ചിക്കാഗോ: ചിക്കാഗോയിലെ ഡെസ് പ്ലൈൻസിലെ പോട്ടർ റോഡിലെ വീഥികളിൽ നിറഞ്ഞു നിന്ന ജനസഞ്ചയം സാക്ഷിയാക്കി, മൂടിക്കെട്ടിയ കാർമേഘങ്ങൾ കാലേക്കൂട്ടി പിൻവാങ്ങിയപ്പോൾ ആയിരക്കണക്കിനാളുകൾ ഇടതടവില്ലാതെ ദർശിച്ചുകൊണ്ട് ഫോക്നയുദ്ധേ പ്രഥമ വനിത പ്രസിഡണ്ടും ഫൊക്കാനയുടെ ഉരുക്കു വനിതയുമെന്നറിയപ്പെട്ടിരുന്ന ചിക്കാഗോ മലയാളികളുടെ പ്രിയപ്പെട്ട മറിയാമ്മ ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മറിയാമ്മ പിള്ളയ്ക്ക് അശ്രുപൂജകളുമായി അണമുറിയാത്ത ജനപ്രവാഹം ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചിലേക്ക് ഒഴുകിയെത്തിയപ്പോൾ തങ്ങളുടെ പ്രിയ നേതാവിനു അന്തിമോപചാരമർപ്പിക്കാനെത്തിയ ആയിരക്കണക്കിനാളുകളുടെ കൺതടങ്ങളിൽനിന്നോഴുകിയ മിഴിതുള്ളികൾ തെളിച്ച കണ്ണീർ ചാലുകളിൽ മുഖരിതമായിരുന്നു ആ പ്രദേശമൊക്കെയും.
ഒരുപക്ഷെ ഇതേപോലൊരു ജനപങ്കാളിത്തം അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഇതാദ്യമായിരിക്കാം ദർശിച്ചിട്ടുണ്ടാകുക. ജാതി മത ഭേദമന്യേ പൊതുദര്ശനത്തിൽ പങ്കെടുത്തവർക്കും പങ്കെടുത്തു പ്രസംഗിച്ച വിവിധ മത മേലധ്യക്ഷൻമാരാക്കും വൈദികർക്കും സന്യസ്തർക്കും സംഘടന രാഷ്ട്രീയ പ്രവർത്തകർക്കും ത്നങ്ങളുടെ പ്രിയ നേതാവിനെക്കുറിച്ച് കൂടുതലൊന്നും വിശേഷിപ്പിക്കാൻ ബാക്കിയുണ്ടായിരുന്നില്ല. ക്രിസ്തുവിന്റെ പ്രതിപുരുഷന്മാർ ബാക്കിവച്ചിട്ടുപോയ നന്മകളുടെ സുഗന്ധങ്ങളെ കൂടുതൽ സൗമര്യമാക്കി മാറ്റുക മാത്രമാണ് ഏഴു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന ആ കർമ്മകാണ്ഡത്തിൽ എല്ലാവർക്കും കാണുവാൻ സാധിച്ചത്.ശോകം തളംകെട്ടിനിന്ന അന്തരീക്ഷത്തിലും സന്ദേശങ്ങള്‍ നല്‍കിയവര്‍ വരച്ചുകാട്ടിയത് സേവന പ്രവര്‍ത്തനങ്ങളിലൂടെ ജീവിതം സമ്പന്നമാക്കിയ അപൂര്‍വ്വ വ്യക്തിത്വത്തിന്റെ ഓര്‍മ്മകളാണ്. വഴിവിളക്കെന്നും ഉരുക്കുവനിതയെന്നും മദര്‍ തെരേസയുടെ മനസുള്ള വ്യക്തിയെന്നും മാധ്യമങ്ങള്‍ വാഴ്ത്തിയ മറിയാമ്മ പിള്ള ഇവയെല്ലാമായിരുന്നുവെന്നതിനു തെളിവാണ് ഇന്നലെ ചിക്കാഗോയിലെ പൊതുദര്ശനത്തിൽ പങ്കെടുക്കാനെത്തിയ ജനാവലി സൂചിപ്പിക്കുന്നത്.
