വിദൂര ഗ്രഹങ്ങളിലേക്കും വിദൂര താരാപഥങ്ങളിലേക്കും നമ്മെ അടുപ്പിക്കുന്ന ഒരു നല്ല സയന്‍സ് ഫിക്ഷന്‍ സിനിമ അല്ലെങ്കില്‍ നക്ഷത്ര സമൂഹങ്ങള്‍ക്കിടയിലുള്ള സൂപ്പര്‍ ഹീറോ ഇതിഹാസത്തെയാണ് നാമെല്ലാവരും ഇഷ്ടപ്പെടുന്നത്. പക്ഷേ മനസിനെ ത്രസിപ്പിക്കുന്ന ധാരാളം കാര്യങ്ങള്‍ ഇവിടെ ഭൂമിയില്‍ നടക്കുന്നുണ്ട് എന്നതാണ് വസ്തുത.
ഉദാഹരണത്തിന്, നമ്മുടെ സമുദ്രങ്ങളില്‍ 700 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണ്ണം ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? അതോ സാങ്കേതികമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതം എവറസ്റ്റ് പര്‍വ്വതം അല്ലേ?ഹവായിയിലെ പ്രവര്‍ത്തന രഹിതമായ അഗ്‌നിപര്‍വ്വതം മൗന കീ ആണോ? അല്ലെങ്കില്‍ ഏറ്റവും വലിയ ജീവജാലം ആനയോ തിമിംഗലമോ അല്ല, യഥാര്‍ത്ഥത്തില്‍ 2.4 മൈല്‍ വിസ്തൃതിയുള്ള ഒരു കൂണ്‍ ആണെങ്കിലോ ?
നമ്മുടെ ഗാലക്‌സിയില്‍ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന ഒരേയൊരു ഗ്രഹം ഭൂമിയാണ്. ഭൂമിയില്‍ ഏകദേശം 300,000 സസ്യ ഇനങ്ങളും 600,000ല്‍ അധികം ഇനം ഫംഗസുകളും ഏകദേശം പത്ത് ദശലക്ഷം ജന്തുജാലങ്ങളും ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു.ഭൂമിയിലെ സമുദ്രങ്ങളുടെ 95 ശതമാനവും (ഭൂമിയുടെ
70 ശതമാനത്തിലധികം വരുന്നവ) പര്യവേക്ഷണം ചെയ്യപ്പെടാതെ കിടക്കുന്നു. കണ്ടുപിടിക്കപ്പെടാത്ത ഒരു ദശലക്ഷം ജീവജാലങ്ങള്‍ ഈ അദൃശ്യ സമുദ്രങ്ങളില്‍ ജീവിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. ന്യൂ ഗിനിയയിലെ മഴക്കാടുകളുടെ ഭാഗങ്ങള്‍ പോലെ ചില ദേശങ്ങളും അജ്ഞാതമാണ്. ഇതിനര്‍ത്ഥം ഭൂമിയിലെ പലതും ഇനിയും കണ്ടെത്താനുണ്ട് എന്നാണ്.
ഭൂമിയിലെ ഏറ്റവും രസകരമായ വസ്തുത ഈ ഗ്രഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജീവി തേനീച്ചയാണ് എന്നതാണ്. മനുഷ്യരായ നമ്മളല്ല. ലോകത്തിലെ കൃഷിയുടെ 70% തേനീച്ചകളെ മാത്രം ആശ്രയിച്ചിരിക്കുന്നു. പരാഗണം; തേനീച്ചകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനം - സസ്യങ്ങളെ പുനരുല്‍പ്പാദിപ്പിക്കാന്‍ പ്രാപ്തമാക്കുന്നു. അവ ഇല്ലെങ്കില്‍, ജന്തുജാലങ്ങള്‍ പെട്ടെന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങും. ഭൂമി ഇല്ലാതാകും.
സൂര്യനില്‍ നിന്നും മൂന്നാമതായി സ്ഥിതി ചെയ്യുന്ന ഭൂമിയാണ് ഇന്ന് നമുക്കറിയാവുന്ന വാസയോഗ്യമായ ഒരേയൊരു സ്ഥലം. സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ വലിപ്പത്തില്‍ അഞ്ചാമനായ ഭൂമി മാത്രമാണ് പ്രതലത്തില്‍ ജലമുള്ള ഒരേയൊരു ഗ്രഹവും. പാറയും ലോഹങ്ങളും കൊണ്ട് നിര്‍മിക്കപ്പെട്ട ടെറസ്ട്രിയല്‍ പ്ലാനറ്റുകളില്‍ ഉള്‍പ്പെട്ട ബുധന്‍(മെര്‍ക്കുറി), ശുക്രന്‍(വീനസ്), ഭൂമി(എര്‍ത്ത്), ചൊവ്വ(മാര്‍സ്) എന്നിവയില്‍ ഭൂമിയാണ് വലുത്. ഏകദേശം 1000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഭൂമി അഥവാ എര്‍ത്ത് എന്ന പേര് വന്നത്. ഭൂമി ഒഴികെ മറ്റെല്ലാ ഗ്രഹങ്ങളും ഗ്രീക്ക് അല്ലെങ്കില്‍ റോമന്‍ ദേവന്മാരുടേയോ ദേവതകളുടേയോ പേരിലാണ് അറിയപ്പെടുന്നത്. ഭൂമി എന്ന് അര്‍ഥം വരുന്ന ജര്‍മന്‍ വാക്കായ 'എര്‍ത്ത്' എന്ന പേരിലാണ് നമ്മുടെ ഗ്രഹം അറിയപ്പെടാന്‍ തുടങ്ങിയത്.
