ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ നാലാം തരംഗ ഭീതിയില്‍ രാജ്യം. ജൂലൈ മാസത്തോടെ മുംബൈ നഗരത്തെ നാലാം തരംഗം ബാധിക്കുമെന്നാണ് ഐഐടി കാന്‍പുരില്‍ നിന്നുള്ള വിദഗ്ധരുടെ അനുമാനം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങളോടു കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കേരളം, തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് കേസുകള്‍ വര്‍ധിക്കുന്നതെന്നും കര്‍ശന നടപടിയെടുക്കേണ്ടതെന്നും കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജീവ് ഭൂഷണ്‍ കത്തയച്ചിരുന്നു.
രാജ്യത്ത് 84 ദിവസങ്ങള്‍ക്കു ശേഷം ആദ്യമായി കോവിഡ് കേസുകള്‍ വെള്ളിയാഴ്ച 4000 കടന്നിരുന്നു. 24 മണിക്കൂറിനിടെ 3,962 പേര്‍ കോവിഡ് പോസിറ്റീവായി. കഴിഞ്ഞ ദിവസം ഇത് 4,141 ആയിരുന്നു. ഇന്നലെ 26 പേര്‍ മരിച്ചു.
അതേസമയം നാലാം തരംഗത്തെ നേരിടാന്‍ കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) വെള്ളിയാഴ്ച നഗരത്തിന്റെ ആരോഗ്യ വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു. പോസിറ്റീവ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹൗസിങ് സൊസൈറ്റികളില്‍ പരിശോധനാ ക്യാംപുകള്‍ സജ്ജീകരിക്കാനും ജംബോ സെന്ററുകളില്‍ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനും വാര്‍ റൂമുകള്‍ തുറക്കാനും നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അതീവ കരുതലെടുത്തു വേണം കാര്യങ്ങള്‍ ചെയ്യാനെന്ന് ബിഎംസി വ്യക്തമാക്കി. നിലവില്‍ ദിവസവും 8000 പരിശോധനകളാണ് നടക്കുന്നത്. ഇത് ദിവസം 30,000 40,000 ആക്കി വര്‍ധിപ്പിക്കും.
കേരളത്തിലും പരിശോധന വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.