മറിയാമ്മ പിള്ളയ്ക്ക് ആദരാഞ്ജലിയർപ്പിക്കാൻ അവർ പ്രസിഡണ്ട് ആയിരുന്ന ഫൊക്കാനയുടെയും ഇതര സംഘടനകളിലെയും അവർ ദീര്ഘകാലം പ്രവർത്തിച്ചിരുന്ന ഇല്ലിനോയി മലയാളി അസോസിയേഷനിലേയും ചിക്കാഗോയിലെയും മറ്റു സംഘടനകളിലെയും നിരവധി നേതാക്കളും പ്രവർത്തകരുമാണ് ഇന്നലെ വെയ്ക്ക് സർവീസ് നടന്ന ചിക്കാഗോ മാർത്തോമ്മ പള്ളിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഫൊക്കാനയുടെ ആമേരിക്കയിലുടനീളമുള്ള ഒട്ടുമിക്കവാറുമുള്ള എല്ലാ നേതാക്കന്മാരും മറിയാമ്മ പിള്ളയെ ഒരു നോക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും ഇന്നലെയും ഇന്നുമായി ചിക്കാഗോയിൽ എത്തിയിരുന്നു.
ചക്കാഗോയിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി മറിയാമ്മ പിള്ളയുടെ സ്നേഹസ്പർശമേറ്റ നിരവധി പേരാണ് ഇന്നലെ അവരെ നോക്കു കാണുവാനായി എത്തിയത്. മറിയാമ്മ പിള്ളയുമായി സ്നേഹബന്ധം പുലർത്തിയിരുന്ന രാജ്യം മുഴുവനുമുള്ള നിരവധി സ്നേഹിതരും ഇന്നലെയും ഇന്നുമായി അവിടെ എത്തിച്ചേർന്നു. മാർത്തോമ്മാ സഭയിലെയും മറ്റു സഭകളിലെയും മത മേലധ്യക്ഷന്മാരും വൈദികരും സന്ന്യസ്ത ശ്രേഷ്ട്ടരും മറിയാമ്മ പിള്ളയ്ക്ക് വേണ്ടി പ്രാർത്ഥന ശിശ്രൂഷകൾ നടത്താനും ആദരാഞ്ജലികൾ അർപ്പിക്കാനും മാർത്തോമ്മാ പള്ളിയിൽ എത്തിയിരുന്നു.
മറിയാമ്മ പിള്ളയുടെ പെട്ടെന്നുള്ള മരണം സൃഷിട്ടിച്ച ശൂന്യതയിലാണ് മുഴുവൻ ഫൊക്കാനപ്രവർത്തകരുമെന്ന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രസംഗിച്ച പ്രസിഡണ്ട് ജോർജി വർഗീസ് ഫൊക്കാനയുടെ ഒരു ഭാഗം തന്നെ നഷ്ട്ടമായ പ്രതീതിയാണ് ഫൊക്കാന എന്ന പ്രസ്ഥാനത്തെ സ്നേഹിക്കുന്ന മറിയാമ്മ പിള്ളയെ സ്നേഹിക്കുന്നവർക്ക് പറയുവാൻ കഴിയു എന്നും വ്യകത്മാക്കി.
ഫൊക്കാനയിലെ എല്ലാ നേതാക്കന്മാരുമായും വ്യക്തിപരമായ ബന്ധങ്ങൾ വളർത്തുകയും കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്ന മറിയാമ്മ പിള്ള കാൻസർ രോഗിയാണെന്ന വിവരം അറിഞ്ഞപ്പോൾ ഉണ്ടായ ഞെട്ടൽ മുതൽ അവരുടെ വിയോഗം വരെ തളർത്തിയിരിക്കുകയാണ് ചേച്ചിയെ അടുത്തറിയുന്ന ഏവരും.വളരെ ധൈര്യവതിയും ആത്മവിശ്വസവുമുള്ള മറിയാമ്മ ചേച്ചിയുടെ രോഗ വിവരം അറിഞ്ഞപ്പോൾ മുതൽ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ചികത്സയുടെ ഓരോ ഘട്ടത്തിലും കാര്യമായ പുരോഗതി കൈവരിച്ചിരുന്ന വാർത്ത ഇങ്ങോട്ടു വിളിച്ചറിയിച്ചിരുന്ന ചേച്ചി രോഗം വഷളായിക്കൊണ്ടിരിക്കുന്ന വിവരവും സ്വയം വിളിച്ചറിയിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഇത്തരമൊരു വേദിയിൽ ഇത്ര പെട്ടെന്നു വരേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗം മൂർഛിച്ചുകൊണ്ടിരുന്ന അവസ്ഥയിലും ഫൊക്കാന കൺവെൻഷന് എത്തണമെന്ന മോഹമാണ് മറിയാമ്മ പിള്ള പ്രകടിപ്പിച്ചിരുന്നതെന്ന് പറഞ്ഞ ജോർജി പ്രസിഡണ്ട് ആയി ചുമതല ഏറ്റ് ആദ്യമായി ചിക്കാഗോയിൽ എത്തിയപ്പോൾ ഫൊക്കാനയുടെ പ്രവർത്തങ്ങൾക്കായി താൻ ചോദിക്കാതെ തന്നെ ഒരു ചെക്ക് സമ്മാനിച്ചിട്ടുകൊണ്ട് തനിക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.- ജോർജി തുടർന്നു പറഞ്ഞു.
