കുടുംബങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനവുമായി മാര്‍പാപ്പയുടെ ജൂണ്‍ മാസത്തിലെ പ്രാര്‍ത്ഥനാ നിയോഗം

കുടുംബങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനവുമായി മാര്‍പാപ്പയുടെ ജൂണ്‍ മാസത്തിലെ പ്രാര്‍ത്ഥനാ നിയോഗം

വത്തിക്കാന്‍ സിറ്റി: കുടുംബ ബന്ധങ്ങളുടെ മൂല്യം ഉയര്‍ത്തിപ്പിടിക്കാനും എല്ലാ കുടുംബങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും ജൂണ്‍ മാസത്തിലെ പ്രാര്‍ത്ഥനാ നിയോഗത്തിലൂടെ കത്തോലിക്ക വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. ജൂണില്‍ നടക്കുന്ന പത്താമത് ലോക കുടുംബ സംഗമത്തിന് റോം ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തിലാണ് കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയിലേക്ക് മാര്‍പാപ്പ ശ്രദ്ധ ക്ഷണിച്ചത്. ജൂണ്‍ 22 മുതല്‍ 26 വരെയാണ് ലോക കുടുംബസംഗമം.

മാര്‍പാപ്പയുടെ ആഗോള പ്രാര്‍ത്ഥനാ ശൃംഖല (Pope’s Worldwide Prayer Network) പുറത്തിറക്കിയ ജൂണിലെ പ്രാര്‍ത്ഥനാ നിയോഗ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ മാസവും വിവിധ പ്രാര്‍ത്ഥനാ വിഷയങ്ങളാണ് പാപ്പ തെരഞ്ഞെടുത്തു നല്‍കുന്നത്.

'തികഞ്ഞ കുടുംബം എന്നൊന്നില്ല. പക്ഷേ അതോര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല. തെറ്റുകളെ ഓര്‍ത്തു ദുഖിക്കാതെ അതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണമെന്ന് പാപ്പ ഓര്‍മിപ്പിച്ചു.

ചെറുപ്പക്കാരും വയോധികരും ഒരുമിച്ച് ജീവിക്കാനും പരസ്പരം സഹകരിക്കാനും പരിശീലിക്കുന്ന ഇടമാണ് കുടുംബം. യുവാക്കള്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിങ്ങനെയുള്ള വ്യത്യസ്തകളിലും ഐക്യത്തോടെ ഒരുമിച്ചു നില്‍ക്കുകയും തങ്ങളുടെ ജീവിതമാതൃക കൊണ്ട് സുവിശേഷം പ്രഘോഷിക്കുകയും ചെയ്യുന്നത് കുടുംബത്തിലാണ്.

നമ്മുടെ കുടുംബങ്ങളിലും അയല്‍പ്പക്കങ്ങളിലും നാം വസിക്കുന്ന നഗരത്തിലും ദൈനംദിന പ്രവൃത്തികളിലും ദൈവം നമ്മോടൊപ്പം ഉണ്ടെന്ന കാര്യം ഓര്‍മിപ്പിച്ച പാപ്പ, ദൈവം നമ്മെക്കുറിച്ച് ശ്രദ്ധാലുവാണെന്നും ഉദ്ബോധിപ്പിച്ചു.

'അവിടുന്ന് നമ്മെ പരിപാലിക്കുന്നു. ഇളകിമറിയുന്ന കടലില്‍ നമ്മുടെ ജീവിതനൗക ആടിയുലയുമ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോഴും സഹനത്തിലായിരിക്കുമ്പോഴും നമ്മുടെ വിഷമതകളിലും സന്തോഷങ്ങളിലും ദൈവം നമ്മോടു കൂടെയുണ്ട്. അവിടുന്ന് നമ്മെ സഹായിക്കുന്നു, തിരുത്തുന്നു, അനുഗമിക്കുന്നു. കുടുംബത്തിനുള്ളിലെ സ്നേഹം വിശുദ്ധിയുടെ പാത പ്രദാനം ചെയ്യുന്നു.

'കുടുംബം: സ്നേഹത്തിലേക്കുള്ള വിളിയും വിശുദ്ധിയിലേക്കുള്ള വഴിയും' എന്നത് ലോക കുടുംബ സംഗമത്തിന്റെ ആപ്തവാക്യമാക്കാനുള്ള കാരണം ഇതുതന്നെയാണെന്നും മാര്‍പാപ്പ വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള ക്രൈസ്തവ കുടുംബങ്ങള്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം. ഓരോ കുടുംബത്തിനും അവരുടെ ദൈനംദിന ജീവിതത്തില്‍ നിരുപാധികമായ സ്‌നേഹം അനുഭവിക്കാനും വിശുദ്ധിയില്‍ മുന്നേറാനും സാധിക്കട്ടെ എന്ന് പാപ്പ ആശംസിച്ചു.

മാർപാപ്പയുടെ ഈ വർഷത്തെ ഇതുവരെയുള്ള മാസങ്ങളിലെ പ്രാർത്ഥനാ നിയോഗങ്ങൾ --ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.