സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍ വീടിന് തീപിടിച്ച് വയോധികരായ രണ്ടു പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.45-നാണ് സംഭവം. പടിഞ്ഞാറന്‍ സിഡ്‌നിയിലെ ഗ്ലെന്‍ഡെന്നിങ് മേഖലയിലാണ് വീടിന് തീപിടിച്ചത്. പൂര്‍ണമായും കത്തിനശിച്ച ഒറ്റനില വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് 74 വയസുള്ള സ്ത്രീയെയാണ് ആദ്യം പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തകര്‍ അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് 77 വയസുള്ള പുരുഷന്റെ മൃതദേഹം ലഭിച്ചത്.
തീപിടിത്തമുണ്ടായതറിഞ്ഞ് അഗ്നിശമന സേനാംഗങ്ങള്‍ എത്തുമ്പോഴേക്കും വീടിന് അകത്തേക്കു കടക്കാനാകാത്ത വിധം പുകയും തീയും നിറഞ്ഞിരുന്നു. മേല്‍ക്കൂരയും തകരാന്‍ തുടങ്ങിയിരുന്നു. ഇത് രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ന്യൂ സൗത്ത് വെയില്‍സ് പോലീസും ആംബുലന്‍സും എമര്‍ജന്‍സി സര്‍വീസ് വിഭാഗവും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തു നിലയുറപ്പിച്ചിരുന്നു.
സിഡ്നിയില്‍ തീപിടിത്തമുണ്ടായ വീട്
ആദ്യം വയോധികയെയാണ് പുറത്തെടുത്തത്. തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു വീണതോടെ അഗ്‌നിശമന സേനാംഗങ്ങള്‍ താല്‍ക്കാലികമായി പിന്‍വാങ്ങി. പിന്നീട് നടത്തിയ തെരച്ചിലിലാണ് വയോധികന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ആറു മണിയോടെയാണ് തീയണച്ചത്. സംഭവം പ്രദേശവാസികളില്‍ വലിയ നടുക്കമുണ്ടാക്കിയിരിക്കുകയാണ്.
തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംശയാസ്പദമായ സാഹചര്യമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.