ഇത്രയും സുസ്മേരവദനയായ, ചുറുചുക്കുള്ള, തലയെടുപ്പും വാക്ചാരുതയുമുള്ള ഒരു വനിതാ രത്നം ഫൊക്കാനയിൽ എന്നല്ല ഒരു സംഘടനയിലും ഇന്നുവരെ ഉണ്ടായിട്ടില്ലെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് ആദരാഞ്ജലിയർപ്പിച്ചു പ്രസംഗിച്ചുകൊണ്ട് പറഞ്ഞു.മറിയാമ്മ ചേച്ചിയുടെ പിന്തുണ എന്ന് പറയുന്നത് ഫൊക്കാനയെ സംബന്ധിച്ച് ഒരു വലിയ ഉറപ്പു തന്നെയായിരുന്നു. ഫൊക്കാനയെ സംബന്ധിച്ച് ദുഖത്തിന്റേതായ പല ദിവസങ്ങൾ പല തവണ ഉണ്ടായിട്ടുണ്ട്. എന്നാൽ മറിയാമ്മ ചേച്ചിയുടെ വിയോഗം സൃഷിച്ച ശൂന്യത നികത്താനാകാത്തതാണെന്നും ഫിലിപ്പോസ് ഫിലിപ്പ് കൂട്ടിച്ചേർത്തു.
താൻ ചെയർമാൻ ആയ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ അംഗമായിരുന്ന മറിയാമ്മ പിള്ള രോഗം വഷളായതിനെ തുടർന്ന് തൽസ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായിരുന്നുവെന്ന് ഫൊക്കാന തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും അവരോടൊപ്പം ട്രസ്റ്റി ബോർഡ് അംഗവുമായ ഡോ. മാമൻ സി. ജേക്കബ് പറഞ്ഞു.എന്നാൽ രാജി വയ്‌ക്കേണ്ട കാര്യമില്ലെന്നും കാര്യങ്ങളെല്ലാം താനും മറ്റൊരു അംഗമായ സജി പോത്തനും കൂടെ ചെയ്യാമെന്നും ഒർലാണ്ടോ കൺവെൻഷനിൽ പങ്കെടുക്കാനുള്ള ആരോഗ്യം വീണ്ടെടുക്കുക മാത്രമേ ചെയ്യേണ്ടതുള്ളുവെന്നും പറഞ്ഞു ആശ്വസിപ്പിക്കുകയായിരുന്നു. - ഡോ. മാമൻ സി. ജേക്കബ് കൂട്ടിച്ചേർത്തു. താൻ ബി.ഒ ടി ചെയർമാൻ ആയിരുന്നപ്പോൾ വളരെ വിഷമം പിടിച്ച പല ഘട്ടങ്ങളിലും മറിയാമ്മ പിള്ളയുടെ ഉപദേശം തേടുകയുണ്ടായി.നിലപടുകളിൽ ഉറച്ചു നിൽക്കുവാനും കാര്യങ്ങളെ ദീർഘ വീക്ഷണത്തോടെ വിവേചിച്ചറിയുവാനുമുള്ള ശേഷിയും ധൈര്യവുമുള്ള നേതാവായിരുന്നു അവർ എന്നും ആദരാഞ്ജലികൾ അർപ്പിച്ചു നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഒരാളുടെ ജീവിതത്തിൽ എത്രനാൾ ജീവിച്ചിരുന്നുവെന്നല്ല,എത്ര നന്നായി ജീവിച്ചിരുന്നുവെന്നതാണ് പ്രസക്തിയെന്നു തുടർന്ന് അനുശോചന സന്ദേശം നൽകിയ ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസ് ജീവിതത്തെ ഏറ്റവും അർത്ഥപൂർണമാക്കിയ ഒരു വ്യകതിത്വമായിരുന്നു മറിയാമ്മ പിള്ളയെന്നും കൂട്ടിച്ചേർത്തു. അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും ശക്തിസ്രോതസ് ഭര്‍ത്താവ് ചന്ദ്രന്‍പിള്ള ചേട്ടനായിരുന്നു. അവരുടെ സേവനങ്ങളും ഓര്‍മ്മകളും ഒരിക്കലും ഇല്ലാതാകില്ല.- തോമസ് തുടർന്ന് പറഞ്ഞു.
