ബംഗ്ലാദേശില്‍ കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ഉഗ്ര സ്ഫോടനം; 50 മരണം; നിരവധി പേരുടെ നില ഗുരുതരം

ബംഗ്ലാദേശില്‍ കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ഉഗ്ര സ്ഫോടനം; 50 മരണം; നിരവധി പേരുടെ നില ഗുരുതരം

ധാക്ക: ബംഗ്ലാദേശില്‍ ചിറ്റഗോങ്ങിലെ സീതാകുണ്ഡയില്‍ സ്വകാര്യ ഷിപ്പിംഗ് കണ്ടെയ്‌നര്‍ ഡിപ്പോയിലുണ്ടായ സ്‌ഫോടനത്തില്‍ 49 പേര്‍ക്ക് ദാരുണാന്ത്യം. അഞ്ച് അഗ്നിശമന സേനാംഗങ്ങളും മരിച്ചവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. 450 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ കാണാനില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ശനിയാഴ്ച രാത്രിയാണ് ചിറ്റഗോങ് തുറമുഖത്ത് നിന്ന് 40 കിലോമീറ്റര്‍ അകലെ കദംറസുല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ബി.എം കണ്ടെയ്‌നര്‍ ഡിപ്പോയില്‍ തീപിടിത്തം ആരംഭിച്ചത്. ഡിപ്പോയിലെ കണ്ടെയ്നറുകളിലുണ്ടായിരുന്ന രാസവസ്തുക്കളിലുണ്ടായ പ്രവര്‍ത്തനം പൊട്ടിത്തെറിയില്‍ കലാശിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രാത്രി ഒന്‍പതോടെ തീ അണയ്ക്കാന്‍ അഗ്നിശമന യൂണിറ്റുകള്‍ ശ്രമിക്കുന്നതിനിടെ 11.45ഓടെ ഭീമന്‍ പൊട്ടിത്തെറികള്‍ സംഭവിച്ചെന്നാണ് റിപ്പോട്ട്.

കണ്ടെയ്നറുകള്‍ക്കുള്ളില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് പോലുള്ള നിരവധി രാസ വസ്തുക്കള്‍ ഉണ്ടായിരുന്നതിനാല്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് തീ ആളിപ്പടര്‍ന്നു. ഡിപ്പോയുടെ സമീപത്തെ വീടുകള്‍ക്കും കേടുപാടുകളുണ്ട്. നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളും പൊലീസും നാട്ടുകാരുമാണ് തീപിടിത്തം കണ്ടതോടെ രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടേക്ക് ഓടിയെത്തിയത്. എന്നാല്‍ വന്‍ സ്ഫോടനമുണ്ടായതോടെ ഇവരില്‍ പലരും തീയില്‍പ്പെട്ടു. ചിലര്‍ അവശിഷ്ടങ്ങള്‍ക്കൊപ്പം അകലേക്ക് തെറിച്ചു വീണു.

സമീപത്തെ കെട്ടിടങ്ങളുടെ ജനല്‍ച്ചില്ലകള്‍ തകര്‍ന്നതായും നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ വരെ സ്ഫോടനത്തിന്റെ തീവ്രത അനുഭവപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്. ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന തുണികളും വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ ഡിപ്പോയില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് സൂചന.

അതേസമയം രാസവസ്തുക്കള്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് ഒഴുകുന്നത് തടയാന്‍ മണല്‍ ചാക്കുകളും മറ്റും വിന്യസിക്കാന്‍ സൈന്യമുള്‍പ്പെടെ രംഗത്തുണ്ട്. ഏകദേശം 4,000 കണ്ടെയ്‌നറുകള്‍ ഡിപ്പോയില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

2011ലാണ് ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തിന് സമീപം 21 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കണ്ടെയ്‌നര്‍ ഡിപ്പോ പ്രവര്‍ത്തനം ആരംഭിച്ചത്. അഗ്നിശമന സേനയുടെ 20 ഓളം യൂണിറ്റുകള്‍ ചേര്‍ന്ന് ഇന്നലെ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. തുടര്‍ച്ചയായി പൊട്ടിത്തെറികളുണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. മരണങ്ങളില്‍ അനുശോചനം രേഖപ്പെടുത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രക്ഷാപ്രവര്‍ത്തനം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.