുരോഗതിയുണ്ടായില്ല. മുത്തച്ഛന്‍ ശിവരാമ പണിക്കരുടെ പരാതിയെ തുടര്‍ന്ന് 2009 ലാണ് എറണാകുളം സിജെഎം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

രാഹുലിന്റെ കൂടെ കളിച്ചു കൊണ്ടിരുന്ന അയല്‍വാസിയായ ഒരു കുട്ടി രാഹുലിനെ ഒരാള്‍ കൂട്ടിക്കൊണ്ടു പോവുന്നത് കണ്ടു എന്ന് മൊഴി നല്‍കിയിരുന്നുവെങ്കിലും പിന്നീട് മൊഴി മാറ്റി. കേസില്‍ സംശയയിക്കപ്പെട്ട രാഹുലിന്റെ അയല്‍വാസി റോജോയെ നാര്‍ക്കോ അനാലിസിസിന് വിധേയനാക്കിയിരുന്നു.

രാഹുലിനെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് സിബിഐ ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കാര്യമായ പ്രയോജനമൊന്നും ഉണ്ടായില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഹുലുമായി സാമ്യമുള്ള കുട്ടിയെ കണ്ടെന്ന് അക്കാലത്ത് നിരവധി കത്തുകള്‍ പോലീസിന് കിട്ടിയിരുന്നു.

രാഹുലിന്റെ തിരോധാനം സമീപവാസികളായ പലരുടെയും ജീവിതത്തെ പ്രതികൂല ബാധിച്ചു. അക്കാലത്ത് രാഹുലിനെ കൊന്ന് ചതുപ്പില്‍ തളളിയതായി സമ്മതിച്ച മധ്യവയസ്‌കനായ അയല്‍വാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ചതുപ്പില്‍ നിന്നും മൃതദേഹം കണ്ടെത്താനാകാതെ വന്നതോടെ ആ വഴിയും അടഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മൊഴി വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് കണ്ടെത്തി.

പോലീസ് അന്വേഷണം ജീവിതം തകര്‍ക്കുമെന്ന് ഭയന്ന് സമീപവാസികളായ പലരും സ്ഥലം വിറ്റ് പോകുകയും ചെയ്തിരുന്നു. സുകുമാര കുറുപ്പ് കേസ് പോലെ പോലീസിനും മലയാളികള്‍ക്കും ഇന്നും നിഗൂഡമായി തന്നെ തുടരുകയാണ് രാഹുല്‍ തിരോധാനവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.