പഞ്ചാബ് പ്രവശ്യയിലെ താഴ്ന്ന ജോലി പരസ്യങ്ങളില്‍ മതം ഒഴിവാക്കി; സ്വാഗതാര്‍ഹമെന്ന് പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സമൂഹം

പഞ്ചാബ് പ്രവശ്യയിലെ താഴ്ന്ന ജോലി പരസ്യങ്ങളില്‍ മതം ഒഴിവാക്കി; സ്വാഗതാര്‍ഹമെന്ന് പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സമൂഹം

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയില്‍ ശുചീകരണം ഉള്‍പ്പടെയുള്ള ജോലികള്‍ക്ക് മത സംവരണം ഒഴിവാക്കി. മത സംവരണം ഏര്‍പ്പെടുത്തുന്നത് വഴി ന്യൂനപക്ഷ സമൂദായങ്ങളിലെ ആളുകളിലേക്ക് മാത്രം ഇത്തരം ജോലികള്‍ ചുരക്കപ്പെടുകയും അവരുടെ സാമൂഹ്യ ഉന്നമനത്തിന് ഇത് തടസമാകുകയും ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് പാക്കിസ്ഥാനിലെ പഞ്ചാബ് ജനറല്‍ സര്‍വീസസ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജോലി പരസ്യങ്ങളില്‍ മതം സൂചിപ്പിക്കുന്നത് ഒഴിവാകും. താഴ്ന്ന ജോലികളില്‍ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ക്കെതിരെ പാകിസ്ഥാന്‍ സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ക്രിസ്ത്യന്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ സമൂഹങ്ങളെ അവഹേളിക്കുന്നതാണെന്നായിരുന്നു വിമര്‍ശകരൊക്കെ ഉന്നയിച്ചത്. പുതിയ ഉത്തരവിനെ പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സമൂഹം സ്വാഗതം ചെയ്തു.



മതം തൊഴിലില്‍ നേടുന്നതില്‍ വ്യവസ്ഥയാകരുതെന്ന് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് പീറ്റര്‍ ജേക്കബ് പറഞ്ഞു. ''പാകിസ്ഥാനില്‍ താമസിക്കുന്ന മതന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമായിരുന്നു ഈ വ്യവസ്ഥ. ക്രിസ്ത്യാനികള്‍ക്ക് മാത്രമല്ല, പാര്‍ശ്വത്കരിക്കപ്പെട്ട പാക്കിസ്ഥാനിലെ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടിയാണ് ഞങ്ങള്‍ ശബ്ദം ഉയര്‍ത്തിയത്.'' അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനില്‍ തെരുവുകള്‍, അഴുക്കുചാലുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ വൃത്തിയാക്കുന്ന തൊഴിലാളികളില്‍ 95 ശതമാനവും മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവരാണ്. അതില്‍ കൂടുതലും ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍. പാകിസ്ഥാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 27 (1), പാകിസ്ഥാന്‍ സര്‍ക്കാര്‍ അംഗീകരിച്ച വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള ഐക്യരാഷ്ട്ര കണ്‍വെന്‍ഷന്റെ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ആര്‍ട്ടിക്കിളുകളുടെ ലംഘനമാണിത്. ഇത് മനസിലാക്കിയാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.



ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വിവേചനപരമായ തൊഴില്‍ സമ്പ്രദായം പാക്കിസ്ഥാനില്‍ കാലാകാലങ്ങളായി നിലനിന്നു പോന്നിരുന്നതാണ്. താഴ്ന്നതരം ജോലികളൊക്കെ താഴ്ന്ന ജാതിയിലുള്ള ആളുകള്‍ക്ക് അവര്‍ സംവരണം ചെയ്തു. മുസ്‌ലീം ഭൂരിപക്ഷമുള്ള പാകിസ്ഥാനിലെ ക്രിസ്ത്യാനികള്‍ ജാതി വ്യവസ്ഥയില്‍ ഹിന്ദുക്കളെക്കാളും പിന്നിലാണ്.

പുതിയ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പാകിസ്ഥാനില്‍ നിന്നുള്ള ഫാ. ബോണി മെന്‍ഡസ് പറഞ്ഞു. മത ന്യൂനപക്ഷാംഗങ്ങളെ അപമാനിക്കുന്ന സംസ്‌കാരത്തിന് ഇതോടെ അവസാനമാകുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ഉത്തരവ് പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചാല്‍ വലിയ പ്രതിഷേധങ്ങളുമായി തങ്ങള്‍ക്ക് രംഗത്ത് ഇറങ്ങേണ്ടി വരുമെന്നും ഫാ. ബോണി മെന്‍ഡസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.