ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളിൽ ലോക മനസാക്ഷി ഉണരണം: കെസിബിസി

ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളിൽ  ലോക മനസാക്ഷി ഉണരണം: കെസിബിസി

കൊച്ചി: നൈജീരിയയില്‍ ക്രൈസ്തവര്‍ ഇസ്ലാമിക ഭീകരരാല്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നത് തുടരുകയാണ്. ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളിൽ ലോക മനസാക്ഷി ഉണരണമെന്ന് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെസിബിസി) വ്യക്തമാക്കി.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇരുപതോളം പേരെ ഐഎസ് ഭീകരര്‍ കഴുത്തറുത്ത് കൊല്ലുന്ന കാഴ്ച ലോകം വലിയ നടുക്കത്തോടെയാണ് കണ്ടത്. കഴിഞ്ഞ മാസങ്ങളിലായി ഒട്ടേറെപ്പേര്‍ വിവിധ ഇടങ്ങളില്‍ വച്ച് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടതിന് പുറമെയാണ് കഴിഞ്ഞ പെന്തക്കുസ്ത തിരുനാളിനോടനുബന്ധിച്ച് ദൈവാലയത്തിലായിരുന്ന അമ്പതിലേറെപ്പേരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. നിരപരാധികളായ അനേകര്‍ ക്രൈസ്തവ വിശ്വാസികളായതിനാല്‍ മാത്രം കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ച അത്യന്തം വേദനാജകമാണെന്ന് കെസിബിസി പറഞ്ഞു.

അനുദിനമെന്നോണം ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ ലോകമെമ്പാടും വര്‍ധിച്ചു കൊണ്ടിരിക്കുന്നത് ലോക രാജ്യങ്ങള്‍ അതീവ ഗൗരവമായെടുക്കേണ്ട വിഷയമാണ്. ഇത്തരം ഭീഷണികളില്‍നിന്ന് നമ്മുടെ നാടും വിമുക്തമല്ല എന്ന സൂചനയാണ് ചില സമീപകാല സംഭവങ്ങള്‍ നല്‍കുന്നത്. ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ ഈ രാജ്യത്തെ സമാധാനകാംഷികളായ പൗരസമൂഹത്തെ ആശങ്കപ്പെടുത്തുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തിൽ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണം. ഈ വിഷയം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യാനുള്ള ആര്‍ജ്ജവം മാധ്യമങ്ങള്‍ക്ക് ഉണ്ടാകണം. പീഡിപ്പിക്കപ്പെടുന്നവരും വധിക്കപ്പെടുന്നവരുമായ ദുര്‍ബ്ബലരോട് പക്ഷം ചേരുവാനും മതമൗലിക വാദത്തെയും ഭീകരപ്രവര്‍ത്തനങ്ങളെയും തുടച്ചുനീക്കുവാനും വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഭരണകര്‍ത്താക്കളെ പ്രേരിപ്പിക്കേണ്ടതിന് മാധ്യമങ്ങളുടെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. ലോക വ്യാപകമായി നടത്തപ്പെടുന്ന ഭീകര പ്രവര്‍ത്തനങ്ങളെ നേരിടുവാന്‍ ലോക രാഷ്ട്രങ്ങള്‍ ഒരുമിക്കണമെന്ന് കെസിബിസി കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.