ഫൊക്കാന മുൻ പ്രസിഡണ്ടും കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്ററുമായ പോൾ കറുകപ്പള്ളിൽ മറിയാമ്മ പിള്ളയുമായി ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ സഹധർമ്മിണി ലത പോളിന്റെ അനുശോചന സന്ദേശം കേൾപ്പിച്ചു. വിമൻസ് ഫോറം പ്രസിഡണ്ട് ദോ. കല ഷഹി, നാഷണൽ കമ്മിറ്റി അംഗം ജോർജ് പണിക്കർ ഫൊക്കാന മുൻ പ്രസിഡണ്ട് മാധവൻ ബി. നായർ തുടങ്ങിയ നേതാക്കന്മാരും അനുശോചന സന്ദേശം നൽകി.
പച്ചയായ മനുഷ്യസ്‌നേഹിയായിരുന്നു മറിയാമ്മ പിള്ളയെന്ന് ഫോമയ്ക്കുവേണ്ടി ആദരാഞ്ജലിയര്‍പ്പിച്ച ജോ. സെക്രട്ടറി ജോസ് മണക്കാട്ട് ചൂണ്ടിക്കാട്ടി. അകാലത്തില്‍ അവര്‍ വിടപറഞ്ഞെങ്കിലും എല്ലാ നന്മകളും ചെയ്തു തീര്‍ത്തശേഷമായിരുന്നു ആ വേര്‍പാട്. താന്‍ സംഘടിപ്പിച്ച എല്ലാ പരിപാടികളിലും ആദ്യം വിളിക്കുന്നത് മറിയാമ്മ പിള്ളയെ ആയിരുന്നു. മോനേ എന്ന വാത്സല്യം കലര്‍ന്ന ആ വിളി ഇനി കേള്‍ക്കാനാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഖം ഹൃദയമാകെ നിറയുന്നു.
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ ഇല്ലിനോയി മലയാളി അസോസിയേഷനിലും ഫൊക്കാനയിലുമൊക്കെ മറിയാമ്മ പിള്ളയുടെ പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചു. അവര്‍ ശാരീരികമായി നമ്മോടൊപ്പമില്ലെങ്കിലും ആ ധന്യജീവിതത്തിന്റെ ഓര്‍മ്മകള്‍ നമ്മുടെ മനസില്‍ എന്നും നിലനില്‍ക്കും.
കനേഡിയന്‍ എഴുത്തുകാരന്‍ എഴുതിയ 'ഹൂ വില്‍ ക്രൈ വെൻ യു ഡൈ' എന്ന പുസ്തകത്തില്‍ ലോകം കരയാന്‍ 27 കാര്യങ്ങള്‍ ചെയ്യണമെന്നാണ് എഴുതിയിരിക്കുന്നതെന്ന് ഷിജി അലക്സ് ചൂണ്ടിക്കാട്ടി . അത് അന്വര്‍ത്ഥമാക്കിയ വ്യക്തിയാണ് മറിയാമ്മ പിള്ള. അവരുടെ വേര്‍പാടില്‍ ലോകം കരയുന്നു.
അവര്‍ എല്ലാവരേയും തുണയ്ക്കുകയും മാതൃക കാട്ടുകയും ചെയ്തു. സാധാരണ നഴ്‌സായി ഇവിടെ വന്ന അവര്‍ പിന്നീടുള്ള നഴ്‌സുമാര്‍ക്ക് അഭയവും തുണയുമായി. ആ ഒറ്റമരക്കാടിന്റെ തണലില്‍ ചെറിയ മരങ്ങള്‍ വളര്‍ന്നുവന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് അവരുടെ ഓര്‍മ്മകള്‍ക്ക് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം.
മറിയാമ്മ പിള്ളയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്ന കോൺഗ്രസ്മാൻ ടി.എം രാജമൂർത്തി മറിയാമ്മ പിള്ളയെന്ന സംഘടനാ നേതാവിനുമേൽ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസത്തെയാണ് ഈ ജനാവലിയെ സൂചിപ്പിക്കുന്നതെന്നും പറഞ്ഞു.