6371 കിലോമീറ്ററാണ് ഭൂമിയുടെ വ്യാസാര്‍ദ്ധം. സൂര്യനില്‍ നിന്ന് കൃത്യം ഒരു അസ്ട്രോണമിക്കല്‍ യൂണിറ്റാണ് (AU) ഭൂമിയുടെ അകലമെന്ന് പറയാം. അതായത് ഏകദേശം 150 ദശലക്ഷം കിലോമീറ്ററാണ് സൂര്യ നിന്നും ഭൂമിയിലേക്കുള്ള ദൂരം. സൂര്യനില്‍ നിന്നും ഗ്രഹങ്ങളിലേക്കുള്ള ദൂരം അളക്കാനാണ് AU ഉപയോഗിക്കുന്നത്. നമ്മുടെ ഭൂമിയിലേക്ക് സൂര്യനില്‍ നിന്നുള്ള പ്രകാശ രശ്മിക്ക് വരാന്‍ എട്ടു മിനിറ്റാണ് വേണ്ടത്.
സൂര്യനെ വലയം ചെയ്യുന്ന ഭൂമി 23.9 മണിക്കൂര്‍ എടുത്താണ് ഓരോ തവണയും സ്വയം ഭ്രമണം ചെയ്യുന്നത്. അതായത് 365.25 ദിവസങ്ങളാണ് ഒരു തവണ സൂര്യനെ വലം വയ്ക്കാനെടുക്കുന്ന സമയം. ഒരു ദിവസത്തിന്റെ കാല്‍ഭാഗം എല്ലാ വര്‍ഷവും കണക്കാക്കാന്‍ നമ്മുടെ കലണ്ടറില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതു കൊണ്ടാണ് 365 ദിവസം ഒരു വര്‍ഷമായി നമ്മള്‍ കാണുന്നത്. ഇനി നമ്മുടെ കണക്കും ഭൂമിയുടെ കണക്കും തെറ്റാതിരിക്കാനാണ് ഓരോ നാല് വര്‍ഷം കൂടുമ്പോഴും നമ്മള്‍ കലണ്ടറില്‍ ഒരു അധിക ദിവസം ചേര്‍ത്ത് ലീപ് ഇയര്‍ ആയി കണക്കാക്കുന്നത്.
ഇനി നമ്മുടെ ഭൂമിക്ക് ഒരു ഉപഗ്രഹം മാത്രമാണ് ഉള്ളത്, ചന്ദ്രന്‍. നമ്മുടെ ആകാശത്ത് രാത്രി ഏറ്റവും തെളിച്ചത്തോടെയും വ്യക്തമായും കാണാന്‍ കഴിയുന്ന ഏക ഉപഗ്രഹം. ഭൂമിയില്‍ നിന്നും 3,84,400 കിലോമീറ്ററുകള്‍ അകലെയാണ് ചന്ദ്രനുള്ളത്. അതായത് ഭൂമിയെ പോലെ 30 ഗ്രഹങ്ങളെ ചന്ദ്രനും ഭൂമിക്കും ഇടയില്‍ ഉള്‍ക്കൊള്ളിക്കാവുന്ന അത്ര ദൂരമുണ്ട് മറ്റ് ചില ഗ്രഹങ്ങളെപോലെ ഭൂമിക്ക് ചുറ്റും വളയങ്ങളില്ല എന്നതും പ്രത്യേകതയാണ്. ഭൂമിയുടെ പ്രതലത്തിന്റെ 70% ജലമാണ്. ഭൂമിക്ക് പുറത്ത് നമ്മള്‍ കാണുന്ന അഗ്‌നിപര്‍വ്വതങ്ങളെക്കാള്‍ എത്രയോ അധികം സമുദ്രങ്ങളുടെ അടിത്തട്ടിലാണുള്ളത്. ഭൂമിയിലെ ഏറ്റവും നീളമേറിയ പര്‍വ്വത നിരയും സ്ഥിതി ചെയ്യുന്നത് ആര്‍ട്ടിക്-അറ്റ്ലാന്റിക് സമുദ്രത്തിലാണ്.
ഭൂമി നമുക്ക് ശ്വസിക്കാന്‍ ഓക്‌സിജനും കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ ഭക്ഷണവും നല്‍കുന്നു. ഭൂമിയിലുള്ള നമ്മുടെ ആശ്രയം അര്‍ത്ഥമാക്കുന്നത് നാം എപ്പോഴും ഭൂമിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും നാം എല്ലാവരും ഒന്നാണെന്നും ഓര്‍മ്മിപ്പിക്കുന്നു. അതേ നമുക്ക് ആശ്രയിക്കാന്‍ ആകെ ഒരു ഭൂമി മാത്രം. ഭൂമിയെ നാം എന്ത് ചെയ്യണം? ഈ ഭൂമിയെയും അതിലെ സകല ചരാചരങ്ങളെയും നന്ദിയുള്ളവരായി ഉപയോഗിച്ചു ജീവിക്കണം. പൊതു ഭവനമായ ഭൂമി നശിപ്പിക്കാതെയും മലീമസമാക്കാതെയും ഉപയോഗിക്കണം. ഭാവി തലമുറയ്ക്കും ഉപകാരപ്പെടുന്ന വിധത്തില്‍ - അവര്‍ക്ക് സമാധാനമായും സ്വര്യമായും പാര്‍ക്കാവുന്ന ഒരിടമാക്കി ഭൂമിയെ നിലനിര്‍ത്തണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.