ലോക്സഭ ഉപതെരഞ്ഞെടുപ്പിലും മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് സീറ്റില്ല; ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന

ലോക്സഭ ഉപതെരഞ്ഞെടുപ്പിലും മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് സീറ്റില്ല; ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്തായേക്കും. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ലോക്സഭ ഉപതെരഞ്ഞെടുപ്പിലും നഖ്‌വിക്ക് ബിജെപി സീറ്റ് നല്‍കിയിട്ടില്ല. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നുണ്ടെന്ന സൂചനയും പുറത്തു വരുന്നുണ്ട്.

നേരത്തെ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചപ്പോഴും നഖ്വിയെ പരിഗണിച്ചിരുന്നില്ല. വീണ്ടും പാര്‍ലമെന്റിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നഖ്വിക്ക് കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്തു പോകേണ്ടി വരും.

ഉത്തര്‍പ്രദേശിലെ രാംപൂരില്‍ നിന്നും ഘനശ്യാം ലോധിയേയും അസംഗഡില്‍ നിന്നും ദിനേശ് ലാല്‍ യാദവിനേയുമാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. നരേന്ദ്ര മോഡി മന്ത്രി സഭയിലെ ഏക മുസ്ലിം മുഖമായ മുക്താര്‍ അബ്ബാസ് നഖ്‌വിയെ രാംപൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. ജൂണ്‍ 23 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നഖ്‌വിക്ക് സീറ്റ് നല്‍കാത്തത് രാഷ്ട്രീയവൃത്തങ്ങള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. നിലവില്‍ ജാര്‍ഖണ്ഡില്‍ നിന്നാണ് നഖ് ി രാജ്യസഭയിലെത്തിയത്. ഭരണഘടന പ്രകാരം, പാര്‍ലമെന്റ് അംഗമല്ലെങ്കിലും ആറു മാസം കൂടി മന്ത്രി പദത്തില്‍ തുടരാനാകും. അതിനാല്‍ അല്‍പ്പം കൂടി കാത്തിരിക്കാനാണ് ബിജെപിയിലെ മുതിര്‍ന്ന ഒരു നേതാവ് സൂചിപ്പിച്ചത്.

ത്രിപുര, ആന്ധ്ര, ഡല്‍ഹി, ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫസര്‍ മണിക് സാഹ, ഡോ. അശോക് സിന്‍ഹ, സ്വപ്ന ദാസ് പോള്‍, മലിന ദേബ്നാഥ് എന്നിവരാണ് ത്രിപുരയിലെ സ്ഥാനാര്‍ത്ഥികള്‍. ആന്ധ്രയിലെ ആത്മാകുറില്‍ ജി ഭരത് കുമാര്‍ യാദവ്, ഡല്‍ഹി രജീന്ദര്‍ നഗറില്‍ രാജേഷ് ഭാട്ടിയ, ജാര്‍ഖണ്ഡിലെ മന്ദറില്‍ ഗംഗോത്രി കജൂര്‍ എന്നിവരും ബിജെപി സ്ഥാനാര്‍ത്ഥികളാകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.