സീറോ മലബാർ സഭ ചിക്കാഗോ രൂപത അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് , വികാരി ജനറൽ ഫാ. തോമസ് കടുകപ്പള്ളിൽ,സീറോ മലങ്കര രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജെറി മാത്യു, മാർത്തോമ്മാ സഭ സീനിയർ വൈദികനായ റവ. വി.ടി. ജോൺ, ഉൾപ്പെടെ നിരവധി മത മേലധ്യക്ഷന്മാരും വൈദികരും പ്രാർത്ഥനാ ശിശ്രൂഷകളും അർപ്പിച്ചു.
വ്യൂവിങ്ങ് ചടങ്ങിനിടെ കേരള സ്‌പീക്കർ എം. ബി. രാജേഷ്, മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി, എംപിമാരായ ആന്റോ ആന്റിണി, ജോസ് കെ. മാണി, തോമസ് ചാഴികാടൻ , തിരുവഞ്ചൂർ രാധാകൃഷ്‍ണൻ മി എൽ എ, ദീപിക ഡൽഹി അസോസിറ്റ് എഡിറ്റർ ജോർജ് കള്ളിവയലിൽ, ഐ.പി.സി.എൻ.എ പ്രസിഡണ്ട് സുനിൽ തൈമറ്റം എന്നിവരുടെ വീഡിയോ സന്ദേശങ്ങളും പ്രദർശിപ്പിച്ചിരുന്നു.
രണ്ടു പതിറ്റാണ്ടോളമായി മറിയാമ്മ പിള്ളയുമായി ഒന്നിച്ചു പ്രവര്‍ത്തിച്ചത് ഫൊക്കാന നേതാവ് ലീല മാരേട്ട് അനുസ്മരിച്ചു. മറിയാമ്മയും ഭര്‍ത്താവും ന്യൂയോര്‍ക്കില്‍ വരുമ്പോള്‍ തന്റെ വീട്ടില്‍ ആതിഥ്യം നൽകിയിട്ടുണ്ട് .
ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രതിനിധിയായി ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ, പ്രസന്നന്‍ പിള്ള, അനിലാല്‍ ശ്രീനിവാസന്‍, ബിജു സഖറിയ, വര്‍ഗീസ് പാലമലയില്‍, ഡൊമിനിക്, അനില്‍ മറ്റത്തിക്കുന്നേല്‍, അലന്‍ ജോര്‍ജ് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. പ്രസ്‌ക്ലബിന്റെ ഉറ്റ ബന്ധുവായിരുന്നു മറിയാമ്മ പിള്ളയെന്നു ശിവന്‍ മുഹമ്മ ചൂണ്ടിക്കാട്ടി. ചിക്കാഗോയിലും മറ്റ് നഗരങ്ങളിലും നടന്ന കണ്‍വന്‍ഷനുകളില്‍ പലതിലും അവര്‍ പങ്കെടുക്കുകയുണ്ടായി. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും മറിക്കാനാവില്ല.
വീഡിയോ സന്ദേശത്തില്‍ മാര്‍ത്തോമാ സഭ സഫ്രഗന്‍ മെത്രാപ്പോലീത്ത യുയാക്കീം മാര്‍ കൂറിലോസ് തിരുമേനി മറിയാമ്മ പിള്ളയുടെ ആഴമായ വിശ്വാസം അനുസ്മരിച്ചു. അവരുടെ സേവന പ്രവര്‍ത്തനങ്ങള്‍ എന്നും സമൂഹത്തിന് മുതല്‍ക്കൂട്ടായിരുന്നു. അമേരിക്കയിലായിരുന്നപ്പോൾ അവരുടെ ആതിഥ്യം സ്വീകരിച്ചതും അനുസ്മരിച്ചു
ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളം സംഘടനാ രംഗത്തെ മറിയാമ്മ പിള്ളയുടെ സേവനങ്ങള്‍ ചൂണ്ടിക്കാട്ടി.
ഭദ്രാസന മെത്രാപ്പോലീത്ത ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ സംസ്കാര ശുശ്രുഷയുടെ ആദ്യഘട്ടം പൂർത്തിയാക്കിയാണ് ഇന്നലെ പൊതുദർശനം പൂർത്തിയാക്കിയത്.











വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.