വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിന്റെ ശവകുടീരം പൊതുദര്‍ശനത്തിന് സ്ഥിരമായി തുറന്നുകൊടുത്തു

വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിന്റെ ശവകുടീരം പൊതുദര്‍ശനത്തിന് സ്ഥിരമായി തുറന്നുകൊടുത്തു

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയ ഏറ്റവും പ്രായം കുറഞ്ഞ കൗമാരക്കാരനും ദിവ്യ കാരുണ്യ ആരാധനയുടെ മധ്യസ്ഥനുമായ കാര്‍ലോ അക്യൂട്ടിസിന്റെ ഭൗതികശരീരം കണ്ടുവണങ്ങാന്‍ വിശ്വാസികള്‍ക്ക് ഇനി എന്നും അവസരം. ജൂണ്‍ ഒന്നിന് ആര്‍ച്ച് ബിഷപ്പ് ഡൊമനിക്കോ സോറന്റിനോയാണ് വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിന്റെ ശവകുടീരം പൊതുജനങ്ങള്‍ക്ക് സ്ഥിരമായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്.

സൈബര്‍ യുഗത്തിലെ വിശുദ്ധന്‍ എന്ന് വിശേഷിപ്പിക്കുന്ന വാഴ്ത്തപ്പെട്ട അക്യൂട്ടിസിന്റെ ഭൗതിക ശരീരം ഇറ്റലിയിലെ അസീസി നഗരത്തില്‍ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ദേവാലയത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്.

കോവിഡ് യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്ക് നീങ്ങിയ സാഹചര്യത്തില്‍ നിരവധി അന്താരാഷ്ട്ര തീര്‍ഥാടകര്‍ക്ക് കാര്‍ലോയുടെ ഭൗതിക ശരീരം ആദ്യമായി കണ്ടു വണങ്ങാനാകും.

ഇറ്റലിയില്‍ ജനിച്ചു വളര്‍ന്ന കാര്‍ലോ ദിവ്യകാരുണ്യത്തോട് തീക്ഷ്ണമായ ഭക്തിയുള്ള വ്യക്തിയായിരുന്നു. ശവകുടീരത്തില്‍ പ്രാര്‍ത്ഥിക്കാന്‍ വരുന്ന എല്ലാവര്‍ക്കും സുവിശേഷത്തിന്റെ വെളിച്ചത്തിലേക്ക് പ്രവേശിക്കാനും വിശ്വാസത്തിന്റെ അഗാധമായ അനുഭവം നേടാനും സാധിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് 2020 ഒക്ടോബര്‍ ഒന്നിനാണ് കാര്‍ലോയുടെ കബറിടം ആദ്യമായി പൊതുവണക്കത്തിന് തുറന്നുകൊടുത്തത്. കബറിടത്തില്‍ ചില്ലുജാലകങ്ങള്‍ സ്ഥാപിച്ചാണ്, തിരുശേഷിപ്പായി മാറിയ ഭൗതീകദേഹം പൊതുദര്‍ശനത്തിന് ക്രമീകരിച്ചത്

കാര്‍ലോയുടെ ജീവിതകാലത്ത് അണിഞ്ഞിരുന്നതുപോലുള്ള ടീഷര്‍ട്ടും ജീന്‍സും സ്‌നീക്കറുമാണ് ഭൗതികദേഹം അണിഞ്ഞിട്ടുള്ളത്. ഹൃദയഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഏതാനും ആന്തരീക ആവയവങ്ങള്‍ അഴുകാത്ത നിലയിലായിരുന്നു.

ലുക്കീമിയ രോഗബാധിതനായി 2006-ല്‍ പതിനഞ്ചാമത്തെ വയസിലാണ് വാഴ്ത്തപ്പെട്ട കാര്‍ലോ നിത്യതയിലേക്കു യാത്രയായത്. കംപ്യൂട്ടറുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളില്‍ പ്രതിഭാശാലിയായിരുന്ന കാര്‍ലോ, തന്റെ കഴിവുകള്‍ പൂര്‍ണമായും ഉപയോഗിച്ചത് ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാനാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26